Mathrubhumi Logo
  ramzan

ആത്മീയതയുടെയും ആദരവിന്റെയും കാലം

സോഫിയ അഷറഫ് , ഫ്രീലാന്‍സ് ഡിസൈനര്‍ -ചെന്നൈ Posted on: 15 Sep 2009

റംസാന്‍ : നോമ്പിന്റെ വിശുദ്ധമാസം. മാനവരാശിക്ക് ഖുര്‍ആന്‍ വെളിപ്പെടുത്തപ്പെട്ട മാസം. മതസൗഹാര്‍ദത്തിന്റെയും പാരസ്​പര്യത്തിന്റെയും മാസം. റംസാന്‍ എനിക്കൊരു സഞ്ചാരമാണ്. ദൈവത്തിലേക്കുള്ള സഞ്ചാരം. ഒരുവര്‍ഷം മഴുവന്‍ 'ഞാന്‍ അത് പിന്നീട് നിര്‍വഹിക്കും' എന്ന നിലപാടെടുത്തശേഷം ആത്മീയകര്‍മത്തിലേക്കുള്ള സഞ്ചാരം. ചെലവേറിയ ഒരു തീര്‍ഥാടനത്തിനേക്കാളും, ആര്‍ഭാടപൂര്‍ണമായ ഒരാഘോഷത്തിനേക്കാളും നമ്മെ നമ്മുടെ സ്രഷ്ടാവിനോടടുപ്പിക്കാനാകും എന്ന് നമ്മള്‍ അറിയുന്ന നിമിഷങ്ങള്‍.
റംസാന്‍ കാലത്ത് ഇബ്‌ലീസിനെ ചങ്ങലകളാല്‍ ബന്ധിക്കുന്നുവെന്നാണ് വിശ്വാസം. അത് ഭൗതികമോ സാങ്കല്പികമോ ആയ ചങ്ങലയാവാം. എന്നെ സംബന്ധിച്ചിടത്തോളം പ്രതീകാത്മകമായ ഒരു ബന്ധനമാണത്. ഇബ്‌ലീസിനെ ബന്ധിക്കുന്ന ചങ്ങലകള്‍ മനുഷ്യരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം. നമ്മള്‍ മനുഷ്യര്‍ എപ്പോഴും നമ്മുടെ മനഃശക്തിയെ നിസ്സാരവല്‍ക്കരിക്കുകയാണ്.

ഒരിക്കലും മാറ്റിനിര്‍ത്താനാവില്ലെന്ന് കരുതിയിരുന്നവയില്‍നിന്ന് ഒരു മാസം മാറിനില്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നത് ഞാന്‍ അറിയുന്നു. 'ഞാന്‍ ഇങ്ങനെയാണ്; ഇതെന്റെ പ്രകൃതമാണ്; ഇതെന്റെ ജനിതകരേഖകളിലുള്ളതാണ്; ഇതൊന്നും മാറ്റാനാവില്ല' എന്ന പല്ലവി നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. പക്ഷേ, പാറപോലെയുറച്ച ദൃഢനിശ്ചയത്തോടെ ഒരുമാസം നമ്മള്‍ നിലയുറപ്പിക്കുമ്പോള്‍ ദീനിന്റെ മുന്നില്‍ ഒരു ഒചഎ യും ഒന്നുമല്ലെന്നും ഏത് ഇബിലീസിനെയും ഇബാദാ (ആരാധന) കൊണ്ട് തകര്‍ക്കാനാവുമെന്നും നമ്മള്‍ അറിയുന്നു.

ഈ മാസം ഞാന്‍ കോഫി പബ്ബുകളില്‍ പോകാറില്ല, ചങ്ങാതികളുമൊത്ത് റസ്റ്റോറന്റുകളിലേക്കുള്ള യാത്രകളും ഇല്ലാതാകുന്നു. പൊടുന്നനെ എന്തിനും എല്ലാത്തിനും സമയമുണ്ടെന്ന്ഞാന്‍ അറിയുന്നു. ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള സമയം. ഈ വിശുദ്ധമാസത്തില്‍ സത്കര്‍മത്തിന് ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയായിരിക്കും പ്രതിഫലമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ പോയിന്റുകള്‍ നേടുന്നതിനുള്ള വല്ലാത്തൊരു പാച്ചിലാണിത്.

വീട്ടില്‍ ശരിക്കുമൊരു മത്സരമാണ് ഈ സമയം. ആരാണ് ആദ്യം ഖുര്‍ആന്‍ വായിച്ച് തീര്‍ക്കുകയെന്ന് ഞാനും ഉമ്മയും എന്റെ സഹോദരിയും തമ്മില്‍ പൊരിഞ്ഞ മത്സരമായിരിക്കും. ഉമ്മുമ്മയെ മാത്രം ഈ മത്സരത്തില്‍ ചേര്‍ക്കില്ല. ഞങ്ങള്‍ ഒരു പ്രാവശ്യം വായിച്ചുകഴിയുമ്പോഴേക്കും ഉമ്മുമ്മ മൂന്നുതവണ ഖുര്‍ആന്‍ വായിച്ചുകഴിഞ്ഞിരിക്കും. പ്രായവും ബുദ്ധിയും ഒന്നിക്കുമ്പോള്‍ അതിനെ മറികടക്കുക അത്ര എളുപ്പമല്ല.

പുലര്‍ച്ചെ 'അത്തായ'ത്തിനുള്ള ഉണരലാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനം. ഒരു കപ്പ് കഞ്ഞി അല്ലെങ്കില്‍ കുറച്ച് പിസ്ത-അതിനപ്പുറത്തേക്ക് എനിക്കാവില്ല. ഭക്ഷണം കഴിഞ്ഞാല്‍ പ്രാര്‍ഥനയ്ക്ക് മുമ്പ് അരമണിക്കൂറുണ്ട്. പ്രഭാതത്തിലെ ഈ സമയമാണ് ചിന്തയെയും കര്‍മത്തെയും ഉത്തേജിപ്പിക്കുന്ന ഏറ്റവും നല്ല സമയം. വാസ്തവത്തില്‍ ഈ കുറിപ്പ് ഞാനെഴുതുന്നത് 'അത്തായം' കഴിഞ്ഞുള്ള ഈ ഇടവേളയിലാണ്. ഇനിയിപ്പോള്‍ ഉപ്പയുടെ രംഗപ്രവേശമാണ്. ഖുര്‍ആന്‍ അടച്ചുവെച്ച് പ്രാര്‍ഥനയ്ക്ക് സമയമായി എന്നാണ് അതിന്റെ സൂചന. ഒരുപക്ഷേ, റംസാനില്‍ ഒരു മുസ്‌ലിം വീട്ടിലെ ഏറ്റവും നല്ലകാര്യം ഇതാകാം. പ്രാര്‍ഥിക്കാന്‍ സമയമായി, നോമ്പുമുറിക്കാന്‍ സമയമായി എന്നൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ആരെങ്കിലുമുണ്ടാകും. തീന്‍മേശയ്ക്കരികില്‍ കൈയില്‍ ഈന്തപ്പഴങ്ങളുമായി, നിങ്ങള്‍ വരാന്‍ വൈകിയാല്‍ ഗേറ്റിനടുത്തേക്ക് വാത്സല്യം നിറഞ്ഞ കണ്ണുകളോടെ ആരെങ്കിലുമൊരാള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും.

നമുക്ക് പ്രിയങ്കരമായ സംഗതികള്‍ നമുക്ക് കൂടുതല്‍ പ്രിയപ്പെട്ട ദൈവത്തിനുവേണ്ടി ത്യജിക്കുന്നതാണ് റംസാന്‍. ലോകത്തുള്ള എല്ലാ മുസ്‌ലീങ്ങളും ഇതേ ത്യാഗം നടത്തിക്കൊണ്ടിരിക്കുകയാണെന്നതാണ് റംസാനെ സവിശേഷമാക്കുന്ന മറ്റൊരു ഘടകം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വലിയൊരു തുടര്‍ച്ചയില്‍ നമ്മളും കണ്ണികളാവുന്നു. ഒന്നിച്ച് അത്താഴം കഴിക്കുന്ന കുടുംബം ഒന്നിച്ച് നില്‍ക്കും എന്നു പറയുന്നതുപോലെ ഒന്നിച്ച് നോമ്പുമുറിക്കുന്ന കുടുംബം ഒന്നിച്ച് വളരുന്നു - ആത്മീയമായും വൈകാരികമായും.
തനിച്ച് നോമ്പുമുറിക്കേണ്ടിവന്നിട്ടുള്ള നാളുകള്‍ എനിക്ക്എണ്ണിപ്പറയാനാവും.ചലനമറ്റ ഫോണുകള്‍, അടച്ചുവെച്ച പുസ്തകങ്ങള്‍-എന്റെ വീട്ടില്‍ ഇത് ആഴമാര്‍ന്ന ധ്യാനത്തിന്റെ കാലമാണ്. ആത്മീയമായ നിശ്ശബ്ദത ഈ വീടിനുമേല്‍ ഇപ്പോള്‍ അതിന്റെ കമ്പളം പുതയ്ക്കുന്നു.









ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss