Mathrubhumi Logo
  ramzan

കുട്ടിക്കാലത്ത് പട്ടാളച്ചിട്ടയില്‍ ഒരു നോമ്പുകാലം

Posted on: 23 Sep 2008

ഖമറുന്നിസ അന്‍വര്‍

ബാപ്പ മിലിട്ടറി ഡോക്ടറായിരുന്നതിനാലാവാം തന്റെ കുട്ടിക്കാലത്ത് കുടുംബത്തില്‍ വ്രതാനുഷ്ഠാനത്തിന് ഒരു പട്ടാളച്ചിട്ട ഉണ്ടായിരുന്നുവെന്ന് പൊതുപ്രവര്‍ത്തകയായ ഖമറുന്നിസ അന്‍വര്‍ ഓര്‍ക്കുന്നു.

നോമ്പുകാലത്ത് രാത്രി കൃത്യം പത്തിന് ഉറങ്ങാന്‍ കിടക്കണം. അല്ലെങ്കില്‍ ബാപ്പ ലൈറ്റ് ഓഫ് ചെയ്യും. രണ്ടുമണിക്ക് ബാപ്പ നിസ്‌കരിക്കും. മൂന്നുമണിക്ക് ഞങ്ങളെ ഉണര്‍ത്തും. തഹജൂദ് നിസ്‌കാരം കുടുംബം ഒന്നിച്ചാണ് നടത്തുന്നത്. നിസ്‌കാരസമയത്ത് വളരെ നീണ്ട സൂറത്തുകള്‍ (അധ്യായം) അദ്ദേഹം ചൊല്ലും. സഹോദരങ്ങള്‍ ചുമര്‍ചാരി ഉറങ്ങും. അല്ലാഹുഅക്ബര്‍ എന്ന് ബാപ്പ ഉറക്കെ ചൊല്ലുമ്പോള്‍ അവര്‍ ഞെട്ടിഉണരും. അതൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരും. അത്താഴത്തിന് മക്കളും മരുമക്കളും പേരമക്കളും തീന്‍ മേശയ്ക്കുമുന്നില്‍. ബാപ്പയ്ക്കും ഉമ്മയ്ക്കും ചപ്പാത്തി, ചിലര്‍ക്ക് പത്തിരി, പുതിയാപ്ലമാര്‍ക്ക് നെയ്‌ച്ചോര്‍, പച്ചക്കറി, ഇറച്ചി, മീന്‍ കറികളുണ്ടാവും. ഞങ്ങള്‍ റൊട്ടിയും പാലും കഴിക്കും. ജോലിക്കാരുടെ സഹായത്തോടെ ഉമ്മയാണ് ഇതെല്ലാം തയ്യാറാക്കുന്നത്. കുട്ടിക്കാലത്തെ നോമ്പ് അനുഭവങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്നതാണ്. ആറുപെണ്ണും രണ്ട് ആണുമടക്കം എട്ടുമക്കളായിരുന്നു ഞങ്ങള്‍. ബാപ്പയും ഉമ്മയും വ്രതമനുഷ്ഠിക്കുന്നതില്‍ കര്‍ക്കശക്കാരായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തെ വ്രതാനുഷ്ഠാനം ഞങ്ങള്‍ക്ക് ശീലമായി. എവിടെയായാലും എന്ത് ബുദ്ധിമുട്ടുകളുണ്ടായാലും ഞങ്ങള്‍ നോമ്പെടുക്കുന്നത് മുടക്കാറില്ല.

കണ്ണൂരില്‍ ജനിച്ചുവളര്‍ന്നതിനാല്‍ അവിടുത്തെ രീതിയിലാണ് നോമ്പുതുറ. ചെറിയ നോമ്പിന് അട, ഉന്നക്കായ, കല്ലുമ്മക്കായ പൊരിച്ചത്, മുമ്പാറ, തണുത്തതും ചൂടുള്ളതുമായ പാനീയങ്ങള്‍, വലിയ നോമ്പുതുറയ്ക്ക് പത്തിരി, ചപ്പാത്തി, ഓട്ടപ്പം, ഇറച്ചിക്കറി, പൂരി, മീന്‍കറി, അലീസ, ജീരകക്കഞ്ഞി എന്നിവയുണ്ടാവും.

റംസാന്‍ തുടങ്ങുന്നതിനുമുമ്പ് കാരയ്ക്ക, അക്രോട്ട്, അത്തിപ്പഴം, അല്‍ബുക്കാര എന്നീ ഉണക്കപ്പഴങ്ങള്‍ അമ്മാവന്മാര്‍ കൊണ്ടുവരും. പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ വൈകീട്ടുകിട്ടുന്ന കാപ്പിയും വടയും കൊണ്ടാണ് നോമ്പ് തുറക്കുക.

ഹോസ്റ്റലിലെ ഏക മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു ഞാന്‍. തുടര്‍ന്ന് ചെന്നൈ എ.ഐ.ടി. കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഹോസ്റ്റലില്‍ പ്രത്യേക പാചകക്കാരനെയും പ്രത്യേക ഭക്ഷണവും അവര്‍ ഒരുക്കിയിരുന്നത് വലിയ സൗകര്യമായി.

നോമ്പുകാലത്ത് സന്ധ്യക്കും പുലര്‍ച്ചയ്ക്കും ഖുര്‍ ആന്‍ പാരായണം നിര്‍ബന്ധമായിരുന്നു. ഇന്നത്തെ തലമുറയില്‍ അത്തരം പതിവുകളൊന്നും കാണാനില്ല. ഹൈന്ദവ ഗൃഹങ്ങളില്‍ സന്ധ്യക്ക് വിളക്കുകൊളുത്തി കുട്ടികള്‍ നാമംചൊല്ലുന്നതും ഇല്ലാതായിത്തുടങ്ങി. ഇതൊക്കെ മനുഷ്യന്റെയും ഗ്രാമങ്ങളുടെയും നന്മയുടെ ഭാഗമാണ്. ഇത് തുടരാന്‍ നിര്‍ബന്ധിക്കേണ്ടത് മാതാപിതാക്കളാണ്. അത് കുടുംബങ്ങളില്‍ ആത്മീയ ചൈതന്യം വളര്‍ത്തുംഅവര്‍ പറഞ്ഞു.




ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss