'കുഞ്ഞന്‍നോമ്പി'ന്റെ മധുരം
Posted on: 15 Sep 2009

പ്രാപ്തനാക്കുകയാണ് വ്രതം. അധമ വികാരങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത വലിയ മനസ്സും
ശരീരവുമായി വ്രതാനുഷ്ഠാനത്തിലൂടെ മനുഷ്യന്‍ മാറുകയാണ്. അമിത ഭോജനത്തില്‍നിന്നും
അമിതഭോഗത്തില്‍നിന്നും ലഭിക്കാത്ത അനുഭൂതിവിശേഷം വ്രതത്തിലൂടെ മനുഷ്യനു കൈവരുന്നു
ടി.പി.എം. റാഫി
വിശുദ്ധ ഖുര്‍ആന്റെ അവതീര്‍ണത്താല്‍ അനുഗൃഹീതമായ മാസമാണ് റംസാന്‍. ഈ നിരുപമ ദൈവിക ഗ്രന്ഥം ഇറക്കപ്പെട്ടതിനു നന്ദിസൂചകമായാണ് ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ ഒരു മാസക്കാലം വ്രതമനുഷ്ഠിക്കുന്നത്. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റംസാന്‍, ഗള്‍ഫ് നാടുകളിലും മലബാര്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ആരാധനയുടേതു മാത്രമല്ല, ആഘോഷത്തിന്‍േറതും കൂടിയാണ്.
തക്ബീര്‍ ധ്വനികളുയര്‍ത്തി മുസ്‌ലിങ്ങള്‍ വ്രതകാലത്തെ വരവേല്ക്കുന്നു. ഇനി ഒരു മാസക്കാലം രാത്രി അക്ഷരാര്‍ഥത്തില്‍ പകലായിത്തീരുകയാണ്. പള്ളികളും തെരുവുകളും സജീവമാകുന്നു. രാത്രിയിലെ ദീര്‍ഘനേരത്തെ തറാവീഹ് നമസ്‌കാരത്തിനു ശേഷവും സ്ത്രീകളും കുട്ടികളുമടക്കം 'ഷോപ്പിങ്' നടത്തുന്നത് ഈ മാസത്തിലെ പതിവു കാഴ്ചയാണ്.
നോമ്പ് തുടങ്ങുന്നതു പ്രഭാതത്തിലെ ബാങ്കുവിളിയോടെയാണ്. അതിനു മുമ്പായി അല്പം ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നബിചര്യയാണ്. സുബഹ് ബാങ്കോടെ എല്ലാവരും പള്ളികളിലേക്കു നീങ്ങുന്നു. പിന്നെ സന്ധ്യവരെ അന്നപാനീയങ്ങള്‍ വര്‍ജ്യമാണ്.
നോമ്പുതുറ മലബാര്‍ ഭാഗങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും കൗതുകമുണര്‍ത്തുന്ന അനുഭവമാണ്. സന്ധ്യയ്ക്കുള്ള മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതോടെയാണ് നോമ്പ് 'മുറി'ക്കുന്നത്. ഇതിനായി പഴങ്ങളോടൊപ്പം വൈവിധ്യമാര്‍ന്ന പലഹാരങ്ങളും ഒരുക്കുന്നു. 'കുഞ്ഞന്‍നോമ്പുതുറ' എന്ന ഓമനപ്പേരിട്ടാണ് മലബാറുകാര്‍ ഇതിനെ വിളിക്കുന്നത്. വത്തക്ക ജ്യൂസും തരിക്കഞ്ഞിയും ജീരകക്കഞ്ഞിയും കുഞ്ഞന്‍നോമ്പുതുറയ്ക്ക് മേമ്പൊടിയാകും. സമൂസ, ഉന്നക്കായ, പഴംനിറച്ചത്, ബോള്‍ പൊരിച്ചത്, മുട്ടമാല, മുട്ടസുര്‍ക്ക എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങള്‍ നോമ്പുകാലത്ത് വ്യത്യസ്ത ദിവസങ്ങളിലായി തയ്യാറാക്കുന്നു. കുഞ്ഞന്‍നോമ്പിന്റെ മധുരം നാവില്‍നിന്ന് പെട്ടെന്നൊന്നും പോവില്ല. മലബാര്‍ മേഖലയിലെ നോമ്പുതുറ അത്രയ്ക്ക് ഹൃദ്യവും ആസ്വാദ്യവുമാണ്. പള്ളികളില്‍നിന്നു നോമ്പുമുറിക്കുന്നവരുമുണ്ട്. വീടുകളില്‍നിന്ന് വിശേഷവിഭവങ്ങള്‍ ഉണ്ടാക്കി പള്ളിയിലെത്തിക്കുന്നത് മലബാറു കാരുടെ ഒരു ശീലമാണ്. ഇതു പങ്കുവെച്ചാണ് പള്ളികളില്‍ നോമ്പു തുറക്കുന്നത്.
കുഞ്ഞന്‍നോമ്പു തുറന്നാല്‍ ഉടന്‍ പള്ളികളിലെത്തി മഗ്‌രിബ് നമസ്‌കരിക്കുന്നു. തുടര്‍ന്നാണ് രണ്ടാംഘട്ട നോമ്പുതുറ. ഇതു കുറച്ച് കനത്തില്‍ത്തന്നെ വേണം. കോഴിമുട്ടത്തോടിലെ പാടപോലെ നേര്‍മയാക്കി പരത്തിയെടുക്കുന്ന അരിപ്പത്തിരിയും ഇറച്ചിക്കറിയും നെയ്‌ച്ചോറും സ്റ്റ്യൂവും ഇതിനായി ഒരുക്കുന്നവരുണ്ട്.
രാത്രിയിലെ ഇശാ ബാങ്കോടെ പള്ളികള്‍ വീണ്ടും സജീവമാകുന്നു. ദീര്‍ഘനേരത്തെ തറാവീഹ് പ്രാര്‍ഥനയ്ക്കുശേഷം വീട്ടിലേക്കു മടങ്ങുന്നു. പിന്നെ അത്താഴസമയം വരെ ഉറക്കം. ഇതിനുപുറമെ രാത്രിയും പകലും ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും സമയം കണ്ടെത്തുന്നവരുണ്ട്.
ഇഫ്താര്‍ വിരുന്നുകള്‍
സുഹൃത്തുക്കളും കുടുംബങ്ങളും സ്ഥാപനങ്ങളും സംഘടനകളും ഇഫ്താര്‍ വിരുന്നുകള്‍ ഒരുക്കാറുണ്ട്. സ്നേഹം പങ്കുവെക്കലിന്റെ ഭാഗമായാണിത്. പാവങ്ങളെ നോമ്പുതുറപ്പിക്കുന്നത് വലിയ പുണ്യമായി ഇസ്‌ലാം കണക്കാക്കുന്നു. ''നോമ്പുകാരനെ ആരെങ്കിലും നോമ്പുതുറപ്പിച്ചാല്‍ അവന് നോമ്പുനോറ്റവന്റെ അതേ പ്രതിഫലം ലഭിക്കും.''(നബിവചനം)
ക്ഷമയുടെ മാസം
''ക്ഷമ വിശ്വാസത്തിന്റെ പകുതിയാണെ''ന്ന് നബി ഉണര്‍ത്താറുണ്ട്. ''വ്രതം ക്ഷമയുടെ പകുതിയാണെ''ന്നും നബി വിശേഷിപ്പിച്ചു. വിശ്വാസത്തിന്റെ നാലിലൊന്നു സ്ഥാനവും വ്രതത്തിനുണ്ടെന്നു സാരം. ''നിങ്ങള്‍ ക്ഷമിക്കുക; ക്ഷമയില്‍ മത്സരിക്കുക'', ''ക്ഷമിക്കുന്നവരുടെ കൂടെയാണ് അല്ലാഹു'' എന്നെല്ലാം ഖുര്‍ആന്‍ ക്ഷമയെ വിശേഷിപ്പിക്കുന്നു. ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങളുടെ ആദ്യപ്രഹരമേല്‍ക്കുമ്പോള്‍ സ്ഥിതപ്രജ്ഞനായി ക്ഷമ അവലംബിക്കുന്നവനാണ് വിശ്വാസിയെന്ന് നബി പലപ്പോഴും പറയാറുണ്ട്.
''യുദ്ധങ്ങള്‍ ജയിച്ചടക്കുന്നവനല്ല ധീരന്‍; മറിച്ച് സന്ദിഗ്ധ ഘട്ടങ്ങളില്‍ ആത്മസംയമം പാലിക്കുന്നവനാണ്''. വ്രതം പരിശീലിപ്പിക്കുന്നത് ക്ഷമയുടെ മാര്‍ഗമാണ്. ഭൂമിയോളം ക്ഷമിക്കുന്നവനാണ് സത്യവിശ്വാസി.
വ്രതത്തിന്റെ മാനങ്ങള്‍
അരുതാത്ത ദേഹേച്ഛകളെ കൈവെടിഞ്ഞ് മാലാഖമാരോളം വളരാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയാണ് വ്രതം. പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ ഇമാം ഖസ്സാലി എഴുതുന്നു: ''തന്റെ പ്രജ്ഞയുടെ പ്രകാശനം വഴി ആന്ധ്യം ബാധിച്ച ദേഹേച്ഛകള്‍ക്ക് കടിഞ്ഞാണിടാനുള്ള കഴിവാണ് മനുഷ്യന്‍ വ്രതത്തിലൂടെ ആര്‍ജിക്കുന്നത്.'' അധമ വികാരങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത വലിയ മനസ്സും ശരീരവുമായി വ്രതാനു
ഷ്ഠാനത്തിലൂടെ മനുഷ്യന്‍ മാറുകയാണ്. ആത്മീയോത്കര്‍ഷത്തില്‍ മാലാഖമാരോട് സമശീര്‍ഷനാവുന്നു, അവന്‍. അമിത ഭോജനത്തില്‍നിന്നും അമിതഭോഗത്തില്‍നിന്നും ലഭിക്കാത്ത അനുഭൂതിവിശേഷം വ്രതത്തിലൂടെ മനുഷ്യനു കൈവരുന്നു.
ഭക്ഷണത്തിലെ ധാരാളിത്തം, കുത്തഴിഞ്ഞ ലൈംഗികത, അമിത നിദ്ര എന്നിവയൊന്നും ആത്മീയോത്കര്‍ഷത്തിനു ചേര്‍ന്നതല്ലെന്ന് അല്ലാമാ ഇബ്‌നുല്‍ ഖയ്യിം നിരീക്ഷിക്കുന്നുണ്ട്. വ്രതം നമ്മെ പരിശീലിപ്പിക്കുന്നതും മറ്റൊന്നല്ല.
'വ്രതം പരിചയാണെ'ന്ന് നബി ഒരിക്കല്‍ വിശേഷിപ്പിക്കുകയുണ്ടായി-അസാന്മാര്‍ഗികതയുടെ മുഴുവന്‍ വാള്‍ത്തലപ്പുകളില്‍നിന്നും മനുഷ്യമനസ്സുകളെ തടുക്കുന്ന പരിച.
വ്രതവും റംസാനും
വ്രതമെന്നാല്‍ റംസാനാണ്. മറ്റൊരു ഭാഷ്യത്തില്‍, റംസാന്‍ എന്നാല്‍ വ്രതവും. പരസ്പരപൂരക പദങ്ങളായി ഖുര്‍ആന്‍ ഇവയെ ബന്ധപ്പെടുത്തുന്നു. രണ്ടു മഹാസൗഭാഗ്യങ്ങളുടെ സമഞ്ജസമായ സംയോഗമാണത്. രണ്ടൈശ്വര്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും നിറച്ചാര്‍ത്ത്. ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസമാണ് റംസാന്‍. ഇരുള്‍മുറ്റിയ ജീവിതത്തിലേക്ക് ഖുര്‍ആന്‍ വിശ്വാസത്തിന്റെ കതിരൊളി വീശി. മനുഷ്യന്‍ ആ വെളിച്ചം കിട്ടിയതിനുള്ള നന്ദി പ്രകാശിപ്പിക്കണം. നോമ്പ് അതിനുള്ളതാണ്; റംസാനും.
രോഗാതുരമായ ദേഹിയുടെ മോക്ഷത്തോടൊപ്പം ആഡംബര ജീവിതം സൃഷ്ടിക്കുന്ന അജീര്‍ണതകളില്‍ നിന്നുള്ള ദേഹത്തിന്റെ മോചനം കൂടിയാണ് വ്രതം. ക്ഷമ, സഹനം, സൂക്ഷ്മത, മിതത്വം തുടങ്ങിയ അമൂല്യമായ ഗുണവിശേഷങ്ങള്‍ നേടിയെടുക്കുന്ന മാസം.
വ്രതത്തിന്റെ പുറംചട്ടകളായ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കലില്‍ മാത്രം വലിയ പുണ്യമൊന്നുമില്ല. വ്രതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കൊന്നൊടുക്കുന്ന എല്ലാ ദുരാഗ്രഹങ്ങളെയും ദുഷ്ചിന്തകളെയും ഇസ്‌ലാം നിഷിദ്ധമാക്കി. ശുദ്ധ വിചാരം, ഋജുമാനസം, സഭ്യഭാഷണം, ക്ഷമ, ദീനാനുകമ്പ, സര്‍വോപരി ജീവിതസൂക്ഷ്മത എന്നിവ ആര്‍ജിക്കുമ്പോഴാണ് വ്രതം സഫലമാകുന്നത്.
നബി പറഞ്ഞു: ''ആര് വ്രതത്തോടൊപ്പം അസത്യഭാഷണവും പരദൂഷണവും പരനിന്ദയും അനാശാസ്യ പ്രവര്‍ത്തനങ്ങളും കൈവെടിയുന്നില്ലയോ, അവര്‍ പട്ടിണി കിടക്കുന്നതില്‍ അല്ലാഹുവിനു താത്പര്യമില്ല.''
സൂക്ഷ്മതയും ഭക്തിയുമാകുന്ന ആത്മാവ് നഷ്ടപ്പെട്ട വ്രതം ഉള്‍ക്കാമ്പ് കെട്ടുപോയ ഫലം പോലെയാണ്. നബി മറ്റൊരിക്കല്‍ പറയുകയുണ്ടായി: ''എത്രയെത്ര നോമ്പുകാര്‍-അവര്‍ക്ക് നോമ്പ് സമ്മാനിക്കുന്നത് വിശപ്പും ദാഹവും മാത്രം!''
ലൈലത്തുല്‍ ഖദ്ര്‍
''നിശ്ചയം, നാമത് (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്ര്‍ എന്താണെന്ന് നിനക്കറിയാമോ? ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമത്രെ അത്.''
റംസാന്‍ മാസത്തിലെ അവസാനത്തെ പത്തുനാളുകളില്‍ ഏതെന്ന് കൃത്യമായി അറിയപ്പെടാത്ത രാത്രിയാണ് ലൈലത്തുല്‍ ഖദ്ര്‍ (നിര്‍ണായക രാത്രി). ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം കരസ്ഥമാക്കാന്‍ അവസാന പത്തില്‍ രാത്രികളില്‍ വിശ്വാസികള്‍ നമസ്‌കാരവും പ്രാര്‍ഥനയും അധികമാക്കുന്നു; കൈയഴിഞ്ഞ് ദാനധര്‍മങ്ങള്‍ ചെയ്യുന്നു.
''റംസാന്‍ അവസാനത്തെ പത്തായാല്‍ നബി തിരുമേനി രാത്രിയില്‍ അല്പം മാത്രമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. വീട്ടുകാരെ വിളിച്ചുണര്‍ത്തി തന്നോടൊപ്പം ആരാധനകളില്‍ പങ്കുകൊള്ളിക്കാറുമുണ്ട്. (ഹദീസ്).
''ആരെങ്കിലും ലൈലത്തുല്‍ ഖദ്‌റില്‍ വിശ്വാസത്തോടും ദൈവപ്രീതി കാംക്ഷിച്ചും ആരാധനയില്‍ മുഴുകിയാല്‍ അവന്റെ ജീവിതത്തിലെ മുഴുവന്‍ പാപങ്ങളും കഴുകപ്പെടുന്നു''-നബി വചനം.
ഭജനമിരിക്കല്‍
വ്രതത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിക്കാനായി അല്ലാഹു നിശ്ചയിച്ചതാണ് പള്ളികളിലെ ഭജനമിരിക്കല്‍ (ഇഅ്ത്തിക്കാഫ്). ഒരു നോമ്പുകാരന് അബദ്ധത്തില്‍ നഷ്ടപ്പെട്ടുപോയേക്കാവുന്ന ഹൃദയസാന്നിധ്യം, മനോവീര്യം, സ്ഥിതപ്രജ്ഞ എന്നിവ വീണ്ടെടുക്കാന്‍ ഭജനമിരിക്കല്‍ സഹായകമാവുന്നു. പള്ളികളിലിരുന്ന് മനസ്സ് ദൈവത്തില്‍ ഏകാഗ്രമാക്കുകയാണ് വിശ്വാസി.ഹസ്രത്ത് ശാഹ്‌വലിയുല്ല എഴുതുന്നു: ''മനഃശുദ്ധിയും ഹൃദയസാന്നിധ്യവും മാലാഖമാരോടുള്ള സാധര്‍മ്യവും നിര്‍ണായകരാത്രിയിലെ ആരാധനയിലൂടെ സ്വായത്തമാക്കാനാവുന്നു.''റംസാനിലെ അവസാനത്തെ പത്തു ദിവസമാണ് നബി ഭജനമിരിക്കാനായി തിരഞ്ഞെടുത്തത്. നബി മരിക്കുവോളം സ്ഥിരമായി അതു നിര്‍വഹിച്ചുപോന്നു. മുസ്‌ലിം ലോകം തലമുറകളായി ആ ആരാധന ജ്വലിപ്പിച്ചെടുക്കുന്നു.
നബിയുടെ ഭാര്യ ആയിശ പറയുന്നു: ''അദ്ദേഹം ഇഹലോകവാസം വെടിയുന്നതുവരെ റംസാന്റെ അവസാന നാളുകളില്‍ പള്ളിയില്‍ ഭജനമിരിക്കാറുണ്ടായിരുന്നു. നബിയുടെ കുടുംബവും അതില്‍ പങ്കുകൊണ്ടിരുന്നു.''
വായനയുടെ മാസം
'ഇഖ്‌റഅ്' എന്ന പദത്തോടെയാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത്. 'വായിക്കുക' എന്നു സാരം. 'വായിക്കുക' എന്നു ആഹ്വാനം ചെയ്തുകൊണ്ടുതുടങ്ങിയ ഭൂമുഖത്തെ ഏക ഗ്രന്ഥമാണ് ഖുര്‍ആന്‍. സൃഷ്ടിച്ച രക്ഷിതാവിന്റെ നാമത്തില്‍ വായിക്കാന്‍ കല്‍പ്പിച്ചുകൊണ്ടാണ് ഖുര്‍ആന്‍ ഇറങ്ങിയത്. ''മനുഷ്യനെ സിക്താണ്ഡ(Zygote)ത്തില്‍നിന്നു വളര്‍ത്തിയെടുത്തവനാണ് രക്ഷിതാവെ''ന്നും ''മനുഷ്യനെ പേനകൊണ്ട് പഠിപ്പിച്ചവനാണ് അവനെ''ന്നും തുടര്‍ന്നു ഖുര്‍ആന്‍ പറയുന്നു. മനുഷ്യന്‍ വളരുന്നത് വായനയിലൂടെയാണ്. വായനയ്ക്ക് ഒന്നിലധികം മാനങ്ങളുണ്ട്. പ്രപഞ്ചനിരീക്ഷണവും പഠനവും മറ്റൊരര്‍ഥത്തില്‍ വായനതന്നെയാണ്. മനുഷ്യന്റെ മുന്നില്‍ മലര്‍ക്കെ തുറന്നിട്ട രണ്ടു മഹാഗ്രന്ഥങ്ങളാണ് വിശുദ്ധ ഖുര്‍ആനും വിശ്വപ്രപഞ്ചവും. രണ്ടും വായിക്കാനുള്ളതാണ്; രണ്ടും രക്ഷിതാവിന്റെ പ്രതാപത്തിന്റെ അടയാളങ്ങളാണ്. പ്രപഞ്ചമാകുന്ന പുസ്തക വായനയിലൂടെ രക്ഷിതാവിനെ കണ്ടെത്തുകയും അംഗീകരിക്കുകയുമാണ് മനുഷ്യന്റെ ജീവിത ലക്ഷ്യമെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. റംസാന്‍ പുനര്‍വായനയ്ക്കു ചാലകശക്തിയായി വര്‍ത്തിക്കേണ്ടതാവണം.
വ്രതം പൗരാണിക മതങ്ങളില്‍
''സത്യവിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് വ്രതം നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും ഞാന്‍ വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു-നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നവരാവാന്‍ വേണ്ടി'' (2:183).
ഖുര്‍ആന്‍ വെളിപ്പെടുത്തിയതുപോലെ ഒട്ടുമിക്ക മതങ്ങളിലും വ്രതാനുഷ്ഠാനം കാണാം. പുരാതന മതങ്ങളില്‍ പ്രധാനപ്പെട്ടതാണല്ലോ ഹൈന്ദവദര്‍ശനം. ഈ സനാതന ധര്‍മത്തിലും വ്രത്തിനു മുഖ്യസ്ഥാനം കാണാവുന്നതാണ്. മദിരാശി സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗം തലവനായിരുന്ന പ്രൊഫസര്‍ ടി.എം.പി. മഹാദേവന്‍ എഴുതുന്നു: ''ഉത്സവവേളകളിലും ആണ്ടാഘോഷങ്ങളിലും ചില പ്രത്യേക ദിവസങ്ങള്‍ വ്രതത്തിനായുണ്ട്.
ആത്മീയ വിശുദ്ധിയും ഹൃദയപരിപോഷണവുമാണ് അതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കുമായി ഹൈന്ദവരില്‍ ചില പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അന്ന് അധികപേരും നോമ്പെടുക്കുന്നു. അന്നപാനീയങ്ങള്‍ വെടിയുകയും രാത്രികളില്‍ നിദ്രാവിഹീനരായി ദീര്‍ഘനേരം പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്നു. ഹിന്ദുക്കളില്‍ അധിക പേരും വൈകുണ്ഠ ഏകാദശി നോല്‍ക്കുന്നവരാണ്'' (Out lines of Hinduism).
എല്ലാ ഹിന്ദി മാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തിയ്യതികളില്‍ ബ്രാഹ്മണര്‍ നോമ്പെടുക്കാറുണ്ട്. എന്തെങ്കിലും വിഷമസന്ധികളോ ക്ലേശങ്ങളോ ഉണ്ടായാല്‍ ജൂതമതക്കാര്‍ വ്രതമനുഷ്ഠിക്കാറാണത്രെ പതിവ്. രാജ്യം തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെ നീങ്ങുമ്പോള്‍, സാംക്രമികരോഗങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോള്‍, വരള്‍ച്ചയും ദാരിദ്ര്യവും പിടികൂടുമ്പോള്‍ അവര്‍ വ്രതമനുഷ്ഠിച്ചുപോന്നു.
''യേശു പ്രവാചകലബ്ധിക്ക് മുമ്പ് നാല്പതു ദിവസം നോമ്പനുഷ്ഠിച്ചു'' എന്ന പരാമര്‍ശം കാണാം. ആ നോമ്പ് മോശെയുടെ കല്പനയില്‍പ്പെട്ട പ്രായശ്ചിത്ത വ്രതം തന്നെ ആയിരുന്നിരിക്കണം. ഒരു നിഷ്‌കളങ്ക യഹൂദിയെപ്പോലെ, മോശെയുടെ കല്പനകള്‍ ശിരസ്സാ വഹിച്ച് അനുഷ്ഠിച്ചതായിരിക്കണം അദ്ദേഹം ആ വ്രതം.