Mathrubhumi Logo
  ramzan

ഓര്‍മ്മയില്‍ മമ്പാട്ടേക്കുള്ള കാളവണ്ടി സര്‍ക്കീട്ട

Posted on: 23 Sep 2008

നിലമ്പൂര്‍ ആയിഷ

മണികെട്ടിയ കാളകള്‍ വലിക്കുന്ന കാളവണ്ടിയിലിരുന്ന് പെരുന്നാള്‍ ദിനത്തില്‍ മമ്പാട്ടേക്ക് ഒരു സര്‍ക്കീട്ട്. നിലമ്പൂര്‍ ആയിഷയുടെ മനസ്സില്‍ കുട്ടിക്കാലത്തെ നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന ചിത്രം ഇതാണ്. ഒപ്പം സമ്പന്നതയുടെ ഭൂതകാലവും.

നോമ്പുകാലമാവുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് ബാപ്പയുടെ രൂപമാണ്. അന്നെനിക്ക് 10 വയസ്സ് പ്രായം. നോമ്പുകാലത്ത് ബാപ്പ എല്ലാവരേയും വീട്ടിലേക്ക് അതിഥികളായി ക്ഷണിക്കുമായിരുന്നു. അതില്‍ അന്യമതക്കാരും നിര്‍ധനരും എല്ലാവരുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം ബാപ്പ വിഭവസമൃദ്ധമായ ഭക്ഷണം നല്‍കും. നോമ്പുകാലത്തെ പങ്കുവെപ്പിന്റെ ഈ സന്തോഷമായിരുന്നു ബാപ്പയുടെ ഏറ്റവും വലിയ സന്തോഷം. ബാപ്പ കാണിച്ചുതന്ന ഈ കൂട്ടായ്മയുടെ സൗഹൃദക്കാഴ്ചകളിലൂടെയാണ് വളര്‍ന്നത്. അത് തന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ അനുഭവപാഠമായിആയിഷ പറയുന്നു. പിന്നീട് സമ്പന്നതയുടെ കാലം അസ്തമിച്ചു. ദാരിദ്ര്യത്തോട് പടപൊരുതേണ്ടിവന്നുവെങ്കിലും ബാപ്പ കാണിച്ചുതന്ന നന്മയുടെ വഴി ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ദാരിദ്ര്യത്തിന്റെ നടുവിലാണെങ്കിലും 1000 രൂപ കിട്ടിയാല്‍ അതില്‍നിന്ന് നൂറുരൂപയെങ്കിലും പാവപ്പെട്ടവര്‍ക്ക് നീക്കിവെക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയത് അത്തരം നോമ്പുകാലങ്ങളായിരുന്നു.

നാട്ടില്‍ അറിയപ്പെടുന്ന ആളായിരുന്നു ബാപ്പ മൂത്തേടത്ത് അഹമ്മദ് കുട്ടി. സമ്പന്നതയുടെ ആ പഴയകാലത്തെ പെരുന്നാള്‍ ദിനത്തില്‍ മമ്പാട്ടേക്ക് കാളവണ്ടിയില്‍ സര്‍ക്കീട്ട് നടത്തിയിരുന്നു. ബാപ്പയുടെ സൂഹൃത്തിന്റെ വീട്ടിലേക്ക്. ഉമ്മയുടെയും സഹോദരങ്ങളുടെയും കൂടെ മണികെട്ടിയ കാളകള്‍ വലിക്കുന്ന വണ്ടിയിലായിരുന്നു യാത്ര. പണ്ട് നോമ്പുകാലമായാല്‍ വീട്ടില്‍ കുറേ ആളുകള്‍ ഇരുന്ന് പത്തിരി പരത്തുമായിരുന്നു. അന്ന് ഞാനും ചേട്ടനും മറ്റും ചേര്‍ന്ന് പത്തിരിപ്പൊടി കട്ടെടുക്കും. അത് കുഴച്ച് പല രൂപങ്ങളും ഉണ്ടാക്കി കളിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പൊടി കട്ടെടുക്കുമ്പോള്‍ വല്ല്യുമ്മ പത്തിരി പരത്തുന്ന കോലുകൊണ്ട് കൈക്ക് അടി തരും. ആ അടിയുടെ മധുരമായ വേദന ഓര്‍മ്മയില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നുണ്ട്.

കലാകാരിയായി അരങ്ങിലെത്തിയപ്പോഴും വ്രതം മുടക്കാറുണ്ടായിരുന്നില്ല. ശരീരത്തിന് വയ്യാതെപോയ അപൂര്‍വം സന്ദര്‍ഭങ്ങളൊഴിച്ച്.

പിന്നെ 20 വര്‍ഷത്തോളം സൗദി അറേബ്യയില്‍ ജോലി ചെയ്തു. റംസാന്‍ മാസത്തിലെ പകലുകള്‍ ഏറെയും ഉറങ്ങിത്തീര്‍ക്കുന്ന സ്വഭാവമാണ് അവിടെ പലര്‍ക്കും. എന്നാല്‍ മധുര പലഹാരങ്ങളും വിഭവങ്ങളുമെല്ലാം അവര്‍ പള്ളിയില്‍ കൊണ്ടുപോയി കൊടുക്കും. അതുകൊണ്ടുതന്നെ പുറമെനിന്നുള്ള അനേകം പേര്‍ക്ക് ഈ ഭക്ഷണം ലഭിക്കുകയും ചെയ്യും. ആ കൂട്ടായ്മകളെല്ലാം നമ്മള്‍ പലരും ഇപ്പോള്‍ മറന്നുപോയിരിക്കുന്നു.

പരസ്​പരം കുറ്റപ്പെടുത്തലുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. പങ്കുവെക്കലും കൂട്ടായ്മയുമെല്ലാം പരസ്​പരം ബോധ്യപ്പെടുത്താന്‍വേണ്ടി ചെയ്യേണ്ടതല്ല, സ്വയമറിഞ്ഞ് ചെയ്യേണ്ടതാണ്.





ganangal


റംസാന്‍ സ്‌പെഷ്യല്‍ ലേഖനങ്ങള്‍

  12 »
Discuss