റംസാന്‍ ഒരു പരിണാമഘട്ടം 1
Posted on: 23 Sep 2008

പരക്ഷേമതല്പരതയും പങ്കുവയ്പും നിലനില്‍ക്കുന്ന സമൂഹത്തില്‍ അന്ധമായ വാണിജ്യലക്ഷ്യങ്ങള്‍ പൂവണിയില്ലെന്നതാണ് ഈ സംവിധാനങ്ങള്‍ പാശ്ചാത്യ കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ അരോചകമാവാന്‍ കാരണം.
മനുഷ്യാവകാശങ്ങള്‍ ഭരണകൂടങ്ങളുടെ ഔദാര്യമല്ല. അത് ദൈവം എല്ലാ മനുഷ്യര്‍ക്കുമായി നല്‍കിയ ഓശാരമാണ്. അധികാരകേന്ദ്രങ്ങള്‍ക്ക് അവ തടഞ്ഞുവയ്ക്കാനുള്ള അവകാശമില്ല. അല്ലാഹുവിനാല്‍ നല്‍കപ്പെട്ട ഈ ഓശാരം ചില ഇടനിലക്കാരും അധികാരകേന്ദ്രങ്ങളും പിടിച്ചുവെക്കുമ്പോഴാണ് ലോകത്തെവിടെയും അസ്വസ്ഥതകള്‍ ഉടലെടുത്തിട്ടുള്ളത്.

ഇസ്‌ലാമികസമൂഹത്തിന്റെ അടിത്തറയായി നില്‍ക്കുന്ന കുടുംബ സാമൂഹിക സംവിധാനങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങളാണ് പടിഞ്ഞാറു ദിശയില്‍ നിന്ന് കടന്നുവരുന്ന പലജാതി വിചാരങ്ങളും. പരക്ഷേമതല്പരതയും പങ്കുവയ്പും നിലനില്‍ക്കുന്ന സമൂഹത്തില്‍ അന്ധമായ വാണിജ്യലക്ഷ്യങ്ങള്‍ പൂവണിയില്ലെന്നതാണ് ഈ സംവിധാനങ്ങള്‍ പാശ്ചാത്യ കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ അരോചകമാവാന്‍ കാരണം. കുത്സിതമായ വാണിജ്യലക്ഷ്യങ്ങളും കമ്പോളകൗശലങ്ങളും സാധ്യമാക്കുന്നതിനായി പടിഞ്ഞാറുനിന്ന് സ്ത്രീയെയും പുരുഷനെയും പരസ്പരശത്രുക്കളാക്കുംവിധം തികച്ചും വ്യക്തിവാദ (കൃലഹ്വഹലുമാഹീൗ) ത്തിലധിഷ്ഠിതമായ ഫെമിനിസവും വര്‍ദ്ധിച്ചതോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നു.
വളരെ വിപുലീകരിക്കപ്പെട്ട കുടുംബസംവിധാനങ്ങളാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ തലമുറകള്‍ ഒരേ വീട്ടില്‍ത്തന്നെ കഴിയുന്ന രീതിയും ഒരിടത്തല്ലെങ്കില്‍പോലും അണുകുടുംബരീതികളെ അതിജയിക്കുന്ന സുദൃഢമായ ബന്ധങ്ങളും ഏറെ പ്രൗഢിയോടെ നിലനില്‍ക്കുന്നത് കാണാം. കുടുംബബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അനുഭവങ്ങളും മഹദ്വചനങ്ങളും ശാസനകളും ഒരുഭാഗത്തും, കുടുംബബന്ധങ്ങളെ അറുത്തുമാറ്റുന്നതിന്റെ തിക്താനുഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ മറുഭാഗത്തുമായി ഇസ്‌ലാമികസ്രോതസ്സുകള്‍ കുടുംബബന്ധങ്ങളെ അങ്ങേയറ്റം പവിത്രീകരിക്കുന്നു. ഇസ്‌ലാമിലെ അനന്തരാവകാശനിയമങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ബന്ധത്തിന്റെ ദൃഢത ഒന്നുകൂടി വെളിപ്പെടും.
വൈവാഹികബന്ധങ്ങളെ ഇസ്‌ലാം ശാരീരികസൗന്ദര്യത്തിനും ലൈംഗികാകര്‍ഷണത്തിനുമപ്പുറത്ത് സുന്ദരമായി സ്ഥാപിക്കുമ്പോള്‍ പടിഞ്ഞാറന്‍ സ്ത്രീവാദം വൈവാഹിക ബന്ധങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നാണ് വിചാരിക്കുന്നത്. ദമ്പതികള്‍ക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പരസ്പരം അടിച്ചേല്പിക്കാനാവില്ല. ആ ഇഷ്ടാനിഷ്ടങ്ങള്‍ ധാര്‍മികതയോടും നീതിയോടും എത്രമാത്രം നിരക്കുന്നതാണെന്ന് ബന്ധുക്കളാലും പ്രമാണങ്ങളാലും പരിശോധിക്കപ്പെടും.
സ്ത്രീകള്‍ക്ക് ലിംഗഭേദങ്ങള്‍ക്കപ്പുറമുള്ള ചുമതലകള്‍ വേണമെന്ന് ഫെമിനിസ്റ്റുകള്‍ ശഠിക്കാറുണ്ട്. ഈ രീതി ഇസ്ലാമിന് സമ്മതമല്ല. ഓരോരുത്തര്‍ക്കും ചേര്‍ന്നതരം ഉത്തരവാദിത്വങ്ങളാണ് ഇസ്‌ലാം വെച്ചിട്ടുള്ളത്. ഉദാഹരണത്തിന്, സ്ത്രീയുടെ സ്വത്തിന്റെ അവകാശി അവള്‍തന്നെയാണ്. അവളെ സംരക്ഷിക്കുന്ന ചുമതലയോ, ആദ്യം പിതാവിനും പിന്നെ ഭര്‍ത്താവിനും പിന്നീട് മക്കള്‍ക്കും ബാധ്യതയായി ഇസ്‌ലാം വെച്ചിട്ടുണ്ട്. ഗര്‍ഭധാരണം, പ്രസവാനന്തര സന്താനപരിപാലനം, ഗൃഹഭരണം എന്നീ ചുമതലകളുള്ള സ്ത്രീക്കുമേല്‍ കുടുംബത്തിന്റെ മൊത്തം ഉത്തരവാദിത്വം വലിച്ചിടുന്നത് നീതിയല്ല. അനന്തരാവകാശ നിയമത്തിലെ സ്ത്രീവിവേചനം എന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങളുടെയെല്ലാം നിമിത്തം കുടുംബത്തിലെ ഇതര അംഗങ്ങളെ തീറ്റിപ്പോറ്റേണ്ട ഉത്തരവാദിത്വം സ്ത്രീക്കില്ല എന്നുള്ളതാണ്.

''പുരുഷനാവട്ടെ സ്ത്രീയാവട്ടെ ആര്‍ സത്യവിശ്വാസം ഉള്‍ക്കൊണ്ട് സുകൃതങ്ങള്‍ ചെയ്യുന്നുവോ അവരെ നാം ഈ ലോകത്ത് വിശുദ്ധ വഴിയില്‍ ജീവിപ്പിക്കും. മരണാനന്തര ലോകത്ത് അവരുടെ വിശിഷ്ട കര്‍മങ്ങള്‍ ആധാരമാക്കി നാം പ്രതിഫലം നല്‍കും''. (ഖുര്‍ആന്‍ 16:97) വിവേചനമില്ലാത്ത, അസമത്വമില്ലാത്ത തുല്യ പരിഗണനയാണ് സ്ത്രീക്കും പുരുഷനും ഖുര്‍ആനിലൂടെ അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. ലിംഗഭേദങ്ങള്‍ക്കനുസരിച്ചല്ല ഇസ്‌ലാം വാഗ്ദാനം ചെയ്യുന്ന ഇരു ലോകവിമോചനം സ്ത്രീക്കും പുരുഷനും ലഭ്യമാവുന്നത് എന്നുകൂടി പ്രത്യേകം ഓര്‍ക്കുക.
അതിനാല്‍ ഇന്നത്തെ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാം ഉത്തരവാദിയാകുന്നില്ല. ഇസ്‌ലാമികവിരുദ്ധ സ്വഭാവങ്ങളുടെ ഹേതുവായി പൊതുവായി സംഭവിക്കുന്ന പ്രത്യാഘാതങ്ങളാണവ. സ്ത്രീപുരുഷബന്ധങ്ങളെ ഇസ്‌ലാമീകരിക്കുന്നതിലൂടെ ഈ പ്രതിസന്ധി മറികടക്കാനാവും. ഇതിന് ഏറ്റവും നല്ല തെളിവ് ഇസ്‌ലാമിന്റെ ശോഭനകാലഘട്ടമായ ഉത്തമനൂറ്റാണ്ടുകള്‍ തന്നെയാണ്. മതപണ്ഡിതകളും വര്‍ത്തകപ്രമുഖകളുമായ സ്ത്രീകള്‍ അക്കാലത്തിന്റെ സംഭാവനയാണ്. വീട്ടിലിരുന്നുകൊണ്ടുതന്നെ സ്വന്തം കര്‍മമണ്ഡലം വിപുലീകരിച്ച സ്ത്രീകള്‍ ഉത്തമനൂറ്റാണ്ടുകളിലെത്രയോ ഉണ്ടായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിലാണ് സ്ത്രീവാദം എന്ന പരികല്പനതന്നെ ഉടലെടുക്കുന്നതെന്ന സത്യം മനസ്സില്‍ വച്ചുകൊണ്ട് ഏഴാംനൂറ്റാണ്ടിലെ മുസ്‌ലിം സ്ത്രീയെ ശ്രദ്ധിച്ചു പഠിക്കണമെന്ന് സഹൃദയബുദ്ധ്യാ ഉണര്‍ത്തട്ടെ. മനുഷ്യത്വപരമായ മേന്മകളുള്ള ഏതു വിചാരങ്ങളെയും ഇസ്‌ലാം വളരെ സൗഹൃദപൂര്‍വ്വം സമീപിച്ചിട്ടുണ്ട്. സ്വയം സത്യമെന്ന് സാക്ഷ്യപ്പെടുത്തുമ്പോള്‍ തന്നെ പൂര്‍വ്വപ്രവാചകന്മാര്‍ കൊണ്ടുവന്നതും സത്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന സജീവാശയമാണിസ്‌ലാം. ദൈവനിഷേധിക്ക് പരലോകത്ത് ശിക്ഷയുണ്ടാവുമെന്ന് പറയുമ്പോഴും ഇസ്‌ലാമികരാഷ്ട്രം അവര്‍ക്കെല്ലാ പൗരാവകാശങ്ങളും വകവച്ചുകൊടുക്കുന്നു. എന്നാല്‍ ഫെമിനിസംപോലെ അന്യപശ്ചാത്തലങ്ങളില്‍ നിന്ന് അന്യലക്ഷ്യങ്ങളുമായി കടന്നുവരുന്ന വിചാരങ്ങള്‍ക്ക് അതിലും ചൈതന്യവത്തായ പ്രായോഗിക വിചാരങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഇസ്‌ലാമിക ലോകത്ത് യാതൊരു പ്രസക്തിയും കല്പിക്കപ്പെടില്ലെന്ന് മാത്രം.
ലോകത്തിന്റെ അധിപന്‍ അല്ലാഹുവാണ്. മനുഷ്യന്‍ അവന്റെ പ്രതിനിധി മാത്രമാണ്. മനുഷ്യാവകാശങ്ങള്‍ ഭരണകൂടങ്ങളുടെ ഔദാര്യമല്ല. അത് ദൈവം എല്ലാ മനുഷ്യര്‍ക്കുമായി നല്‍കിയ ഓശാരമാണ്. അധികാരകേന്ദ്രങ്ങള്‍ക്ക് അവ തടഞ്ഞുവയ്ക്കാനുള്ള അവകാശമില്ല. അല്ലാഹുവിനാല്‍ നല്‍കപ്പെട്ട ഈ ഓശാരം ചില ഇടനിലക്കാരും അധികാരകേന്ദ്രങ്ങളും പിടിച്ചുവെക്കുമ്പോഴാണ് ലോകത്തെവിടെയും അസ്വസ്ഥതകള്‍ ഉടലെടുത്തിട്ടുള്ളത്.
വ്യക്തി മുതല്‍ രാഷ്ട്രാന്തരീയതലം വരെയുള്ള വ്യത്യസ്ത അധികാരകേന്ദ്രങ്ങള്‍ കടപ്പെട്ടിരിക്കുന്നത് സമൂഹത്തോടാണ് എന്ന ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ വ്യക്തിവാദത്തെ നിരാകരിക്കുന്ന അതേ ആശയങ്ങള്‍ക്ക് ഒന്നുകൂടി ഊന്നല്‍ നല്‍കട്ടെ. സത്യം ജയിക്കുകയും സ്നേഹം വിളയുകയും സ്വാര്‍ത്ഥത കൂമ്പടയുകയും ചെയ്യുന്ന ഒരു ലോകമാണെന്റെ പ്രാര്‍ത്ഥന; മറ്റെല്ലാ മുസ്‌ലിംകളുടെയും.