ആത്മീയാനുഭൂതിയായി മക്കയിലെ റംസാന്‍
Posted on: 23 Sep 2008

മക്കയിലെ വിശുദ്ധ ഹറമില്‍ ചെലവഴിച്ച റംസാന്‍ ദിനങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ മലപ്പുറം ഖാസി ഒ.പി.എം. സയ്യിദ് മുത്തുക്കോയ തങ്ങളുടെ മനസ്സില്‍ ഭക്തി നിറയും. തീര്‍ഥാടകര്‍ വഴിപാട് നേരുന്ന ഗോതമ്പുമണികള്‍ കൊത്തിത്തിന്നാന്‍ കഅ്ബ:യുടെ പരിസരത്ത് പാറി നടക്കുന്ന എണ്ണമറ്റ പ്രാവുകളുടെ ചിറകടിയൊച്ച പോലും ദൈവനാദമാണെന്ന് തോന്നിപ്പോകുന്ന ധന്യമാര്‍ന്ന ആത്മീയ അന്തരീക്ഷമാണവിടെയുള്ളതെന്ന് തങ്ങള്‍ പറയുന്നു.
വ്രതമെടുത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളോടൊപ്പം വിശുദ്ധ കഅ്ബ:യുടെ തിരുമുറ്റത്ത് ഏഴുതവണ നിര്‍വഹിക്കുന്ന ഓട്ടപ്രദക്ഷിണം അഥവാ ത്വവാഫ്! വിശുദ്ധ ഹറമിനകത്ത് ദേശഭാഷാ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നിച്ചിരുന്ന് സാഹോദര്യം വിളംബരം ചെയ്യുന്ന നോമ്പുതുറ! അപ്പോള്‍ ഭക്ഷിക്കുന്ന അന്ന പാനീയത്തേക്കാള്‍ ആ സദസ്സിന്റെ ധന്യതയാണ് നോമ്പുകാരുടെ സിരകള്‍ക്ക് ഊര്‍ജം പകരുന്നത്.
ദീപാലങ്കാരത്തില്‍ കുളിച്ചുനില്‍ക്കുന്ന വിശുദ്ധ ഹറമില്‍ റംസാന്‍ 30 ദിവസവും രാത്രി എട്ടുമണിയോടെ ആയിരങ്ങള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരം. ശബ്ദമാധുര്യം കൊണ്ടും ഉച്ചാരണസ്ഫുടതകൊണ്ടും ഖുര്‍ആന്‍ പാരായണത്തെ കര്‍ണാനന്ദകരമാക്കുന്ന വിശുദ്ധ ഹറമിലെ ഇമാമുമാരുടെ പിന്നിലുള്ള നമസ്‌കാരം.
റംസാനില്‍ വിശുദ്ധ ഹറമില്‍ നടക്കുന്ന തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുമ്പോഴുള്ള ആത്മീയാനുഭൂതി അവര്‍ണനീയമാണ്. ലോക മുസ്‌ലിംകളുടെ കേന്ദ്രബിന്ദുവായ വിശുദ്ധ കഅ്ബ:യുടെ ചാരത്താണ് നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമിന്റെ പീഠം. ദിവ്യരാഗത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിടുന്ന ഇമാമിന്റെ മനസ്സുനിറയെ ദൈവചിന്തയായിരിക്കും. പരലോകവുമായി ബന്ധപ്പെട്ട ദുര്‍നടപ്പുകാര്‍ക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട, വഴിവിട്ട ജീവിതം മൂലം പുരാതന സമൂഹങ്ങള്‍ക്കു സംഭവിച്ച വിപത്തുകളുമായി ബന്ധപ്പെട്ട വിവിധ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ ആത്മീയലഹരിയില്‍ വിങ്ങിപ്പൊട്ടുന്ന ഇമാമിനോടൊപ്പം തേങ്ങിക്കരയുന്ന വിശ്വാസികള്‍.
മക്കാ നഗരവുമായി ബന്ധപ്പെട്ട ഖുര്‍ആനിലെ വിവിധ വാക്യങ്ങള്‍ക്കും ആ സന്ദര്‍ഭത്തില്‍ പ്രത്യേകമായൊരു വൈകാരികത അനുഭവപ്പെടാറുണ്ട്. ഒരു കാലത്ത് പാറക്കൂട്ടങ്ങള്‍ മാത്രമുള്ള ജനവാസമില്ലാത്ത മക്കയില്‍ തന്റെ ഭാര്യയെയും കുഞ്ഞിനെയും തനിച്ചാക്കി ഇബ്രാഹിം നബി (അ) അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥന ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം: ഭനാഥാ ഈ പ്രദേശത്തെ ഫലസമ്പുഷ്ടവും ഐശ്വര്യവും നിറഞ്ഞതാക്കേണമേ' ഈ വരികള്‍ പാരായണം ചെയ്യുമ്പോള്‍ ഇമാമിന്റെ കണ്ഠമിടറും. ഹറമില്‍ തടിച്ചുകൂടിയ വിശ്വാസികളുടെ മനസ്സില്‍ അപ്പോള്‍ അല്ലാഹു മാത്രമേയുള്ളൂ. ദിവ്യശക്തിക്കു മുന്‍പില്‍ താന്‍ വെറും അടിമയാണെന്ന തിരിച്ചറിവാണ് ആ മുഹൂര്‍ത്തം സൃഷ്ടിക്കുന്നത്.