റംസാന്‍ ദിശ കാട്ടുന്നു
ഹാഫിസ് പി.എച്ച്. അബ്ദുള്‍ ഗഫാര്‍ മൗലവി,ഇമാം, തിരുവനന്തപുരം വലിയപള്ളി Posted on: 15 Sep 2009

സത്യവിശ്വാസികളുടെ ഉള്ളില്‍ ആത്മനിര്‍വൃതിയുടെ കൊച്ചോളങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് പുണ്യ റംസാന്‍ ഒരിക്കല്‍കൂടി എത്തിച്ചേര്‍ന്നിരിക്കുന്നു. നന്മകളുടെ വിത്തുകള്‍ വാരിവിതറി പരലോകത്ത് വിളവെടുപ്പ് നടത്തേണ്ട പുണ്യങ്ങളുടെ പൂക്കാലം നമ്മിലേക്ക് കടന്നുവന്നിരിക്കുന്നു.
ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ദരിദ്രനും സ്വന്തം സമ്പാദ്യത്തിന്റെ വ്യാപ്തി നിര്‍ണയിക്കാന്‍ കഴിയാത്ത നിലയില്‍ സാമ്പത്തിക ശേഷിയുള്ളവനും ഒരുപോലെ വിശപ്പിന്റെ വിളി ആസ്വദിക്കുന്ന കാലമാണ് പുണ്യ റംസാന്‍.
സത്യത്തില്‍ മറ്റിതരമാസങ്ങള്‍ കണക്കാക്കുന്നതുപോലെ റംസാന്‍ ഒരു മാസത്തിന്റെ പേരായി മാത്രം വിലയിരുത്തിക്കൂടാ. തിരിച്ചറിവിന്റെ കാഹളമൂത്താണ്, മാറ്റത്തിന്റെ പ്രഖ്യാപനമാണ് പുണ്യമാസം. ഒരു സംസ്‌കാരത്തിന്റെ വിളംബരമാണ്. മാറ്റാന്‍ കഴിയില്ലായെന്ന് നമ്മള്‍ വിചാരിച്ചിരുന്ന, നമ്മുടെ ജീവിതശൈലിയില്‍ അടിയുറച്ചുപോയ ശീലങ്ങളും പതിവുകളും ചിട്ടകളുമെല്ലാം സര്‍വലോക രക്ഷിതാവിന്റെ തൃപ്തിക്കും കല്പനയ്ക്കും മുന്നില്‍ പരിത്യജിക്കാനുള്ള മനുഷ്യന്റെ ഇഛാശക്തിയാണ് ഈ മാസം.
നാം അല്ലാഹുവിന്റെ അടിമകളാണ്. എന്നാല്‍ ശീലങ്ങളുടെ അടിമകളാണ് എന്നതാണ് കൂടതുല്‍ ശരി. ഒരുപാട് ശീലങ്ങളും പതിവ് ശൈലികളും നമ്മെ കീഴടക്കിയിരിക്കുന്നു. നാടകം കണ്ടിട്ടുള്ളവര്‍ക്കറിയാം ഒരു രംഗം കഴിഞ്ഞ് കര്‍ട്ടന്‍ വീണുകഴിഞ്ഞാന്‍ രംഗസജ്ജീകരണങ്ങള്‍ മാറുന്നു. കഥാപാത്രങ്ങള്‍ മാറുന്നു. അടുത്ത രംഗത്തിന് തിരശ്ശീല ഉയരുമ്പോള്‍ രംഗം അപ്പാടെ മാറിയിരിക്കും.
വിശുദ്ധിയുടെ ഈ ദിനരാത്രങ്ങളില്‍ മുസ്ലിം ലോകത്തിന്റെ സംസ്‌കാരം തന്നെ മറ്റൊന്നാകുന്നു. പതിവുകളും ചിട്ടകളും ഒക്കെ തെറ്റുന്നു. ഊണിന്‍േറയും ഉറക്കത്തിന്‍േറയും സമയവും സന്ദര്‍ഭവും രീതിയും എല്ലാം മാറിമറിയുന്നു. അതുകൊണ്ട് തന്നെ മുസ്ലിം ജനതക്ക്പുതിയ രീതിയും ശൈലിയും ദിശാബോധവും കൈവരുന്ന പവിത്രമാസമാണ് റംസാനിലെ ദിനങ്ങള്‍.
ഭൗതിക വീക്ഷണത്തില്‍ ജനനത്തോടുകൂടി തുടങ്ങുന്ന മനുഷ്യജീവിതം മരണത്തോടെ അവസാനിക്കുകയാണ്. അതനുസരിച്ച് വളരെ ഹ്രസ്വവും ക്ഷണികവുമാണത്. എപ്പോഴാണ് അത് അവസാനിക്കുകയെന്നോ ഏതു നിമിഷമാണ് മരണം കടന്നുവരുന്നതെന്നോ ഒരാള്‍ക്കും നിശ്ചയമില്ല.
അങ്ങനെ വരുമ്പോള്‍ ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഉള്ള ജീവിതത്തില്‍ പരമാവധി സുഖിക്കുക എന്നതായി മാറുന്നു. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അന്തസ്സംഘര്‍ഷങ്ങളും ലഘൂകരിച്ച് ജീവിതം അനായാസമായ ഒന്നാക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീളുന്നു.
ജീവിതലക്ഷ്യം ഇങ്ങനെ ചുരുങ്ങിയപ്പോള്‍ അതിന്നാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുന്നതിലായി അവന്റെ ശ്രദ്ധയും ശ്രമവും. ജീവിതത്തില്‍ വിജയിക്കുക, നേടുക എന്നൊക്കെ പറഞ്ഞാല്‍ അത് ധനം ശേഖരിക്കലും ഉയര്‍ന്ന ജീവിതം നയിക്കലുമാണ് എന്ന സ്ഥിതി വന്നു. പരിഷ്‌കാരത്തിന്റെയും പുരോഗതിയുടെയും അടയാളം ആഡംഭരങ്ങളും ജീവിത സൗകര്യങ്ങളുടെ വര്‍ധനവും ആയി മാറി. മുന്തിയ വീട്, മുന്തിയ വാഹനം, വിലകൂടിയ വീട്ടുപകരണങ്ങള്‍- ഇതൊക്കെയായി മാന്യതയുടെ ചിഹ്നങ്ങള്‍. ഇതൊക്കെ കൈവരിക്കാന്‍ കഴിയുന്നവര്‍ മിടുക്കന്മാരും ഭാഗ്യവാന്മാരും . നിര്‍ഭാഗ്യവാന്മാരും ഒന്നിനും കൊള്ളാത്തവരും ഇക്കാര്യങ്ങളൊക്കെ നേടിയെടുക്കാന്‍ കഴിയാതെ പോയവര്‍.
സമൂഹത്തില്‍ മിടുക്കനാവണമെങ്കില്‍ ധാരാളം സമ്പത്ത് കരസ്ഥമാക്കിയെങ്കിലേ പറ്റൂ എന്ന നിലവന്നുചേര്‍ന്നു. പണം ഉണ്ടാക്കാനായി എന്ത് ഹീനമാര്‍ഗവും അവലംബിക്കാമെന്ന അവസ്ഥയായി. കൈക്കൂലിയോ അഴിമതിയോ, ചതിയോ വഞ്ചനയോ, പലിശയോ, മദ്യ വരുമാനങ്ങളോ, ലോട്ടറിയോ, തട്ടിപ്പോ ഏതു വിധത്തിലെങ്കിലും പണമുണ്ടാക്കുക. എന്നിട്ട് സമൂഹം വലുതായിക്കണക്കാക്കുന്ന വസ്തുക്കളും നേട്ടങ്ങളും കരസ്ഥമാക്കുക. ജനമദ്ധ്യെ മാന്യനായും മിടുക്കനായും വിലസുക. ആധുനിക മനുഷ്യന്റെ മനസ്സ് നമുക്ക് ഇങ്ങനെയൊക്കെ വായിച്ചെടുക്കാം.
സമൂഹത്തിലുണ്ടാകുന്ന മുഴുവന്‍ പ്രശ്‌നങ്ങളുടെയും അടിസ്ഥാനം മനുഷ്യന്റെ മാറിവന്ന ഈ മനോഭാവമാണ്. തിരുവനന്തപുരത്തെ ഒരു പ്രശസ്ത കോളേജിലെ സോഷ്യോളജി വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഇന്റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിക്കുന്ന 90 ശതമാനം കുട്ടികളും അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവരാണെന്ന് കണ്ടെത്തി. കൗമാരക്കാര്‍ വഴിതെറ്റുന്നു. ഹീനവും മ്ലേഛവുമായ വഴിയിലൂടെ കുരുന്നുകള്‍ നയിക്കപ്പെടുന്നു. മയക്കുമരുന്നിന്റെയും മദ്യത്തന്റെയും ഉപയോഗം വല്ലാതെ വര്‍ധിക്കുന്നു. കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി പെരുകുന്നു. പലിശ സര്‍വവ്യാപകമാകുന്നു. കൊലപാതകങ്ങളും ആത്മഹത്യകളും നിത്യേന നടക്കന്നു. പുതിയ പുതിയ രോഗങ്ങള്‍ ഉടലെടുക്കുന്നു. പുതിയ ഭീഷണികളും പ്രശ്‌നങ്ങളും പൊന്തിവരുന്നു. അഗ്‌നിപര്‍വതത്തിന്റെ മുകളിലെന്നപോലെ മനുഷ്യന്‍ അരക്ഷിതനാകുന്നു.
ആഴത്തിലിറങ്ങി ചിന്തിച്ചാല്‍ ഇതിന്റെയെല്ലാം ഹേതു ജീവിതലക്ഷ്യം നിര്‍ണയിക്കുന്നതില്‍ മനുഷ്യര്‍ക്ക് പറ്റിയ പിഴവാണെന്ന് മനസ്സിലാക്കാം. ഇവിടമാണ് റംസാന്‍ കടന്നുവരുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് ഇത്. മനുഷ്യ ജീവിത്തിന്റെ ദിശനിര്‍ണയിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അവന്‍ ആരാണ്? എന്താണ്? എന്തിനാണ് എന്ന് വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു. സൃഷ്ടികളില്‍ ഏറ്റവും ഉത്തമനാണ് മനുഷ്യന്‍. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണവന്‍. ഹ്രസ്വകാലത്തേക്കാണ് ഭൂമിയിലെ വാസം. മരണാനന്തരമാണ് ശാശ്വത ജീവിതം. ഭൗതിക ജീവിതത്തിലെ പ്രവര്‍ത്തനമനുസരിച്ചാണ് പരലോകജീവിതം തീരുമാനിയ്ക്കപ്പെടുക. ആയതിനാല്‍ അല്ലാഹുവിന്റെ കല്പനകള്‍ മുറുകെ പിടിച്ച് സമസൃഷ്ടി സ്നേഹം പുലര്‍ത്തി ഭക്തിയിലധിഷ്ഠിതമായ ജീവിതം നയിക്കുവാന്‍ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു.
ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി വര്‍ഷത്തില്‍ ഒരുമാസം വ്രതമനുഷ്ഠിക്കുവാന്‍ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. വിശുദ്ധ റംസാന്‍ ഒരുപാട് സന്ദേശങ്ങളുമായാണ് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഈ പുണ്യമാസം ഒരു ഉണര്‍ത്തുപാട്ടാണ്. ചുവടുമറക്കരുത് എന്ന് അത് നമ്മെ ഉണര്‍ത്തുന്നു. ഒരു പക്ഷെ, ആകാശത്തിന്റെ അനന്തതയില്‍ നീ എത്തിപ്പെട്ടേക്കാം. ആഴിയുടെ അഗാധതയില്‍ ചെന്നേക്കാം. ഭൂമിയുടെ നിഗൂഢതയില്‍ കടന്നുകയറിയേക്കാം. പക്ഷേ നിന്റെ ചോടുകള്‍ ഭൂമിയിലാണെന്ന് മറക്കരുത്. എന്തൊക്കെ നേടിയാലും ഭൂമിയിലെ ആയുസ്സ് അവസാനിക്കുന്ന നേരം അല്ലാഹുവിന്റെ നാമം ഉച്ചരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നീ നേടിയ സമ്പത്തും പ്രശസ്തിയും അധികാരവും എല്ലാ വൃഥാവിലാണ്. ഇക്കാര്യം മറക്കാതിരിക്കുക.
അമിതാഗ്രഹങ്ങളും അഭിലാഷങ്ങളും അടക്കി നിര്‍ത്താനുള്ള വേളയാണ് റംസാന്‍. വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും ചിരിയിലും ചിന്തയിലും നിയന്ത്രണം പാലിക്കേണ്ട കാലം. ആഹാരത്തിലും സമ്പത്ത് ചെലവാക്കുന്നതിലും മിതത്വം പാലിക്കേണ്ട സന്ദര്‍ഭം. സമസൃഷ്ടി ബന്ധവും സാഹോദര്യവും കുടുംബബന്ധവും ഊട്ടിയുറപ്പിക്കേണ്ട മാസം.