Mathrubhumi Logo
  ramzan

ഓര്‍മയിലിന്നും കുട്ടിക്കാലത്തെ നോമ്പുകാലം

Posted on: 23 Sep 2008

സയിദ് മുഹമ്മദ് ശാക്കിര്‍

കുട്ടിയായിരിക്കുമ്പോള്‍ റംസാന്‍ നോമ്പുനോല്‍ക്കാനായി പുലര്‍ച്ചെ അത്താഴംകഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് സയ്യിദ് മുഹമ്മദ് ശാക്കിറിന്റെ ഓര്‍മയില്‍ ഇന്നും ഒളിമങ്ങാതെ നില്‍പ്പുണ്ട്. ഗാഢമായ നിദ്രയില്‍ നിന്ന് വിളിച്ചുണര്‍ത്തി ഉമ്മ പോയാല്‍, മറ്റൊരിടത്തേക്ക് മാറിക്കിടക്കും. കുഞ്ഞുനാളില്‍ നേരത്തെ എണീക്കല്‍ വിഷമം പിടിച്ചതായിരുന്നെങ്കിലും പിന്നീട് ലളിതമായി മാറി.

വളരെ നേരത്തെ തന്നെ നോമ്പ് പിടിക്കാന്‍ ആരംഭിച്ചിരുന്നു. ഇസ്‌ലാമികാന്തരീക്ഷം കുട്ടിക്കാലം മുതലേ ശീലിച്ചിരുന്നു. കാരണം പിതാവ് മര്‍ഹൂം കെ.എസ്.കെ. തങ്ങള്‍ പണ്ഡിതനും അധ്യാപകനും ഐ.എസ്.എം. സ്ഥാപക പ്രസിഡന്റുമായിരുന്നു. മാതാവ് പി.കെ. സുബൈദ അഫ്‌സല്‍ ഉല്‍ ഉലമ ബിരുദധാരിയും അധ്യാപികയുമായിരുന്നു. സ്‌കൂളില്‍ പോകുന്ന സമയത്തുതന്നെ നോമ്പുനോല്‍ക്കാന്‍ ഏറെ താത്പര്യം ഉണ്ടായിരുന്നു.

അന്നൊക്കെ നോമ്പിന് വളരെ ദൈര്‍ഘ്യം തോന്നിച്ചിരുന്നതായി ശാക്കിര്‍ ഓര്‍ക്കുന്നു. രാത്രി കാലത്ത് ആവേശത്തോടെ തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുത്തു. ദീര്‍ഘനേരമുള്ള നമസ്‌കാരത്തിന് അണിയായി നില്‍ക്കുമ്പോള്‍ കാല്‍കുഴഞ്ഞുപോയിരുന്നു. എന്നാല്‍ പിന്നീടെല്ലാം എളുപ്പമായി. ഇമാം ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അതിന്റെയര്‍ഥം മനസ്സിലാകുന്ന തലത്തില്‍ എത്തിയതോടെ നമസ്‌കാരംതന്നെ ആനന്ദംനിറഞ്ഞ അനുഭൂതിയായി. ഇമാമിന്റെ ശ്രുതിമധുരമായ പാരായണവും ഇതിന് മുതല്‍കൂട്ടി.

പഠനംകഴിഞ്ഞ് എം.എസ്.എമ്മിന്റെയും ഐ.എസ്.എമ്മിന്റെയുമൊക്കെ ഭാരവാഹിയായി റംസാന്‍ കാലത്ത് പലപ്പോഴും വിദേശ രാജ്യങ്ങളിലായി വ്രതാനുഷ്ഠാനം. ഇങ്ങനെ 1996 ല്‍ മദീനയില്‍ നോമ്പുതുറ നടത്തിയ അനുഭവം മറക്കാനാകാത്തതാണ്. പള്ളിയോട് ചേര്‍ന്ന് വിഭവസമൃദ്ധമായ നോമ്പുതുറ ഒരുക്കി പലരും നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുപോയി നോമ്പുതുറപ്പിച്ചു. നബിയുടെ കാലത്ത് പലായനം ചെയെ്തത്തിയ മുഹാജിറുകള്‍ക്ക് സ്വന്തം സ്വത്തുപോലും വീതിച്ചുനല്‍കിയ അന്‍സാറുകള്‍ കാണിച്ച ആതിഥ്യമര്യാദ പുലര്‍ത്തിപ്പോരുന്ന മദീനക്കാരുടെ രീതിയില്‍ ആശ്ചര്യം തോന്നി. സൗദിക്ക് പുറമെ അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെയും നോമ്പനുഭവം ഹൃദ്യമായ ഓര്‍മയാണ്. ഇല്ലാത്തവന് വാരിക്കോരി കൊടുക്കാന്‍ വിശാലമനസ്‌കത കാണിക്കുന്ന ധനികര്‍ ഇവിടങ്ങളില്‍ ധാരാളമാണ്. റംസാനിലെ പുണ്യംപറ്റാന്‍ ആയിരക്കണക്കിന് പേര്‍ക്ക് സൗജന്യമായി നോമ്പുതുറക്കാനുള്ള സൗകര്യങ്ങളാണ് ഇവര്‍ ഒരുക്കുന്നത്.

പള്ളികളിലെ സജീവത, ഖുര്‍ആന്‍ പാരായണത്തിന്റെ മാധുര്യം, പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, നോമ്പുതുറയുടെ സവിശേഷത എന്നിവ റംസാനിലെ പ്രത്യേകതയാണ്.






ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss