വ്രതവും സൂക്ഷ്മതയും
Posted on: 15 Sep 2009

''വിശ്വസിച്ചവരേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധ ആരാധനയായി കല്പിക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നാം വ്രതം കല്പിക്കുന്നു; അതുവഴി നിങ്ങള്‍ക്ക് സൂക്ഷ്മത കൈവന്നേക്കാം'' (2:183)ജീവിത സൂക്ഷ്മതയും ഭക്തിയും വര്‍ദ്ധിപ്പിക്കാന്‍ വ്രതാനുഷ്ഠാനത്തിന് കഴിയുമെന്ന് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്.
ശീലങ്ങളില്‍നിന്നും ദേഹേച്ഛകളില്‍നിന്നും ശരീരത്തെ തടയുകയാണ് വ്രതംകൊണ്ടുള്ള ഉദ്ദേശ്യം. മനസ്സില്‍ നിലീനമായ പൈശാചിക വികാരങ്ങളെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ ആത്മീയോത്കര്‍ഷം കൈവരിക്കാനാവുകയുള്ളൂ. വ്രതം ആന്തരികമായി മനുഷ്യനെ സംശുദ്ധമാക്കുന്നു. അമിത ഭോജനം, അമിത ഭാഷണം, അമിത ലൈംഗികത, അമിത നിദ്ര എന്നിവയില്‍നിന്നുള്ള മോചനത്തിന് വ്രതം പരിശീലനമാകുന്നു.
നബിതിരുമേനി വിശേഷിപ്പിച്ചു:''വ്രതം പരിചയാണ്''. എല്ലാ ദേഹേച്ഛകളില്‍നിന്നും പൈശാചിക പ്രവണതകളില്‍നിന്നും വിശ്വാസിയെ തടുക്കുന്ന പരിച.
മറ്റൊരിക്കല്‍ നബി പറഞ്ഞു: ''ആരെങ്കിലും റംസാന്‍ മാസത്തില്‍ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയുംകൂടി വ്രതമനുഷ്ഠിച്ചാല്‍ അവന്റെ ജീവിതത്തിലെ മുന്‍കഴിഞ്ഞ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടും.
ഖുര്‍ആന്‍ പരായണം, സൂക്ഷ്മത, ഭക്തി, ആര്‍ദ്രത, വിനയം, ദാനശീലം തുടങ്ങിയ നന്മകളുടെ സമ്മേളനമായി റംസാന്‍ വ്രതത്തെ വിശേഷിപ്പിക്കാം.
ഭഭറംസാന്‍ വന്നെത്തുമ്പോള്‍ സ്വര്‍ഗ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്നു. നരക കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും പൈശാചിക പ്രവണതകള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യുന്നു.'' (ബുഖാരി)
ജീവിത സൂക്ഷ്മത നേടാന്‍ പരിശീലിപ്പിക്കുന്ന പ്രധാന ആരാധനാ കര്‍മമായി വിശുദ്ധ ഖുര്‍ആന്‍ വ്രതത്തെ കണക്കാക്കുന്നു.
അല്ലാഹു പറഞ്ഞതായി നബി ഒരിക്കല്‍ പറഞ്ഞു; ഭഭആദമിന്റെ സന്തതികളുടെ എല്ലാ കര്‍മങ്ങളും അവരവര്‍ക്കു വേണ്ടിയാണ്. പക്ഷേ, നോമ്പ്അതെനിക്കുള്ളതാണ്'' (ഹദീസ്)
നോമ്പിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്ന വചനമാണിത്. നോമ്പുകാരന് അല്ലാഹു പ്രത്യേകമായി പ്രതിഫലം നല്‍കുമെന്നും നബി ഉണര്‍ത്തി.
ഇഅ്തികാഫ് (ഭജനമിരിക്കല്‍)
റംസാന്റെ ഉദേശ്യലക്ഷ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പൂര്‍ത്തീകരിക്കാന്‍ അല്ലാഹു നിശ്ചയിച്ചതാണ് ഇഅ്തികാഫ് അഥവാ ഭജനമിരിക്കല്‍. ഒരു നോമ്പുകാരനു നഷ്ടപ്പെട്ടുപോയേക്കാവുന്ന ഹൃദയസാന്നിധ്യം, മനശ്ശാന്തി, മനോവീര്യം, സൂക്ഷ്മത, ഭക്തി തുടങ്ങിയവ വീണ്ടെടുക്കാന്‍ പള്ളികളില്‍ ഭജനമിരിക്കല്‍ സഹായകമാവുന്നു. ധ്യാനത്തിലൂടെ ദൈവവിചാരത്തില്‍ മനസ്സിനെ ഏകാഗ്രമാക്കാനുമാവുന്നു.
ഭഭഈശ്വരനുമായുള്ള ആത്മബന്ധം സുദൃഢമാക്കുക, മനസ്സ് അവനില്‍മാത്രം കേന്ദ്രീകരിക്കുക, സ്രഷ്ടാവുമായി കൂടുതല്‍ അടുക്കുക എന്നിവ ഭജനമിരിക്കല്‍ നമ്മെ പരിശീലിപ്പിക്കുന്നു.
പ്രശസ്ത പണ്ഡിതന്‍ ശാഹ്‌വല്ലിയുല്ല എഴുതുന്നു:
ഭഭഹൃദയശുദ്ധിയും ഹൃദയസാന്നിധ്യവും മാലാഖമാരോടുള്ള സാധര്‍മ്യവും ഭനിര്‍ണായക രാത്രി'യിലെ സവിശേഷമായ പങ്കുചേരലുമെല്ലാം ഭഭജനമിരിക്കല്‍' മുഖേന കൈവരുന്നു.''
റംസാനിലെ അവസാനത്തെ പത്തുദിവസങ്ങളിലാണ് നബി(സ) ഭജനമിരുന്നിരുന്നത് . നബി സ്ഥിരമായി എല്ലാവര്‍ഷവും അതനുഷ്ഠിച്ചുപോന്നു. മുസ്‌ലിം സമൂഹം ആ ചര്യ തലമുറകളായി കാത്തുസൂക്ഷിക്കുന്നു. റംസാനിലെ ആത്മീയ ചിഹ്നങ്ങളിലൊന്നായി ഇന്നത് രൂപം പ്രാപിച്ചു.
ഭഭനബി ഇഹലോകവാസം വെടിയുന്നതുവരെ പള്ളിയില്‍ റംസാന്റെ അവസാന പത്തുദിവസങ്ങളില്‍ ഭജനമിരുന്നിരുന്നു. നബിയുടെ കാലശേഷം അവിടുത്തെ പത്‌നിമാര്‍ പള്ളിയില്‍ ഭജനമിരുന്നിരുന്നു'' (ഹദീസ്)
ഇഅ്ത്തിക്കാഫ് അങ്ങനെ റംസാനിലെ പ്രബലമായ നബിചര്യയായി ആചരിക്കപ്പെടുന്നു.
റംസാന്‍-ഖുര്‍ ആന്‍ അവതീര്‍ണമാസം
റംസാന്‍ മാസത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്. ഖുര്‍ആന്‍ ഇറങ്ങിയതിന്റെ വാര്‍ഷികാഘോഷവും നന്ദിപ്രകാശനവുമാണ് സത്യത്തില്‍ റംസാന്‍. റംസാന്‍ മാസത്തിലെ ഒരു പ്രത്യേക രാത്രിയിലാണ് ഖുര്‍ആന്‍ ആദ്യമായി അവതരിച്ചുതുടങ്ങിയത്. ആ രാത്രിയെയാണ് ലൈലത്തുല്‍ ഖദ്ര്‍(നിര്‍ണായക രാത്രി) എന്നു പറയുന്നത്.
ഖുര്‍ആന്‍ പറയുന്നു:
ഭഭനിശ്ചയം നാമന്ന് (ഖുര്‍ആന്‍)ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ഭലൈലത്തുല്‍ ഖദ്ര്‍' എന്താണെന്ന് നിനക്കറിയുമോ? ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാകുന്നു, അത്''
നബി പറഞ്ഞു: ആരെങ്കിലും ഭഭലൈലത്തുല്‍ ഖദ്‌റില്‍'' വിശ്വാസത്തോടെയും ദൈവപ്രീതികാംക്ഷിച്ചും ആരാധനയില്‍ നിമഗ്‌നരായാല്‍ അവന്റെ ജീവിതത്തില്‍ മുമ്പുചെയ്ത പാപങ്ങള്‍ മുഴുവനും പൊറുക്കപ്പെടും. (ബുഖാരി)
റംസാന്‍ മാസത്തിലെ അവസാനത്തെ പത്തുദിവസങ്ങളിലാണ് ഭഭലൈലത്തുല്‍ ഖദ്ര്‍'' വരുന്നതെന്ന് നബി സൂചിപ്പിക്കുകയുണ്ടായി. ഭഭനിങ്ങള്‍ റംസാന്റെ അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുക''
റംസാന്റെ അവസാനത്തെ പത്തായാല്‍ നബി രാത്രി മുഴുവന്‍ നിതാന്ത ജാഗ്രതയോടെ കഴിച്ചുകൂട്ടുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തി ആരാധനയ്ക്ക് പ്രേരണ നല്കുകയും ചെയ്തിരുന്നു.
ഭഭറസൂല്‍(സ) റംസാന്റെ അവസാനപത്തില്‍ പള്ളിയില്‍ ഭജനിമിരിക്കുകയും ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ചുകൊള്ളുക എന്ന് അനുചരന്മാരെ ഉണര്‍ത്തുകയും ചെയ്തിരുന്നു'' (ബുഖാരി, മുസ്‌ലിം)
വ്രതം പൗരാണിക മതങ്ങളില്‍
'വിശ്വസിച്ചവരേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് കല്പിക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നാം വ്രതം അനുഷ്ഠാനമാക്കിയിരിക്കുന്നു' എന്നു വിശുദ്ധ ഖുര്‍ആന്‍ റമസാന്‍ മാസത്തെ വിശേഷിപ്പിക്കുന്നു. പൗരാണിക മതങ്ങളില്‍ വ്രതാചരണം നിലനിന്നിരുന്നോ എന്ന അന്വേഷണം ഇവിടെ പ്രസക്തമാകുന്നു.
പുരാതന മതങ്ങളിലൊന്നായ ഹൈന്ദവ ദര്‍ശനത്തില്‍ വ്രതാചരണമുണ്ടായിരുന്നോ? ചെന്നൈ സര്‍വകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗം തലവനായിരുന്ന പ്രൊഫ. ടി.എം.പി. മഹാദേവന്‍ എഴുതുന്നു:
'ഉത്സവങ്ങളിലും വാര്‍ഷികാഘോഷങ്ങളിലും ചില ദിവസങ്ങള്‍ വ്രതത്തിനായിട്ടുണ്ട്, ഹിന്ദുമതത്തില്‍, ആത്മശുദ്ധിയും ഹൃദയപരിപോഷണവുമാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത്. പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കുമായി ഹൈന്ദവതയില്‍ വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും ചില പ്രത്യേക വ്രത ദിവസങ്ങളുണ്ട്. അന്ന് അധികപേരും നോമ്പെടുത്തിരുന്നു; ആഹാരപാനീയങ്ങള്‍ വെടിയുകയും രാത്രികളില്‍ നിദ്രാവിഹീനരായി പ്രാര്‍ത്ഥനയില്‍ മുഴുങ്ങുകയും ചെയ്തിരുന്നു. ഹിന്ദുക്കളില്‍ അധികമാളുകളും ഭവൈകുണ്ഠ ഏകാദശി' കൊണ്ടാടുന്നു. വിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ടതാണെങ്കിലും, വിഷ്ണുവിനെ ആരാധിക്കുന്നവര്‍ മാത്രമല്ല മറ്റു പലരും അന്ന് വ്രതമനുഷ്ഠിക്കുക പതിവായിരുന്നു''
സ്ത്രീകള്‍ മാത്രം വത്രമനുഷ്ഠിക്കുന്ന ചില ദിവസങ്ങളുമുണ്ട്. അന്ന് അവര്‍ ഐശ്വര്യത്തിന്റെ ദേവതയെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു.
എല്ലാ ഹിന്ദിമാസങ്ങളുടെയും പതിനൊന്നും പന്ത്രണ്ടും തിയ്യതികളില്‍ ബ്രാഹ്മണര്‍ വ്രതമെടുക്കാറുണ്ട്. ഇങ്ങനെ കൃത്യമായി നോമ്പെടുക്കുന്ന ബ്രാഹ്മണന്‍ വര്‍ഷത്തില്‍ ഇരുപത്തിനാലു ദിവസം അതിനായി നീക്കിവെക്കുന്നുണ്ട്.
കുറേക്കൂടി കര്‍ക്കശമായ വ്രതാനുഷ്ഠാനമാണ് ജൈനരുടേത്. തുടര്‍ച്ചയായി നാല്പതു ദിവസമാണ് അവര്‍ നോമ്പെടുക്കുന്നത്.
''പൗരാണിക ഈജിപ്തുകാര്‍ ഉത്സവദിനങ്ങളോടനുബന്ധിച്ച് വ്രതമനുഷ്ഠിച്ചിരുന്നതായി തെളിയുന്നു. ഗ്രീക്ക് മാസങ്ങളിലൊന്നായ ഭതിസ്മൂഫിരിയാഭ യുടെ മൂന്നാമത്തെ ദിവസം സ്ത്രീകള്‍ക്ക് മാത്രമുള്ള വ്രതദിനമുണ്ടായിരുന്നു. പാഴ്‌സികള്‍ പൊതുവെ വ്രതമനുഷ്ഠിക്കാറില്ലെങ്കിലും അവരുടെ വേദപുസ്തകത്തില്‍ വ്രതാനുഷ്ഠാനം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്.'' (എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക).
ജൂതസമൂഹത്തിലെ വ്രതം
യഹൂദികള്‍ ദുഃഖസൂചകമായിട്ടാണ് വ്രതം ആചാരിച്ചുപോരുന്നത്. എന്തെങ്കിലും വിഷമസന്ധികളോ ക്ലേശങ്ങളോ ഉണ്ടായാല്‍ അവര്‍ വ്രതമെടുത്തിരുന്നു. ദൈവകോപം ഭയപ്പെടുന്ന സന്ദര്‍ഭങ്ങളിലും ജൂതന്മാര്‍ വ്രതം നിര്‍ബന്ധമാക്കി. ഈ മോശെ മതത്തില്‍ പ്രായശ്ചിത്താര്‍ത്ഥമല്ലാതെയുമുള്ള ധാരാളം വ്രതങ്ങളുണ്ട്. അത്തരം വ്രതദിനങ്ങള്‍ യഹൂദ കലണ്ടര്‍ നിറയെ കാണാം.
ജൂതന്മാര്‍ തങ്ങളുടെ വ്രതം പ്രഭാതം മുതല്‍ ആരംഭിക്കുകയും മൂവന്തിയില്‍ ആദ്യനക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
വ്രതം െ്രെകസ്തവരില്‍
യേശു പ്രവാചകത്വ ലബ്ധിക്കു മുമ്പ് നാല്പതു ദിവസം നോമ്പനുഷ്ഠിച്ചിരുന്നുവെന്നു കാണാം. ആ നോമ്പ് മോസസിന്റെ കല്പനകളില്‍പെട്ട പ്രായശ്ചിത്ത വ്രതമായിരുന്നു.
യേശു സ്വന്തമായി ഒരു വ്രതശാസന പുറപ്പെടുവിച്ചിരുന്നില്ല. കാരണം പഴയ നിയമങ്ങളുടെ പുനരുദ്ധാരകന്‍ മാത്രമായിരുന്നു അദ്ദേഹം. പഴയ നിയമത്തിലെ അടിസ്ഥാനാശയങ്ങളും മൗലിക സിദ്ധാന്തങ്ങളും വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമായിരുന്നു അദ്ദേഹം ചെയ്തത്. അതുകൊണ്ടാണ് വ്രതത്തിന്റെ നിയമങ്ങള്‍ യേശു നേരിട്ടു നിര്‍ദ്ദേശിച്ചതാണെന്ന് ആരും പറയാത്തത്. എന്നാല്‍ െ്രെകസ്തവ ഗ്രന്ഥങ്ങളില്‍ പോള്‍സിന്റെ വ്രതത്തെക്കുറിച്ചും ആദ്യകാലത്ത് യഹൂദികളായിരുന്ന ക്രിസ്ത്യാനികളുടെ പ്രായശ്ചിത്ത വ്രതത്തെക്കുറിച്ചും പരാമര്‍ശങ്ങള്‍ കാണാം.
പോള്‍സ് മരിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞതോടു കൂടി വ്രതത്തിന് നിയമസംരക്ഷണം കൊടുക്കാന്‍ െ്രെകസ്തവ ലോകം ആഗ്രഹിച്ചു. അതിന്‍ പിന്നീടാണ് വ്രതത്തിന് മതസാധുത കൈവന്നത്.
എല്ലാ ആഴ്ചയിലും ബുധന്‍, വെള്ളി ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കാന്‍ തുടങ്ങിയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ്. മാമോദീസ നടത്തുന്നവേളയില്‍ ഒന്നോ രണ്ടോ ദിവസം വ്രതമനുഷ്ഠിച്ചിരുന്നു, എല്ലാവരും (എന്‍സൈക്ലോപീഡിയ ഓഫ് റിലീജ്യന്‍സ് ആന്റ് എത്തിക്‌സ്)