അവിസ്മരണീയം ആദ്യനോമ്പ്
Posted on: 23 Sep 2008

ആറ്റുനോറ്റ് കാത്തിരുന്ന ആദ്യ നോമ്പിനായി അബ്ദുസമദ് പൂക്കോട്ടൂരിന് അനുമതി ലഭിച്ചത് ഒരു ഞായറാഴ്ചയായിരുന്നു. സ്‌കൂളിലെ കൂട്ടുകാരോട് നോമ്പിന്റെ മേനി നടിക്കാന്‍ കഴിയാത്തതിനാല്‍ ആ മൂന്നാം ക്ലാസുകാരന്‍ ദുഃഖിച്ചു. മദ്രസ അവധിയായതുകാരണം അവിടെയും നോമ്പിന്റെ വീമ്പുപറച്ചില്‍ നടന്നില്ല.
രാവിലെ ഒമ്പതുമണി ആയപ്പോഴേക്കും നോമ്പിന്റെ ആവേശം കുറഞ്ഞു. വാശി പിടിച്ചെടുത്ത നോമ്പ് സ്വയം മുറിക്കാന്‍ അഭിമാനം അബ്ദുസമദിനെ അനുവദിച്ചില്ല.
ഒടുക്കം വല്യുപ്പയാണ് രക്ഷകനായത്. എന്റെ കുട്ടി ഇന്നു പത്തുമണിവരെ നോമ്പുനോറ്റാല്‍ മതി. നാളെയും അങ്ങനെ ചെയ്താല്‍ ഒരു മുഴുവന്‍ നോമ്പാകും. വല്യുപ്പയുടെ വാക്കുകള്‍ സമദ് ഇപ്പോഴും ഓര്‍ക്കുന്നു.
മൂന്നുദിവസം കഴിഞ്ഞ് ഒരു നോമ്പ് മുഴുവനാക്കിയതിനെക്കുറിച്ചും അദ്ദേഹം വാചാലനായി. മദ്രസയിലെത്തിയ ആ കുട്ടിനോമ്പുകാരനെ സ്വദര്‍മു അല്ലിം രായിന്‍കുട്ടി മുസ്‌ലിയാര്‍ അടുത്തുവിളിച്ച് വയറുതടവി അഭിനന്ദിച്ചു. സ്‌കൂളില്‍ ശ്രീനിവാസന്‍ മാഷും പ്രത്യേക പരിഗണന നല്‍കി.
ഉച്ചകഴിഞ്ഞ് വീണ്ടും സ്‌കൂളിലേക്ക് പോകുമ്പോള്‍ ഉമ്മ സമദിനെ ഉപദേശിച്ചു. ഒന്നുകില്‍ നോമ്പ്മുറിക്ക് അല്ലെങ്കില്‍ സ്‌കൂളില്‍നിന്ന് ചോദിച്ച് പോന്ന് കിടന്നുറങ്ങ്. രണ്ടും അംഗീകരിക്കാതെ അദ്ദേഹം വീണ്ടും സ്‌കൂളിലേക്ക് പോയി.
പ്രധാനാധ്യാപകനായ ഗംഗാധരന്‍ മാഷെയും സമദ് നോമ്പുകാര്യം അറിയിച്ചിരുന്നു. നാലരയ്ക്ക് സ്‌കൂള്‍ വിടുമ്പോഴേക്കും കണ്ണില്‍ ഇരുട്ട് കയറുന്നുണ്ടായിരുന്നു. സമദിന്റെ ഗതി ഓര്‍ത്താകാം അദ്ദേഹത്തിന്റെ കുഞ്ഞാമ(ഉമ്മയുടെ അനുജത്തി) വഴിയില്‍ കാത്തുനിന്നത്.
വീട്ടിലെത്തിയ ഉടന്‍ സമദ് കിടന്നു. മഗ്‌രീബിനാണ് ഉണര്‍ന്നത്. നോമ്പുവിഭവങ്ങള്‍ മുന്നില്‍ നിരന്നപ്പോള്‍ മനസ്സില്‍ ആര്‍ത്തിയുണ്ടായെങ്കിലും ആഗ്രഹിച്ചത്ര കഴിക്കാനായില്ല. കാരക്ക, പഴം, തരിക്കഞ്ഞി, പത്തിരി ഇറച്ചി എല്ലാം മുന്നിലുണ്ട്. കഴിച്ചു തുടങ്ങിയപ്പോഴേക്കും വിയര്‍ത്തു.
പിന്നെ നീണ്ട ഒരു ഉറക്കമായിരുന്നു. ഇശാ നമസ്‌കാരവും തറാവീഹും കഴിഞ്ഞുവന്ന് വല്യുപ്പ വിളിച്ചുണര്‍ത്തി അല്‍പ്പം കഞ്ഞി കോരിത്തന്ന ഓര്‍മ മനസ്സിന്റെ ചെപ്പില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ ഇന്നും കാത്തു സൂക്ഷിക്കുന്നു.