നന്മയുടെ വസന്തം
Posted on: 23 Sep 2008

മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ തീര്‍ച്ചയായും അരോചകമായ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. സമഭാവന വളര്‍ത്തി സദാചാരം ശീലിപ്പിച്ച് ശക്തമായ ഒരു ഉത്തമസമൂഹത്തെ ലോകത്തിന് എന്നും സമര്‍പ്പിക്കുകയാണ്ഇസ്‌ലാം. വിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും പ്രതീക്ഷയുടെ നാളുകളാണ് റംസാന്‍. തിരുത്തുകള്‍ക്ക് വേണ്ടി ഒരു ഓര്‍മ്മപ്പെടുത്തല്‍. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവാനിടയുള്ള മതിലുകളില്ലാതാക്കി ഒരു സമൂഹത്തിന്റെ പൊതുധാര ശക്തിപ്പെടുത്തുകയാണ് ഇസ്‌ലാം.നോമ്പ് പെരുന്നാളിലെ ഫിത്വ്‌റ് സക്കാത്തും ബലിപെരുന്നാളിലെ ബലിദാനവും റംസാനിലെ ദാനധര്‍മ്മങ്ങള്‍ക്കുള്ള മുന്തിയ പ്രതിഫലവും ഉയര്‍ത്തുന്ന സന്ദേശം അടിസ്ഥാനവര്‍ഗ്ഗത്തിന്റെ അവകാശപ്രഖ്യാപനം തന്നെയാണ്. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ തീര്‍ച്ചയായും അരോചകമായ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുന്നത്. സമഭാവന വളര്‍ത്തി സദാചാരം ശീലിപ്പിച്ച് ശക്തിയായ ഒരു ഉത്തമസമൂഹത്തെ ലോകത്തിന് എന്നും സമര്‍പ്പിക്കുകയാണിസ്‌ലാം.
റംസാന്‍ എങ്ങനെയാവണം, വീട്ടുകാരികള്‍ക്കും വീട്ടുകാര്‍ക്കും ഇക്കാര്യത്തിലുള്ള പങ്ക് എന്താണ്? റംസാന്‍ വന്നുപോയി. പറയത്തക്ക പരിവര്‍ത്തനപ്പണികളൊന്നും നമ്മുടെ ആത്മീയജീവിതത്തില്‍ അത് വരുത്തിയില്ലെങ്കില്‍ ഉപയോഗപ്പെടുത്തലുകളിലെ വീഴ്ചകളായി അത് വിലയിരുത്തപ്പെടണം.
റംസാന്‍ ഒന്നാമതായും നൂറാമതായും ലക്ഷീകരിച്ചത് ഹൃദയശുദ്ധി തന്നെ. നന്മകള്‍ മാനിക്കാനുള്ള മനസ്സാണ് ഈ മാസത്തിന്റെ സംഭാവന. വ്രതത്തെക്കുറിച്ചുള്ള വിശുദ്ധ ഖുര്‍ആന്റെ സുവിശേഷം ഉപസംഹരിച്ചത് ഭഭനിങ്ങള്‍ മുത്തഖീങ്ങളാവാന്‍ (സൂക്ഷ്മത ഉള്ളവര്‍) വേണ്ടി'' എന്ന വാക്യത്തോടെയാകുന്നു. ഭസത്യവിശ്വാസികളേ, നിങ്ങള്‍ ധാരാളമായി അല്ലാഹുവിന് ദിക്‌റ് ചൊല്ലുകയും രാവിലെയും വൈകുന്നേരവും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക' (വി.ഖു: 22:42)
വിശുദ്ധിയുടെ നാളുകള്‍ ശരീരശുദ്ധിയും മനഃശുദ്ധിയും നേടാനുള്ള കഠിനപരിശ്രമം നടത്താനുപയോഗപ്പെടുത്തണം. എന്തിനാണ് റംസാന്‍ നിശ്ചയിക്കപ്പെട്ടത്? പള്ളികളിലൂടെ മനസ്സുകളില്‍ സ്ഥാനമുറപ്പിക്കുന്നതിനുപകരം അടുക്കള വഴി ആമാശയം കീഴടക്കുകയാണോ റംസാന്‍
എന്തെല്ലാം പലഹാരങ്ങള്‍... സ്‌പെഷലായി വിപണി കീഴടക്കുന്നു. അപ്പത്തരങ്ങളുടെ എണ്ണത്തിന്റെ പെരുപ്പം. പലവിധ സൂപ്പുകള്‍, പാനീയങ്ങള്‍, മത്സ്യമാംസക്കറികള്‍... എല്ലാം റംസാനിന്റെ സവിശേഷതയായി വിലയിരുത്തപ്പെടുകയാണ്.
വേണം ഒരു വീണ്ടുവിചാരം. നമുക്ക് ലഭ്യമായ അനുഗ്രഹങ്ങളില്‍ പാതിപോലും ലഭിക്കാത്ത പരകോടി മനുഷ്യര്‍ ഭൂമുഖത്ത് പാര്‍ക്കുന്നുണ്ട്. മുന്തിയ ആഹാരമോ പാര്‍പ്പിടമോ വസ്ത്രമോ അവര്‍ക്കില്ല. എന്തിന് അവര്‍ക്ക് നിര്‍ഭയരായി ഉറങ്ങാനാവുന്നുണ്ടോ...? പള്ളിയില്‍ പോകാന്‍ കഴിയുന്നുണ്ടോ? അവര്‍ എന്നും സേ്ഫാടനങ്ങള്‍ക്ക് കാതോര്‍ക്കുന്നു. മൃതശരീരം പോലും മാന്യമായി കിട്ടാതെ വികൃതമാക്കപ്പെടുകയാണ്.
ഇവിടെ നമ്മുടെ സ്ഥിതി എത്ര സന്തോഷകരം! എല്ലാം ഒരുക്കിത്തന്ന അല്ലാഹുവിനെ ഓര്‍ക്കാന്‍ റംസാനില്‍പോലും സമയം കിട്ടുന്നില്ലെന്ന് വന്നാലോ?
''ചോദിക്കുക, അല്ലാഹു നിങ്ങള്‍ക്ക് വല്ല തിന്മയും ഉദ്ദേശിക്കുകയോ എന്തെങ്കിലും കാരുണ്യം വിചാരിക്കുകയോ ചെയ്താല്‍ അവനില്‍നിന്ന് നിങ്ങളെ തടുക്കുന്നവന്‍ ആരാണ്? അല്ലാഹുവിന് പുറമെ ഒരു രക്ഷാധികാരിയെയോ, സഹായകനെയോ അവര്‍ക്ക് കിട്ടുകയില്ല.'' (വി. ഖു: 33:17)
നന്മതിന്മകളുടെ കണക്കെടുപ്പു മാസമാവണം റംസാന്‍. നമ്മുടെ നിത്യജീവിതത്തില്‍ വന്നുപെടുന്ന അപാകങ്ങളും പോരായ്മകളും വിചിന്തനവിധേയമാക്കാനും തിരുത്താനും, നികത്താനും ഈ മാസം നമ്മെ പ്രാപ്തരാക്കണം.
അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കുന്നവര്‍ക്ക് മുന്തിയ സ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഐഹിക ജീവിതമെന്ന ഭഹ്രസ്വത'യ്ക്കു മുമ്പില്‍ ശാശ്വതജീവിതം നശിപ്പിക്കരുത്.
ഭനിശ്ചയം, ഭയഭക്തി ഉള്ളവര്‍ സ്വര്‍ഗങ്ങളിലും സുഖാനുഭൂതിയിലുമാകുന്നു' (വി.ഖു:52:17)
ഒരു ഒഴിവുകാലത്തിന്റെ ഒഴുക്കല്ല റംസാന്‍ നല്‍കുന്ന സന്ദേശം. നമ്മുടെ മനസ്സിന്റെ അജ്ഞാതഭിത്തിയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു കഴുകി വൃത്തിയാക്കാനുള്ള അവസരമാണ്.
മുസ്‌ലിം ഗൃഹങ്ങളില്‍ ഉയരുന്ന പുകച്ചുരുളുകളുടെ മേനി കണക്കാക്കി റംസാന്‍ ആഘോഷിച്ചതായി വിലയിരുത്തപ്പെട്ടുകൂടാ.. നയനങ്ങള്‍ നനയണം, ഹൃദയങ്ങള്‍ മയപ്പെടണം, ശരീരങ്ങള്‍ വഴങ്ങണം, തലച്ചോറുകള്‍ വ്യായാമപ്പെടണം, അതിനൊക്കെയുള്ളതാണ് ഈ വിശുദ്ധമാസം.
പട്ടിണിയുടെ രുചി അറിയാനൊരു ഇടവേള പട്ടിണി അനുഭവിക്കുന്നവര്‍ക്കാവശ്യമില്ലെന്നപോലെ ധനാഢ്യര്‍ക്ക് വിവിധയിനം മുന്തിയ ഭക്ഷണങ്ങള്‍ മാറിമാറി ഭുജിക്കാനൊരു വ്രതമാസവും വേണ്ടല്ലോ.
ഇസ്‌ലാമിന്റെ ഭസമഭാവനയുടെ പ്രതീകാത്മകത' കൂടിയാണ് ഈ പുണ്യമാസം. വിഭവങ്ങളുടെ മതിലുകള്‍ മനുഷ്യര്‍ക്കിടയില്‍ തീര്‍ത്ത വിഭാഗീയത ഇല്ലാതാക്കുന്നു. എന്തെല്ലാം തരത്തിലുള്ള അതിര്‍ത്തിരേഖകളാണ് മനുഷ്യര്‍ സൃഷ്ടിച്ചത്.
ധനം, അധികാരം, അറിവ്, ജാതി, പ്രദേശം, വര്‍ണം, ആരോഗ്യം ഇങ്ങനെയുള്ള വന്‍മതിലുകളാണ് മനുഷ്യര്‍ക്കിടയില്‍നിന്ന് മനുഷ്യരെ വേര്‍തിരിച്ചതും വിഘടിപ്പിച്ചതും. ഇവരൊന്നിച്ച് ഒരു ജനതയായി ഉയര്‍ന്നുവന്നാല്‍ ഭൂമിയിലെവിടെ അശാന്തി? എന്തിനാണ് യുദ്ധങ്ങള്‍? എന്തിന്റെ പേരിലാണ് അധിനിവേശങ്ങള്‍? എല്ലാം ധനപരം! അധികാരപരം!! ഇതില്‍നിന്നുള്ള മാനുഷികതയുടെ പരിശീലനങ്ങളാണ് വിശുദ്ധറംസാന്‍ ഉയര്‍ത്തുന്ന പ്രധാനസന്ദേശങ്ങളിലൊന്ന്.
'നിശ്ചയമായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവര്‍ക്ക് പാപമോചനവും വമ്പിച്ച പ്രതിഫലവും ഉണ്ട്' (വി.ഖു:67:12) നിശ്ചയമായും ഭയഭക്തന്മാര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. (വി.ഖു:68:30)
നിങ്ങള്‍ അല്ലാഹുവിന് ഇബാദത്ത് (ആരാധന) ചെയ്യുകയും അവനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക (വി.ഖു:71:3)
...എന്നാലവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുന്നതും ഒരു നിശ്ചിതാവധിവരെ നിങ്ങളെ പിന്തിപ്പിക്കുന്നതുമാണ്. അല്ലാഹുവിന്റെ അവധി വന്നാല്‍ അത് പിന്തിപ്പിക്കപ്പെടുന്നതേ അല്ല. നിങ്ങളറിയുന്നവരായിരുന്നെങ്കില്‍. (വി.ഖു:71:4)
നമ്മുടെ വഴികേടുകള്‍ തിരുത്താനുള്ളതാണ് വിശുദ്ധമാസം. എങ്ങും എത്താത്ത പാത തീര്‍ക്കുന്ന മനുഷ്യര്‍ക്ക് റംസാന്‍ വഴിപറഞ്ഞു കൊടുക്കുന്നു. വര്‍ത്തമാനം നല്‍കുന്ന ഗുണദോഷം അധികവും അധികപ്രസംഗങ്ങളാണ്. നാം കേള്‍ക്കുന്നതും കാണുന്നതും നന്മകള്‍ ചാലിച്ച തിന്മകളാണ്. നാം ഒറ്റക്കിരുന്ന് ചിലതൊക്കെ തീരുമാനിക്കേണ്ടതില്ലേ? നമ്മെ കുറിച്ചു തന്നെയാവട്ടെ ചെറിയ ഒരു കണക്കെടുപ്പ്.
11 മാസം എന്തില്‍എങ്ങനെ നാം നീക്കിവെച്ചു? പണം നേടാന്‍! ഐഹികജീവിതം പരമാവധി ആസ്വദിക്കാന്‍!! നാം സ്വയം മറന്നിരുന്നില്ലേ? എന്തെല്ലാം തിന്മകളാണ് പ്രവര്‍ത്തിച്ചുപോയത്? അല്‍പം വ്യാകുലപ്പെടണം. തിന്മയുടെ പ്രതീകമാണല്ലോഭഇബ്‌ലീസ്' (സാത്താന്‍). അവന്‍ ഉയര്‍ത്തിയ പ്രലോഭനങ്ങളിലധികവും നാം വീണുപോയി എന്ന് നാം തിരിച്ചറിയണം.
അതിനാല്‍ രക്ഷിതാവിന്റെ കല്‍പ്പനയ്ക്ക് താങ്കള്‍ യാചിച്ചുകൊള്ളുക. അവരില്‍ നിന്നുള്ള ഒരു കുറ്റവാളിയെയോ, സത്യനിഷേധിയെയോ താങ്കള്‍ അനുസരിക്കരുത്. (വി.ഖു:76:28)
റംസാന്‍ ധന്യമാക്കാന്‍ വനിതകള്‍ പ്രത്യേകം നന്നായി ശ്രദ്ധിക്കണം. വീടുകളില്‍ ഖുര്‍ആന്‍ പാരായണം, നിസ്‌കാരം, ദാനധര്‍മ്മങ്ങള്‍, നല്ല സംസാരം തുടങ്ങിയവ ധാരാളമുണ്ടാവണം. തലമുറകള്‍ അത് കണ്ടുപഠിക്കും, പകര്‍ത്തും. നന്മകള്‍ക്ക് വിത്തിടുന്ന കാലമാവണം ഇത്.
തലമുറകളിലേയ്ക്ക് മുളച്ച് പടര്‍ന്നുകയറട്ടെ. പള്ളികളും ഭവനങ്ങളും ഭക്തികൊണ്ടലങ്കരിക്കണം. അപ്പോള്‍ മനസ്സിലും വിശ്വാസത്തിന്റെ വിളക്ക് കത്തും. ഇത് വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും നന്മലഭിക്കുന്ന വസന്തകാലമാണ്. മധുവൂറുന്ന മാധവകാലം..