Mathrubhumi Logo
  ramzan

ദൈവികം,നൈതികം, മാനവികം

എം.പി. അബ്ദുസ്സമദ് സമദാനി Posted on: 15 Sep 2009

ആധുനികമനുഷ്യന്‍ എങ്ങോട്ടാണ് കൂപ്പുകുത്തുന്നത്? ആത്മവിസ്മൃതിയുടെ ആഴങ്ങളിലേക്ക് അവന്‍ ആപതിക്കുകയാണോ? മൂല്യനിരാസത്തിന്റെ ഈ തീരാക്കയങ്ങളില്‍നിന്ന് എങ്ങനെയാണ് അവനൊരു മോചനം സാധ്യമാകുക?

ഭൂമുഖത്ത് മാനവസംസ്‌കൃതിയെ സാര്‍ത്ഥകമാക്കിയ പരമപ്രധാനമായ അതിന്റെ അടിസ്ഥാനങ്ങളാണ് ഒന്നൊന്നായി നാമാവശേഷമാകുന്നത്. ദൈവികമായ മാര്‍ഗദര്‍ശനത്തിലൂടെ മാനവതയ്ക്ക് ലഭ്യമായ പ്രകാശത്തില്‍ പ്രതിഷ്ഠാപിതമായിരുന്നു ആ അടിസ്ഥാനങ്ങള്‍. മനുഷ്യ ചരിത്രത്തില്‍ നൈതികമൂല്യങ്ങളുടെ പിറവി അങ്ങനെയാണ് സംഭവിച്ചത്. അതിന്റെ ശോഷണത്തോടെ മാനവനും സംസ്‌കൃതിയും ഒരുപോലെ ദുര്‍ബലമാകുന്ന കാഴ്ചയാണ് ഇന്നത്തെ ലോകത്തെങ്ങും ദൃശ്യമാകുന്നത്.
ആധുനികകാലത്ത് സേ്ഫാടനാത്മകമാംവിധം വികാസം പ്രാപിച്ച ശാസ്ത്രവിജ്ഞാനത്തിന്റെ വളര്‍ച്ച മനുഷ്യ ജീവിതത്തെ അടിമുടി സ്വാധീനിക്കാന്‍ പര്യാപ്തമായി. ജീവിതഗതിയെ സരളവും സുന്ദരവുമാക്കുന്നതില്‍ ശാസ്ത്രം വഹിച്ച പങ്ക് അനിഷേധ്യമാണ്. പ്രപഞ്ചസ്വത്വത്തോടുള്ള മനുഷ്യസ്വത്വത്തിന്റെ പാരസ്​പര്യം നിര്‍ണ്ണയിക്കുന്നതിലും അത് സുപ്രധാനമായ പങ്ക് വഹിച്ചു. പ്രപഞ്ച വിജ്ഞാനത്തിന്റെ നിഗൂഢതകളിലേക്ക് പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്മാര്‍ കാട്ടിത്തന്ന വെളിച്ചം ആധുനികമനുഷ്യന്റെ ജീവിതഘടനയെ രൂപകല്പന ചെയ്ത സുശക്തമായൊരു ഘടകമായി എന്നതാണ് വാസ്തവം.

ദൈവികമഹത്ത്വത്തിന്റെ ദര്‍പ്പണമാണ് പ്രപഞ്ചം. അവന്റെ സൃഷ്ടിവിലാസത്തിന്റെയും കാരുണ്യമാഹാത്മ്യത്തിന്റെയും നിദര്‍ശനമാണത്. ദൈവം-മനുഷ്യന്‍-പ്രപഞ്ചം എന്ന ത്രികോണവ്യവസ്ഥയിലെ തത്ത്വത്രയത്തിന്റെ പരസ്​പര ബന്ധത്തില്‍ ശാസ്ത്രവിജ്ഞാനം പ്രാമുഖ്യം നേടിയത് സ്വാഭാവികമായിരുന്നു. പ്രപഞ്ചത്തെസ്സംബന്ധിച്ച പൊരുളുകളുടെ പാരാവാരത്തിലേക്ക് ശാസ്ത്രം നല്‍കിയ സജ്ജീകരണങ്ങളുമായി ഊളിയിട്ട മാനവന്‍ മുങ്ങിത്തപ്പിക്കൊണ്ടുവന്ന മുത്തുകളും രത്‌നങ്ങളും മറ്റു നിധികളും യഥാര്‍ത്ഥത്തില്‍ സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവത്തെയും അവന്റെ സൃഷ്ടിവൈഭവത്തെയും മനസ്സിലാക്കാന്‍ സഹായിക്കുന്ന അറിവുകളാണ് പ്രദാനം ചെയ്തത്. അതായത് ദൈവിക വചനങ്ങള്‍ക്കുള്ള ശക്തവും സുന്ദരവുമായ വ്യാഖ്യാനങ്ങള്‍.

പ്രപഞ്ചം മിഥ്യയല്ല. അത് ശാശ്വതമല്ലെങ്കിലും യഥാര്‍ത്ഥമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ദൈവം പ്രപഞ്ചത്തെ വൃഥാ സൃഷ്ടിച്ചതല്ലെന്നും ദൈവികഗ്രന്ഥം പലവുരു സൂചിപ്പിക്കുന്നുണ്ട്. പ്രപഞ്ചസത്യത്തിന്റെ മഹിമയിലേക്ക് മനുഷ്യചിന്തയെ തട്ടിയുണര്‍ത്തുന്ന സൂക്തങ്ങള്‍ ഖുര്‍ആനില്‍ നിരവധിയാണ്. ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രഗോളങ്ങളും മാത്രമല്ല പ്രകൃതിയിലെ രാവും പകലും ഇടിയും മിന്നലും കാറ്റും മഴയും കടലും പുഴയും മുത്തും പവിഴവും ഒട്ടകവും എട്ടുകാലിയും പശുവും ആടും തേനീച്ചയും ഉറുമ്പുമെല്ലാം വ്യത്യസ്തസന്ദര്‍ഭങ്ങളിലായി പരിശുദ്ധഗ്രന്ഥം പരാമര്‍ശിക്കുന്നു. മനുഷ്യനെക്കുറിച്ചറിയാന്‍ മനുഷ്യനെത്തന്നെ പഠിച്ചാല്‍ മതിയെന്നായിരുന്നു സോക്രട്ടീസിന്റെ നിലപാട്. പൗരാണിക യവനചിന്തയുടെ അപക്വമായ ഈ പരികല്പനയ്ക്ക് വിരുദ്ധമാണ് വിശ്വവിശാലമായ ഈ ഖുര്‍ആനിക സമീപനം.

എന്നാല്‍ മനുഷ്യന്റെ ലോഭവും ലാഭേച്ഛയും അവന്റെ ശാസ്ത്രബോധത്തില്‍ വിഷം കലര്‍ത്തി. വഴിവിട്ട ഗവേഷണങ്ങളും പരീക്ഷണങ്ങളും പാളിച്ചകളായി. മനുഷ്യന്റെ മഹിമയും പ്രകൃതിയുടെ തനിമയും കളഞ്ഞുകുളിച്ച് ലക്കുംലഗാനുമില്ലാതെ മുന്നോട്ടുപോയ ശാസ്ത്രാന്വേഷണങ്ങള്‍ മനുഷ്യന്‍ പാര്‍ക്കുന്ന ഭൂമിയിലും അവന്‍ സദാ ബന്ധപ്പെട്ടുനില്ക്കുന്ന പ്രകൃതിയിലും വലിയ വിനകള്‍ക്ക് വഴിവെച്ചു. അത്തരം അന്വേഷണങ്ങള്‍ കടിഞ്ഞാണില്ലാത്ത കുതിരയായപ്പോള്‍ ശാസ്ത്രവും അതില്‍ ആരൂഢനായ മനുഷ്യനും തോറ്റുപോയതിന്റെ ദുരന്തപര്യവസായിയായ രംഗമാണ് ആഗോളതലത്തില്‍ ഇന്ന് ദൃശ്യമാകുന്നത്. പ്രാപഞ്ചികനീതിയും ദൈവികമാര്‍ഗദര്‍ശനത്തില്‍ അധിഷ്ഠിതമായ നേരായ അറിവും മനുഷ്യന്റെ ഏതുവ്യവഹാരത്തെയും നയിക്കേണ്ടതുണ്ട്. ഇരുമ്പും തുലാസും ഗ്രന്ഥവും വിശുദ്ധ ഖുര്‍ആന്‍ പ്രതീകങ്ങളായി അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. ത്രാസും പുസ്തകവും നഷ്ടമായപ്പോള്‍ ഇരുമ്പിന് തുരുമ്പ് പിടിച്ചതാണ് ഇന്ന് ശാസ്ത്രത്തിന്റെ അവസ്ഥ.

വ്യവസായവല്‍ക്കരണം മുതല്‍ ആഗോളവല്‍ക്കരണം വരെയുള്ള പ്രതിഭാസങ്ങള്‍ക്കെല്ലാം മനുഷ്യനിന്ദയുടെ ഒരു മുഖമുണ്ടെന്ന തിരിച്ചറിവ് ഇന്ന് ഏറെക്കുറെ വ്യാപകമാകുന്നുണ്ട്. സമ്പദ്‌കേന്ദ്രീകൃതമായ വ്യവസ്ഥിതിയില്‍ മനുഷ്യത്വത്തിന് പ്രസക്തി കണ്ടെത്താന്‍ ശ്രമിക്കുന്നത് മൗഢ്യമാണ്. അവിടെ പണത്തിനാണ് മുന്‍തൂക്കം. സാമ്പത്തികമായ ലാഭനഷ്ടത്തിന്റെ കണക്കെടുപ്പാണ് ജീവിതം. ശുഷ്‌കമായ ഗണിതമാണത്. അതില്‍ കവിത തിരയുന്നതിനര്‍ത്ഥമില്ല. മനുഷ്യന്റെ ആര്‍ത്തി വേണ്ടുവോളം വിപത്ത് വിതച്ചുകഴിഞ്ഞു. ആഗോളവല്‍ക്കരണത്തോടൊപ്പം ആഗോളതാപനവും കൂടി ചര്‍ച്ചചെയ്യാന്‍ ആധുനിക മനുഷ്യന്‍ നിര്‍ബന്ധിതനായിരിക്കുന്നു. പ്രകൃതിയുടെ ചുട്ടുപൊള്ളുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ മാനവ ജീവിതത്തിന് നേരെ വന്‍വെല്ലുവിളികളാണുയര്‍ത്തുന്നത്. ആഗോളതാപനം ഹേതുവായി മഞ്ഞുമലകള്‍ ഉരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യാന്‍ തുടങ്ങിക്കഴിഞ്ഞു. മറുവശത്ത് മനുഷ്യന്റെ ക്രൂരതകള്‍ക്കിരയായി നദികള്‍ പലതും വറ്റിപ്പോയി. അവന്‍ സൃഷ്ടിച്ച മലിനീകരണം ഭൂമിയില്‍പ്പോലും ഒതുങ്ങിനിന്നില്ല. അത് വാനത്തോളം പോയി ഓസോണ്‍ലെയറില്‍ സുഷിരങ്ങള്‍ വീഴ്ത്തി. തത്ഫലമായി ഭൂമിയില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ മാനവരാശിക്ക് മാരകമായ രോഗങ്ങള്‍ നല്‍കിവരുന്നു. ആകാശത്തെ 'സുരക്ഷിതമായ മേല്‍ക്കൂര' എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചതിന്റെ ആന്തരാര്‍ത്ഥങ്ങള്‍ ഇക്കാലത്ത് കൂടുതല്‍ ചിന്തനീയമായിത്തീരുന്നു.

പ്രകൃതിയോടുള്ള പാരസ്​പര്യത്തില്‍ വരുത്തിയ പിഴവുകളാണ് ആധുനികമനുഷ്യന്റെ ജീവിതത്തില്‍ പല അനര്‍ത്ഥങ്ങള്‍ക്കും നിമിത്തമായത്. മനുഷ്യന്റെ ഉറ്റചങ്ങാതിയായ പ്രകൃതിയെ തോല്‍പ്പിച്ച് കീഴടക്കേണ്ട എതിരാളിയായി കണ്ടത് കടുത്ത അക്രമങ്ങള്‍ക്ക് വഴിവെച്ചു. നിരന്തരമായി പ്രകൃതിയെ തന്റെ ദുരയ്ക്ക് ഇരയാക്കുകയായിരുന്നു 'നാഗരികനും' 'പരിഷ്‌കാരി'യുമായ മനുഷ്യന്‍. സഹിച്ചുമടുത്തപ്പോള്‍ മിത്രമായിരുന്ന പ്രകൃതി രൗദ്രഭാവം പൂണ്ട് ശത്രുവായി മാറി. സുനാമികള്‍ അതിന്റെ ബാക്കിപത്രങ്ങളായി. പരിസ്ഥിതി എന്നത് തനിക്ക് നില്‍ക്കാനുള്ള ഇടമാണെന്നും തന്റെ ജീവിതത്തിന്റെ പരിസ്ഥിതി തന്നെയാണെന്നും മനുഷ്യനെ പഠിപ്പിക്കാന്‍ സാധിക്കാതെപോയ അവന്റെ ആധുനിക ബോധനശാസ്ത്രങ്ങളെല്ലാം വിഫലമായി.

പിഴച്ചത് ശാസ്ത്രത്തിനല്ല, അത് കൈകാര്യംചെയ്ത മനുഷ്യനാണ്. മനുഷ്യന്റെ ബുദ്ധിയും യുക്തിയും അതിരുകടന്നപ്പോള്‍ അവന്റെ ഹൃദയം പിന്‍വാങ്ങിയതാണ് പരിതോവസ്ഥയ്ക്ക് കാരണമായത്. ബുദ്ധി ചിന്തിക്കുകയും കണക്കുകൂട്ടുകയും ചെയ്യുന്നു. ഹൃദയമാകട്ടെ, വികാരം കൊള്ളുകയും കോരിത്തരിക്കുകയും ചെയ്യുന്നു. ശാസ്ത്രം ബുദ്ധിയുടെ വ്യവഹാരമാണെങ്കിലും അതിന് ഹൃദയത്തിന്റെ ഒരു മാര്‍ഗ്ഗദര്‍ശനവും പിന്‍ബലവും ആവശ്യമായിരുന്നു. ഹൃദയം പകര്‍ന്നേക്കുന്ന ഉള്‍വെളിച്ചത്തില്‍ വേണമായിരുന്നു ശാസ്ത്രജ്ഞന്‍ തന്റെ മനനത്തിന്റെ സഞ്ചാരപഥങ്ങള്‍ തീര്‍ക്കാന്‍. മാനവന്റെ സ്വയംകൃതമായ വന്‍ കഷ്ടപ്പാടുകളുടെ ഭാഗികമായ കാരണം യുക്തിപൂജയാണെന്ന ദെരീദയുടെ നിഗമനം ശ്രദ്ധേയമാണ്. സൂര്യന്റെ രശ്മികള്‍ പിടിച്ചടക്കിയ മനുഷ്യന് സ്വന്തം ഇരുണ്ടരാവിനൊരു പ്രഭാതം പ്രദാനംചെയ്യാന്‍ കഴിയാതെ പോയെന്ന അല്ലമാ ഇഖ്ബാലിന്റെ കാവ്യശകലം ഈ പ്രതിസന്ധിയെ ആണ് ആവിഷ്‌കരിക്കുന്നത്.

ഉണങ്ങിവരണ്ട തത്ത്വചിന്തയ്ക്ക് മനുഷ്യനെ രക്ഷിക്കാനാവില്ല. മറ്റൊരു കടിഞ്ഞാണില്ലാത്ത കുതിരയാണത്. ഏതുവഴിക്കും ഓടും. ഏത് പുറമ്പോക്കിലും മേയും. അരിസ്റ്റോട്ടിലിന് മനുഷ്യന്റെ വീര്യത്തിലും അവന്റെ ആനന്ദത്തിലും മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ. പ്രകൃതിയെയും പ്രപഞ്ചത്തെയും ഉള്‍ക്കൊള്ളുന്ന വീക്ഷണവിശാലതയുടെ അഭാവം പാശ്ചാത്യതത്ത്വചിന്തയുടെ അടിസ്ഥാനത്തില്‍തന്നെ പ്രകടമാണ്. മനുഷ്യനെ സംബന്ധിച്ചുള്ള തത്ത്വശാസ്ത്രവിചാരങ്ങളും വികലമായിരുന്നു. സ്ത്രീകളുടെ പല്ലുകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണെന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ ധാരണ.

ശാസ്ത്രവും ശാസ്ത്രബോധവും പാശ്ചാത്യമോ പൗരസ്ത്യമോ അല്ല. ലോകത്തെവിടെയും മനുഷ്യന്റെ കൂടപ്പിറപ്പായി പ്രപഞ്ചപ്പൊരുളറിയാനുള്ള കൗതുകമുണ്ടായിരുന്നു. അതുതന്നെയാണ് ശാസ്ത്രാന്വേഷണമായും ശാസ്ത്രവിജ്ഞാനമായും പരിണമിച്ചത്. സ്രഷ്ടാവിലേക്കുള്ള പാത സുലളിതമാക്കാന്‍ അത് മനുഷ്യനെ സഹായിച്ചു. ''ദൈവം രചിച്ച മറ്റൊരു പുസ്തകം മാത്രമാണ് പ്രകൃതി; എല്ലാ സത്യത്തിന്റെയും രചയിതാവ് ദൈവം തന്നെയാകുന്നു'' എന്ന് ഗലീലിയോ(1564-1642) പറയുകയുണ്ടായി. 'ആകാശങ്ങള്‍ ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്നു' എന്നാണ് ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ജോഹന്നസ് കെപ്പര്‍(1511-1630) പ്രസ്താവിച്ചത്. ''ഏകദൈവമാണ് ലോകം സൃഷ്ടിച്ചത്; അതുകൊണ്ട് മുഴുവന്‍ പ്രകൃതിയെയും ഒരു ഏകകമായിവേണം വ്യാഖ്യാനിക്കാന്‍'' എന്നായിരുന്നു മൈക്കള്‍ ഫാരഡെയുടെ (1791-1867) അഭിപ്രായം. ലൂയി പാസ്ചര്‍ (1822-1895) പറഞ്ഞു. ''കുറഞ്ഞ ശാസ്ത്രം നിങ്ങളെ ദൈവത്തില്‍നിന്ന് അകറ്റുന്നു. അധികം ശാസ്ത്രം നിങ്ങളെ ദൈവത്തിലെത്തിക്കുന്നു''. 'സൃഷ്ടി മാത്രമാണ് ശാസ്ത്രീയമായ ഏക വ്യാഖ്യാനം' എന്ന ന്യൂട്ടന്റെ (1642-1727) പ്രഖ്യാപനം അദ്ദേഹത്തിന്റെ കാലശേഷം കൂടുതല്‍ പ്രസക്തിയാര്‍ജിക്കുന്നതും കാണാന്‍ സാധിക്കുന്നു. വിശ്വാസിയല്ലാത്തൊരു ശാസ്ത്രജ്ഞനെ തനിക്ക് വിഭാവനം ചെയ്യാന്‍ കഴിയില്ലെന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ (1879-1955) പറയുകയുണ്ടായത്.

ആഗോളവത്കരണകാലം ഭൂമിയെ ഒരു ആഗോള സൂപ്പര്‍ മാര്‍ക്കറ്റാക്കി. ഉപഭോഗസംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യബന്ധങ്ങള്‍ ശിഥിലമായി ഒഴുകിപ്പോയി. മാതാവും പിതാവും പെണ്ണും പൈതലും അയല്‍വാസിയും ഈ വാണിഭത്തില്‍ ഒന്നുമല്ലാതായി. വിപണിയില്‍ വസ്തുക്കള്‍ക്കെല്ലാം വില വര്‍ധിക്കുമ്പോള്‍ മനുഷ്യന് മാത്രം വിലയിടിയുന്നു. ജീവിതം സുഗമവും സുഖദവുമാകുന്ന സാധനസാമഗ്രികളും സജ്ജീകരണങ്ങളും ഒരുക്കിവെച്ചിട്ടുള്ള മനുഷ്യന്റെ വാസസ്ഥാനങ്ങളില്‍ സ്നേഹമല്ലാത്തതെല്ലാം ലഭ്യമാണ്. കാരുണ്യത്തിന്റെ നീരോട്ടമില്ലാത്ത വീടുകളില്‍ സകലസൗകര്യങ്ങള്‍ക്കും മദ്ധ്യേ ആധുനികമനുഷ്യന് ശ്വാസംമുട്ടുന്നു. മാനവരാശി പാര്‍ക്കുന്ന ഭവനമായ ഭുവനമാകെ മനുഷ്യന്റെ ഹൃദയതാളത്തിനായി കാതോര്‍ക്കുകയാണ്. കുന്നും മലയും കാടും കാറ്റും പുഴയും കടലും സ്നേഹരാഗത്തിന്റെ ആ നവതാളം മീട്ടാന്‍ തുടിക്കുന്നു. അവതാളങ്ങള്‍ക്ക് അന്ത്യംകുറിക്കാന്‍ ഈ ഹൃദയതാളത്തിന് മാത്രമേ സാധ്യമാകൂ. പ്രപഞ്ചഹൃദയം അതിനായി ത്രസിക്കുന്നു.ആ സ്നേഹഗീതം മാനവത്വത്തിന്റെ ഉണര്‍ത്തുപാട്ടായിരിക്കും. ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിക്കപ്പെട്ട് നിരപരാധികള്‍ കൊല്ലപ്പെട്ടുവെന്നു കേട്ടപ്പോള്‍ ഐന്‍സ്റ്റൈന്‍ (1879-1955) പ്രസ്താവിച്ചു: 'എല്ലാം മറക്കുക, മാനവികതയെ മാത്രം ഓര്‍ക്കുക'

ആഗോളവത്കരണം വന്നു. അതിന്റെ വര്‍ണ്ണപ്പൊലിമയും കണ്ടു. അതിന്റെ കുത്തൊഴുക്കില്‍ നമ്മുടെ മണ്ണും പ്രദേശവും ആകാശവും വായുവും വെള്ളവും ആഹാരവും ചെടികളും കിളികളും പുഴകളും പൂക്കളും നഷ്ടപ്പെടാതെ നോക്കാനുള്ള ജാഗ്രത ആവശ്യമായിരിക്കുന്നു. വൈവിധ്യത്തിന്റെ വര്‍ണ്ണശബളിമയെയും ബഹുസ്വരതയുടെ ശ്രുതിമാധുര്യത്തെയും സംരക്ഷിക്കാന്‍ ആവശ്യമായ സാംസ്‌കാരികബോധവും അനിവാര്യമായിരിക്കുന്നു. അതിന് സഹായകമായ മാനവവത്കരണമാണ് ഇനി വേണ്ടത്. മനുഷ്യനും മനുഷ്യത്വത്തിനും വില കല്പിക്കപ്പെടുന്ന അത്തരമൊരു മാനവികത ദൈവകേന്ദ്രീകൃതമായിരിക്കും. കാരുണ്യവാനായ ദൈവത്തെ തള്ളിക്കളഞ്ഞ ഭൗതികപ്രമത്തതയും പദാര്‍ത്ഥവാദവും യുക്തിപൂജയുമാണ് മനുഷ്യന്റെ ആത്മീയവും ധാര്‍മികവുമായ തകര്‍ച്ചയ്ക്ക് വഴിവെച്ചത്. ദൈവദത്തമായ നൈതികമൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ് മാനവന്റെ രക്ഷാമാര്‍ഗ്ഗം.

പ്രമുഖ ശാസ്ത്രജ്ഞന്മാരില്‍ മഹാഭൂരിപക്ഷവും ദൈവത്തില്‍ വിശ്വസിച്ചവരും അവനെ പ്രകീര്‍ത്തിച്ചവരുമായിരുന്നു. വിശ്വവിശ്രുത ശാസ്ത്രജ്ഞന്‍ സര്‍ ഐസക് ന്യൂട്ടന്റെ ഈ വരികള്‍ ഏതു കവിതയേക്കാളും മനോഹരമായിരിക്കുന്നു. ''അവന്‍ (ദൈവം) അനശ്വരനും ശാശ്വതികനുമായിരിക്കുന്നു. അനന്തതയില്‍നിന്ന് അനന്തതയിലേക്ക് അവന്റെ കാലം നീളുന്നു. അവന്റെ സാന്നിധ്യവും അനന്തതയില്‍തന്നെ. അവന്‍ എല്ലാം ഭരിക്കുന്നു. എല്ലാം അറിയുന്നു. അവന്‍ അനശ്വരനും ശാശ്വതികനുമാണ്... അവന്‍ എന്നെന്നും നിലനില്‍ക്കുന്നു. എവിടെയും സന്നിഹിതനാകുന്നു. എങ്ങും എപ്പോഴും നിലകൊണ്ട് അവന്‍ സ്ഥലവും കാലവും രൂപവത്കരിക്കുന്നു... വസ്തുക്കളില്‍ പ്രകടമാകുന്ന അവന്റെ അതീവ ബുദ്ധിപരവും അത്യുല്‍കൃഷ്ടവുമായ നിര്‍മാണചാതുരിയിലൂടെയാണ് അവനെ നാം അറിയുന്നത്... അവന്റെ ദാസന്മാരായി നാം അവനെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു''.

ദൈവകേന്ദ്രീകൃതമായ മാനവികതാബോധത്തില്‍ മനുഷ്യന്റെ പ്രകൃതിയും പ്രപഞ്ചവും അന്തര്‍ലീനമാണ്. പ്രകൃതിയും പ്രപഞ്ചവും അതിലെ സൃഷ്ടിജാലങ്ങളും മാനവന്റെ സഹായികളും സഹയാത്രികരുമാണെന്ന തിരിച്ചറിവിലേക്കാണ് അത് നയിക്കുക. പ്രകൃതിയുമായി ഇണങ്ങുന്നതിലാണ്, പിണങ്ങുന്നതിലല്ല മനുഷ്യന്റെ നന്മയും മഹിമയും കുടികൊള്ളുന്നതെന്ന സത്യം അത് ഉദ്‌ഘോഷിക്കും. അത്തരം ഒരു മാനവത്വം പ്രകൃതിയും മനുഷ്യനും കൂട്ടുചേര്‍ന്ന് ആഘോഷിക്കുന്ന പ്രപഞ്ചോത്സവമായി പരിണമിക്കും. അതൊരു നൈതികവസന്തമായിരിക്കും.







ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss