ഉപ്പ പറഞ്ഞു, ഓരോ വാക്കും സൂക്ഷിച്ച് ഉപയോഗിക്കണം
Posted on: 23 Sep 2008

മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിക്ക് വിശുദ്ധറംസാനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഗുരുവും വഴികാട്ടിയുമായിരുന്ന ഉപ്പ നല്‍കിയ ആ വിലപ്പെട്ട ഉപദേശം ഓര്‍മ്മയില്‍ തെളിയും. ഉപ്പ സയ്യിദ് അഹ്മദുല്‍ ബുഖാരിയോടൊപ്പമായിരുന്നു അദ്ദേഹം അഞ്ചുനേരവും കൃത്യമായി ജമാഅത്തിനെത്തിയിരുന്നത്.
ഭഖുര്‍ ആന്‍ പാരായണവും ദിക്‌റ് ദുആകളുമൊക്കെ അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കണമെന്ന് ഉപ്പായ്ക്ക് നിര്‍ബന്ധമായിരുന്നു. മദ്രസ്സയില്‍ പഠിക്കുന്ന കാലത്ത് ഒരുദിവസം പള്ളിയില്‍ പോയി തിരിച്ചുവരുമ്പോള്‍ രണ്ടു സ്ത്രീകള്‍ ഭയങ്കരമായി തര്‍ക്കിക്കുന്നതുകണ്ടു. കേള്‍ക്കാനറപ്പുണ്ടാക്കുന്ന പദപ്രയോഗങ്ങള്‍. പരിസരംമറന്ന് ശണ്ഠകൂടുന്ന അവരെയുംകടന്ന് വീട്ടിലെത്തിയപ്പോള്‍ ആദ്യം കണ്ടത് കോലായിലിരിക്കുന്ന ഉപ്പയെ.
ആ സ്ത്രീകളുടെ തര്‍ക്കത്തെപ്പറ്റി ഞാന്‍ ഉപ്പയോടു പറഞ്ഞു. അവര്‍ തമ്മില്‍ ഉപയോഗിച്ച ഒരു മോശം പ്രയോഗം ഞാന്‍ ഉദ്ധരിക്കുകയും ചെയ്തു. ഇതുകേട്ട ഉപ്പയുടെ മുഖം ചുവന്നു. ഉടന്‍പോയി വായ് കഴുകിവരാന്‍ പറയുകയും ചെയ്തു' സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഓര്‍മ്മകളിലേക്ക് ചായുന്നു.സാധാരണഗതിയില്‍ ക്ഷോഭമുണ്ടാകുമ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന വാക്കാണദ്ദേഹം പറഞ്ഞതെങ്കിലും നാവിന്റെ വിപത്തുകളെപ്പറ്റിയും ഓരോഘട്ടത്തിലും അതിനെ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പഠിപ്പിക്കുകയായിരുന്നു ഉപ്പ. അതിലുപരി വിശുദ്ധമാസത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്ന ഒരു കാര്യവും മനസാ വാചാ കര്‍മണാ ഉണ്ടാകരുതെന്ന പാഠം അതിന്റെ ഏറ്റവും ഫലപ്രദമായ രീതിയില്‍ ഉപ്പ പകര്‍ന്നുതന്നു.
ഭഞാന്‍ വായ് കഴുകിവന്നശേഷം ഓരോവാക്കും സൂക്ഷിച്ചുപയോഗിക്കുന്നതിനെപ്പറ്റിയും ഇക്കാര്യത്തില്‍ തിരുനബിയുടെ ഉണര്‍ത്തലുകളെക്കുറിച്ചും ഉപ്പ വിശദീകരിച്ചു.'ഇത്രയും സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്താന്‍ പഠിപ്പിക്കുന്നതാണ് ഇസ്‌ലാമിന്റെ പാഠങ്ങള്‍. തിന്മകള്‍ക്കും ദുഷിച്ച ചിന്തകള്‍ക്കുമെതിരെ ജാഗ്രതപാലിക്കുകയും നന്മകളുടെ എല്ലാ മാര്‍ഗത്തിലും സജീവമാകുകയുമെന്ന സന്ദേശമാണ് ഈ മാസം നല്‍കുന്നത്. അത് മുപ്പതുദിവസത്തേക്കുമാത്രമുള്ള ബോധനങ്ങളല്ല, ജീവിതം മുഴുക്കെ ഓര്‍ക്കുകയും പാലിക്കുകയും ചെയ്യേണ്ടവയാണവ അദ്ദേഹം പറയുന്നു.