Mathrubhumi Logo
  ramzan

ഉപവാസം

Posted on: 23 Sep 2008

സ്വാമി സന്ദീപ് ചൈതന്യ

ഈശ്വരനെ അറിയുന്നതിന് മനസ്സ് സജ്ജമാക്കുന്ന പ്രക്രിയയാണ് ഉപവാസം. മഹത്തായ അര്‍ത്ഥത്തെ ഗര്‍ഭം ധരിച്ച വാക്കുകളാണ് ഉപവാസം, ഉപാസന, ഉപനിഷത്ത് എന്നിവ.
ഉപ=സമീപേ, വസ്=വസിക്കുകസമീപത്തു വസിക്കുക അല്ലെങ്കില്‍ ഇരിക്കുക എന്നതാണ് പദത്തിന്റെ അര്‍ത്ഥം. ആര് ആരുടെ സമീപത്താണ് ഇരിക്കുക? താന്‍ തന്റെതന്നെ സമീപത്താണ് ഇരിക്കേണ്ടത്. അഥവാ പ്രകൃതിക്ക് അന്യനാകാതെയാണ് നിലകൊള്ളേണ്ടത്. ഇവിടെ ദ്വന്ദ്വങ്ങള്‍ ഇല്ലാതാവുകയാണ്. ബാഹ്യമായ ഏതെങ്കിലും വസ്തുവിന്റെ സമീപത്ത് എത്തുക എന്നതല്ല അര്‍ത്ഥം. അജ്ഞാനംകൊണ്ടുണ്ടായ ദൂരത്തെ അകറ്റി ജ്ഞാനം ഉള്‍ക്കൊണ്ട് ഭഅഹം ബ്രഹ്മാസ്മി' എന്ന വലിയ തത്ത്വം ബോധിക്കണം.തന്നിലെ ഈശ്വരനെ അറിയുന്നതിനായി മനസ്സിനെ സജ്ജമാക്കുന്ന അനുഷ്ഠാനം എന്ന നിലയില്‍ എല്ലാ മതങ്ങളും ഉപവാസത്തെ സ്വീകരിച്ചിട്ടുണ്ട്. അന്നമയമായ മനസ്സിനെ സത്യാഭിമുഖമാക്കാന്‍ വേണ്ടി പൂര്‍വന്മാര്‍ നിര്‍ദേശിച്ച മാര്‍ഗങ്ങളില്‍ പ്രധാനമാണ് ഉപവാസം എന്ന് ഉപനിഷത്തുക്കളില്‍ നിന്നും ഭഗവദ്ഗീതയില്‍ നിന്നും മനസ്സിലാകുന്നു. ഉദ്ദാലകന്‍ എന്ന ഋഷി സ്വപുത്രന്‍ ശ്വേതകേതുവിന് തത്ത്വമസി മഹാവാക്യം ഉപദേശിക്കുന്ന സമയത്ത് മനസ്സിനെക്കുറിച്ചുള്ള സത്യവും ബോധിപ്പിക്കുന്നുണ്ട്. ഭഅന്നമയം ഹി സൗമ്യമനഃ കുഞ്ഞേ അന്നമയമാണ് മനസ്സ്! ഋഷി പറയുന്നു.

പുരാണങ്ങളിലും മഹാഭാരതത്തിലും ഒക്കെതന്നെ ശരീരത്തെ വാഹനത്തോടുപമിച്ചിട്ടുണ്ട്. ഭശകടം' എന്ന പദംതന്നെ പ്രയോഗിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ജീവിതത്തെ ഭശരീരയാത്ര' എന്നു പറഞ്ഞിരിക്കുന്നു. ആ ശരീരത്തിന് വിശ്രമം ആവശ്യമാണ്. ഇന്ദ്രിയങ്ങളെ വീണ്ടും സചേതനമാക്കാന്‍ വിശ്രമം ആവശ്യമാണ്. ഉപവാസത്തിലൂടെ പചന ദഹനആഗീരണപ്രക്രിയകള്‍ ഒഴിവാക്കി വിശ്രാന്തി അനുഭവിക്കുമ്പോള്‍ മനസ്സ് ഏകാഗ്രമാകുന്നു; ഏകാഗ്രമായി തെളിഞ്ഞ മനസ്സിലാണ് സത്യം ബോധിക്കേണ്ടത്.

ഭപാവപ്പെട്ടവന്റെ വിശപ്പ് ധനികനും അറിയണം' എന്നത് റംസാന്‍ വ്രതാചരണത്തിന്റെ മുഖ്യമായ ലക്ഷ്യമാണ്. ഏകകോശജീവി മുതല്‍ മനുഷ്യന്‍ വരെ എല്ലാ ജീവജാലങ്ങള്‍ക്കും വിശപ്പുണ്ട്. വിശപ്പിനെ ഉപനിഷത്തും ഗീതയും വൈശ്വാനരനായി കാണുന്നു; അതായത് വിശപ്പ് ഭഗവാന്‍തന്നെയാണ്. വൈശ്വാനരനെ മാനിക്കാത്തവന് വിശക്കുന്നവനില്‍ കരുതലില്ലാത്തവന് ജീവിതത്തില്‍ വിലപ്പെട്ട പലതും നഷ്ടമാകും എന്നും ശാസ്ത്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. പാവപ്പെട്ടവന്റെ വിശപ്പ് ധനികന്‍ അറിയണം അഥവാ മറ്റേതൊരാളിന്റെ വിശപ്പും അപരന്‍ അറിയണം, പരിഹാരം ചെയ്യണം. ഇതറിയാത്തതാണ് ലോകത്തിലെ മഹാദുരിതങ്ങള്‍ക്കെല്ലാം കാരണം.

ശങ്കരാചാര്യസ്വാമികള്‍ വിശപ്പിനെ രോഗമായിട്ടാണ് പരിഗണിക്കുന്നത്. വിശപ്പെന്ന രോഗത്തിന്റെ ഔഷധമായി ആഹാരത്തെ അദ്ദേഹം നിര്‍വചിക്കുന്നു ഭഭഭിക്ഷൗഷധം ഭുജ്യതാം''. ഔഷധംപോലെയാണ് ആഹാരത്തെ സ്വീകരിക്കേണ്ടതെന്നു നിര്‍ദ്ദേശിക്കുമ്പോള്‍ നാവിന്റെ രുചിക്കടിമപ്പെട്ടുകൂടാ എന്ന തത്ത്വവും മനസ്സിലാക്കേണ്ടതുണ്ട്.

ഭക്ഷണത്തെ ദിനചര്യയില്‍നിന്ന് മാറ്റിനിറുത്തുന്നതിന് അനുയോജ്യമായ അവസരങ്ങള്‍ പൂര്‍വികര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചന്ദ്രമാസത്തിലെ ഉപവാസം അത്തരത്തില്‍ ഒന്നാണ്. ഹിന്ദുക്കളുടെ ശ്രാവണമാസവും മുസ്‌ലീങ്ങളുടെ റംസാന്‍ മാസവും ഒരുമിച്ചുവരുന്ന ചാന്ദ്രമാസവ്രതത്തിന് ഏറെ സവിശേഷതയുണ്ട്. മനസ്സിന്റെ ദേവനാണ് ചന്ദ്രന്‍ ഭമനസ്സോ ദേവതാ ചന്ദ്രമാ' എന്നാണ് ശാസ്ത്രം പറയുന്നത്. ചന്ദ്രന്റെ ശക്തമായ സ്വാധീനം ഭൂമിയില്‍ അനുഭവപ്പെടുന്നകാലത്ത് മനസ്സിനെ ശക്തിപ്പെടുത്തണം അഥവാ ഏകാഗ്രമാക്കണം എന്ന കണ്ടെത്തല്‍ തികച്ചും ശാസ്ത്രീയം തന്നെ. അതുകൊണ്ടുതന്നെ ആത്മനിയന്ത്രണം ലക്ഷ്യമാക്കിയിട്ടില്ലാത്ത ഉപവാസം വ്യര്‍ഥമാണെന്നും അറിയണം. പുറമേനിന്ന് അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങളും ലക്ഷ്യം കാണുകയില്ല. ഭഗവത്ഗീത രണ്ടാം അധ്യായത്തില്‍ ഇതേക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇവിടെ സ്മരിക്കട്ടെ. വിഷയാ വിനിവര്‍ത്തന്തേ നിരാഹാരസ്യ ദേഹിനഃ
രസവര്‍ജം രസോപ്യസ്യപരം ദൃഷ്ട്വാ നിവര്‍ത്തതേ

ഉപവാസം അനുഷ്ഠിച്ചാല്‍ ഇന്ദ്രിയവിഷയങ്ങള്‍ നീങ്ങിപ്പോകുമെങ്കിലും അവയുടെ രസം ബാക്കിനില്‍ക്കും. ഒഴിയാതെ നില്‍ക്കുന്ന രസം ഇല്ലാതെയാക്കാന്‍ ഈശ്വരസാക്ഷാത്ക്കാരത്തിനേ സാധിക്കൂ. അതായത് ഈശ്വരനെ അറിയുന്നതിനായി ശരീരത്തെയും മനസ്സിനേയും സജ്ജമാക്കാനുള്ള ഉപാധിമാത്രമാണ് ഉപവാസം എന്നു മനസ്സിലാക്കണം. എല്ലാ മതങ്ങളും ഇതുതന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിലും മാര്‍ഗത്തെ ലക്ഷ്യമാക്കി എടുക്കുന്നവരാണ് ഭൂരിപക്ഷം.

ഭഭജഗോവിന്ദം' എന്നകൃതിയില്‍ ശങ്കരാചാര്യര്‍ പറയുന്നതു നോക്കൂ
ഭകുരുതേ ഗംഗാ സാഗര ഗമനം
വ്രതപരിപാലനമഥവാ ദാനം
ജ്ഞാന വിഹീന സര്‍വമതേന
മുക്തിം ഭജതി ന ജന്മശതേന'
പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്യുന്നു; പല വ്രതങ്ങളും അനുഷ്ഠിക്കുന്നു; ദാനധര്‍മ്മാദികള്‍ ചെയ്യുന്നുഇതെല്ലാംതന്നെ അറിവോടുകൂടി ചെയ്തില്ലെങ്കില്‍ ജന്മജന്മാന്തരങ്ങള്‍ ചെയ്താലും മുക്തി നേടുകയില്ല. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആധാരമാകേണ്ടത് അറിവാണ് എന്ന തത്ത്വമാണ് ഇവിടെ അവതീര്‍ണമാകുന്നത്. അറിവിലാണ് ആരംഭവും അവസാനവും

പൂര്‍വസൂരികള്‍ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും സൃഷ്ടിച്ചിട്ടുള്ളത്. അവയിലൂടെ ഈശ്വരനെ അറിയുക എന്നതായിരുന്നു സങ്കല്പം. നാം മാര്‍ഗത്തെ ലക്ഷ്യമായി കാണുന്നതുകൊണ്ടാണ് അനുഷ്ഠാനങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുകയും മുറുകെ പിടിക്കുകയും ചെയ്യുന്നത്. ഭഭആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വേണ്ടിയല്ല നാം. മറിച്ച് അനുഷ്ഠാനങ്ങളും ആചാരങ്ങളും നമുക്കുവേണ്ടിയാകണം'' എന്ന് സ്വാമി വിവേകാനന്ദന്‍ ഉത്‌ബോധിപ്പിച്ചത് എല്ലാ മതസ്ഥരേയും ഉദ്ദേശിച്ചുതന്നെയാവണം.

ഉപവാസം തനിക്ക് ശാരീരികമായും ആത്മീയമായും വളരെ പ്രയോജനപ്പെട്ടു എന്ന് മഹാത്മജി പലതവണ പ്രസ്താവിച്ചിട്ടുണ്ട്. ഭഭശാരീരികമായ ഉപവാസം മാനസികമായ ഉപവാസത്തോടുകൂടിയതല്ലെങ്കില്‍ അതു കപടനാട്യത്തിലും നാശത്തിലും എത്തിച്ചേരുമെന്നു തീര്‍ച്ചയാണ്'' എന്ന് ഗാന്ധിജി ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്. ഭഭഭക്ഷണ നിയന്ത്രണത്തേയും ഉപവാസത്തേയും നിസ്സാരമായി കാണുന്നവര്‍ അവയെ സര്‍വപ്രധാനമായി കാണുന്നവരോളംതന്നെ തെറ്റുകാരാണ്'' എന്ന ഗാന്ധിജിയുടെ പ്രസ്താവം തികച്ചും ആലോചനാമൃതം തന്നെ.

നമ്മുടെ പൂര്‍വ്വികര്‍ എന്തിനുവേണ്ടിയാണോ ഇത്തരത്തിലുള്ള വ്രതാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ മനുഷ്യസമൂഹത്തെ ഉപദേശിച്ചത് ആ അര്‍ത്ഥത്തില്‍തന്നെ റംസാനെ ഉള്‍ക്കൊള്ളാനും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു.






ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss