തിരക്കുകള്‍ക്ക് വിട; ഇത് സ്വച്ഛതയുടെ നാളുകള്‍
Posted on: 23 Sep 2008

അമിത ശബ്ദങ്ങളോടും ബഹളങ്ങളോടും ഈര്‍ഷ്യയാണ് കുഞ്ഞാലിക്കുട്ടിക്ക്. എല്ലാ തിരക്കുകള്‍ക്കും തത്കാലത്തേക്ക് വിരാമമിട്ട് മനുഷ്യരും പ്രകൃതിയും സ്വച്ഛമാകുന്ന നോമ്പുകാലത്തെ അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു.
ധൃതിയില്ലാതെ, ലാഭേച്ഛയില്ലാതെ ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിക്കാതെയുള്ള ജീവിതത്തിന്റെ സൈ്വരം അദ്ദേഹം ആസ്വദിക്കുകയാണ് നോമ്പുകാലത്ത്.
പ്രകൃതിയുടെ സ്വച്ഛതയും ശുദ്ധതയും കാത്തുപോന്ന തന്റെ ഗ്രാമത്തിന്റെ ചിത്രം പഴമക്കാരുടെ വാക്കിലൂടെ കുഞ്ഞാലിക്കുട്ടി അറിഞ്ഞിട്ടുണ്ട്. അക്കാലത്ത് പാണക്കാട്ടുനിന്നാരെങ്കിലും ഒച്ചവെച്ചാല്‍ കാരാത്തോട്ടില്‍ കേള്‍ക്കാമായിരുന്നു.
പാണക്കാട്ടെ വലിയ തങ്ങളുടെ കാളവണ്ടിയുടെ ചക്രങ്ങള്‍ ചരല്‍ക്കല്ലിലൂടെ ഉരുളുന്ന ഒച്ചയും കാളയുടെ കഴുത്തിലെ കുടമണിക്കിലുക്കവും കാരാത്തോട് ഗ്രാമത്തിലുള്ളവര്‍ക്ക് വ്യക്തമായി അറിയാന്‍ കഴിഞ്ഞിരുന്നു.
ഇന്ന് റോഡുമുഴുവന്‍ വാഹനങ്ങളാണ്. റോഡരികില്‍ കോഴി അവശിഷ്ടങ്ങളും. നാടിനുണ്ടായ മാറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് നഷ്ടബോധം.
എന്തായാലും നോമ്പുകാലമാകുമ്പോള്‍ ആളുകള്‍ ശാന്തരാകുന്നുവെന്നും പ്രകൃതിയില്‍ സൈ്വരമുണ്ടാകുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു. ഭഭഇഷ്യൂസില്ല, ശുപാര്‍ശക്കാരുടെ തിരക്കില്ല. ടെന്‍ഷന്‍ കുറയുന്നു.'' അനുഭവത്തിന്റെ വെളിച്ചത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പണ്ട് ജെ.ഡി.ടി.ഇസ്‌ലാമിക് ബോര്‍ഡിങ്ങില്‍ പഠിച്ചിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹം ഓര്‍ത്തു. അന്നത്തെ ഞായറാഴ്ചകളില്‍ കോഴിക്കോട്ടങ്ങാടിയിലെ റോഡില്‍ പന്തുകളിക്കാം. തിരക്ക് തീരെയില്ലായിരുന്നു. ദൈവചിന്തയിലും ഭക്തിയിലും വന്ന മാറ്റമാകാം ഇന്ന് നോമ്പുകാലത്തും തിരക്കിന് കാരണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നോമ്പുകാലത്ത് മുടങ്ങാതെ അദ്ദേഹം ഖുര്‍ആന്‍ പരിഭാഷ വായിക്കുന്നു. പത്രം കഴിഞ്ഞാല്‍ ഇക്കാലത്ത് മത ഗ്രന്ഥങ്ങള്‍ മാത്രമേ വായിക്കാറുള്ളൂ.
തന്റെ ജീവിതത്തിലെ ഏറ്റവുംവലിയ പ്രശ്‌നങ്ങളുണ്ടായതും നോമ്പുകാലത്തായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തു. തനിക്കെതിരെ ആരോപണങ്ങളുയര്‍ന്ന മൂന്നുതവണയും താന്‍ മക്കയിലായിരുന്നു. ദൈവസന്നിധിയില്‍ അത് യാദൃച്ഛികമാകാനിടയില്ല.
മനസ്സുരുകി പ്രാര്‍ത്ഥിക്കാന്‍ ദൈവംതന്ന അവസരമായിരിക്കാം. ആ വിളിക്ക് ഫലമുണ്ടായി എന്ന് കുഞ്ഞാലിക്കുട്ടി ദൃഢനിശ്ചയത്തോടെ പറഞ്ഞു.