കുഞ്ഞലവി മുസ്‌ലിയാരുടെ ബാങ്കുവിളിയും നാട്ടുകാരുടെ കൂയ്‌വിളികളും
Posted on: 23 Sep 2008

കുട്ടിക്കാലത്ത് ചോക്കാട്ടെ വീട്ടില്‍ നോമ്പ് തുറക്കുന്നത് ചെറുപ്പക്കാരുടെ കൂയ്...വിളി കേട്ടാണ്. നോമ്പു തുറക്കാന്‍ സമയമായെന്നറിയിക്കുന്ന നീട്ടിയുള്ള കൂയ് വിളികള്‍.
ഞങ്ങളുടെ ജുമുഅത്ത് പള്ളി കൂരാടാണ്. പള്ളിയില്‍ കുഞ്ഞലവി മുസ്‌ലിയാര്‍ ബാങ്ക് കൊടുക്കുന്നത് മൂന്ന് മൈല്‍ അകലെയുള്ള ഞങ്ങളുടെ ഭാഗത്തേക്ക്‌കേള്‍ക്കില്ല. ബാങ്ക് കേള്‍ക്കുന്ന ചെറുപ്പക്കാര്‍ നീട്ടി കൂയ് വിളിക്കും. അത് കേള്‍ക്കുന്ന ദൂരത്ത് നിന്ന് മറ്റു ചിലര്‍ ഏറ്റുവിളിക്കും. അതാണ് പതിവ്. ഇന്നത്തെപ്പോലെ ഒച്ചയും ബഹളവുമൊന്നുമില്ലാത്ത കാലം. കാടും മേടും നെല്‍വയലുകളുമൊക്കെ മുറിച്ചു കടന്നെത്തുന്ന ഈ കൂയ് വിളി കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ച് വീടിന്റെ ഉമ്മറത്ത് തന്നെ ഞാനുണ്ടാകും'. ടി.കെ. ഹംസ എം.പി. നോമ്പ് അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു. റംസാന്‍ പിറ കണ്ട വിവരവും അന്ന് ഇങ്ങനെ തന്നെയാണറിയുക. കൂരാട് പള്ളിയിലെ നകാര (ചെണ്ട) മുഴക്കം അര്‍ദ്ധരാത്രിയും കഴിഞ്ഞാണ് റംസാന്‍ പിറ വിവരവുമായി കേള്‍ക്കാനാവുക.
ഒരിക്കല്‍ മാസപ്പിറവിയുടെ വിവരമൊന്നും കിട്ടാതെ നോമ്പായില്ലെന്ന ഉറപ്പില്‍ കാലത്ത് എണീറ്റപ്പോഴാണ് റംസാന്‍ പിറയുടെ കാര്യം നാട്ടില്‍ അറിയുന്നത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. എല്ലാവരെയും പോലെ അറിഞ്ഞ സമയം മുതല്‍ നോമ്പ് പിടിക്കാന്‍ നിശ്ചയിച്ചു.
പഴയ കാലത്തെ നോമ്പുസല്‍ക്കാരങ്ങളില്‍ നാട്ടിലെ ഏതെങ്കിലും ഭേദപ്പെട്ട കുടുംബാംഗങ്ങളെ ക്ഷണിക്കുന്ന പതിവുണ്ട്. നാട്ടിലെ പുതിയാപ്പിള സല്‍ക്കാരങ്ങള്‍ക്കൊക്കെ ബാപ്പയെ ക്ഷണിക്കും. ബാപ്പയ്ക്ക് പകരം ഞാനാണ് സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുക. അങ്ങനെ നാട്ടിലെ മിക്ക പുതിയാപ്പിള സല്‍ക്കാരങ്ങളിലും കൂടാന്‍ എനിക്കവസരം കിട്ടി. സല്‍ക്കാരത്തിലെ വിഭവങ്ങളില്‍ പ്രധാനികളായിരുന്നു ഭപഞ്ചാരബിരിയിഞ്ചി'യും ഭപഞ്ചാരപ്പാറ്റ'യും. ചോറും ഉള്ളിയും പഞ്ചസാരയും നെയ്യുമൊക്കെ ചേര്‍ത്ത് ഇന്നത്തെ ബിരിയാണി പോലെയുണ്ടാക്കുന്ന വിഭവമാണ് ഭപഞ്ചാരബിരിയിഞ്ചി'. കോഴിമുട്ടയുടെ മഞ്ഞക്കരു പഞ്ചസാര ചേര്‍ത്ത് കടഞ്ഞുണ്ടാക്കുന്ന പലഹാരമാണ് ഭപഞ്ചാരപ്പാറ്റ'.നോമ്പ് തുറന്നതിനുശേഷം വലിച്ചുതീര്‍ക്കാന്‍ മണമുള്ള ബീഡികളും അന്ന് കിട്ടും. തിരക്കൂട്ട്, ചക്കരപ്പോല, പുശു ഇട്ട ബീഡി തുടങ്ങി ഏറെ ഇനങ്ങളുണ്ട്. നോമ്പ് തുറന്ന് ചെത്ത് വഴിയിലിറങ്ങിയാല്‍ വാസന ബീഡിയുടെ മണം ദൂരെയ്ക്ക് കിട്ടും.
എന്തൊക്കെയായാലും അന്നത്തേതുപോലെ നോമ്പിന്റെ യഥാര്‍ഥലക്ഷ്യം ഇന്ന് സാക്ഷാത്കരിക്കപ്പെടുന്നിലടി.കെ. ഹംസ പറയുന്നു.