പത്രങ്ങളുടെ
ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുന്നു `മാതൃഭൂമി' ആഫീസിലെ സ്വീകരണത്തില്‍ പ്രധാനമന്ത്രി നെഹ്റു കോഴിക്കോട്, ഡിസംബര്‍ 28 സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിലെ പത്രങ്ങളുടെ ഉത്തരവാദിത്വം വളരെ ഏറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും, നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധപൂര്‍വമായ ധാരണയുളവാക്കി, സഹകരണ മനോഭാവം വളര്‍ത്തുകയാണ് അവയുടെ ഇന്നത്തെ കര്‍ത്തവ്യമെന്നും പ്രധാനമന്ത്രി നെഹ്റു ഇന്ന് കാലത്ത് `മാതൃഭൂമി' ആപ്പില്സില്വെച്ചു പറഞ്ഞു. `മാതൃഭൂമി'യെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം ഇങ്ങിനെ തുടര്‍ന്നു: `രാജ്യത്തിന്റെ ഈ ഭാഗത്തെ ഒരു പത്രമാണ് മാതൃഭൂമി എങ്കിലും അത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നുണ്ട്. പ്രസിദ്ധമായ ഈ പത്രം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് അതിപ്രധാനമാണ്. അനേകം ജനങ്ങളില്‍ സ്വാധീനത ചെലുത്തിക്കൊണ്ട് മാതൃഭൂമി ഉത്തരോത്തരം വളര്‍ന്നുവന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.' കാലത്ത് 7.45ന് മാതൃഭൂമി ആപ്പീസില് എത്തിയ പ്രധാനമന്ത്രിയെ പത്രാധിപര്‍ ശ്രീ. കെ.പി. കേശവമേനോന്, മാനേജര്‍ ശ്രീ. എന്‍. കൃഷ്ണന്‍നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍, മറ്റു ജോലിക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച ആപ്പീസിന്ന് മുമ്പില്‍ പ്രധാനമന്ത്രി എത്തിച്ചേര്‍ന്നപ്പോള്‍ ചുറ്റും തിങ്ങിക്കൂടിയിരുന്ന ജനക്കൂട്ടം `ജയ്ഹിന്ദ്' വിളിച്ച് അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി മി. കാമരാജനാടാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മാതൃഭൂമിയുടെ പ്രധാന ഗെയിറ്റില്‍വെച്ച് മാനേജിങ് ഡയറക്ടര്‍ ശ്രീ. കുറൂര്‍ നീലകണ്ഠന് നമ്പൂതിരിപ്പാട് പ്രധാനമന്ത്രിയെയും ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശ്രീ. കെ. മാധവമേനോന് എം.പി. മുഖ്യമന്ത്രിയേയും ഹാരമണിയിച്ചു. പ്രധാനമന്ത്രി മൂന്നാം നിലയിലുള്ള പത്രാധിപരുടെ മുറി സന്ദര്‍ശിച്ചു. അതിനുശേഷം `ന്യൂസ് റൂമില്‍' വെച്ച് സ്റ്റാഫ് അംഗങ്ങളെയും ഡയറക്ടര്ബോര്ഡ്അംഗങ്ങളെയും പത്രാധിപര്‍ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. നെഹ്റുവിന്റെ പ്രസംഗം പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം ഇപ്രകാരമാണ്: `പ്രിയപ്പെട്ട കേശവമേനോനെ, സുഹൃത്തുക്കളേ, മാതൃഭൂമി സന്ദര്‍ശിക്കാന്‍ സൗകര്യപ്പെട്ടതില് എനിക്ക് അതിയായ സന്തോഷമുണ്ട്.രാജ്യത്തിന്റെ ഈ ഭാഗത്തെ ഒരു പത്രമാണ് മാതൃഭൂമിയെങ്കിലും അത് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നുണ്ട്. പ്രസിദ്ധമായ ഈ പത്രം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ വഹിച്ച പങ്ക് അതിപ്രധാനമാണ്. അനേകം ജനങ്ങളില്‍ സ്വാധീനം ചെലുത്തിക്കൊണ്ട് മാതൃഭൂമി ഉത്തരോത്തരം വളര്‍ന്നുവരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ``സ്വാതന്ത്ര്യസമര കാലത്തെക്കാള്‍ വളരെ ഏറെ ഉത്തരവാദിത്വം ഇന്ന് പത്രങ്ങള്‍ക്കുണ്ട്. അന്ന് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്ന ഒരു പ്രധാന ഉദ്ദേശമേ പത്രങ്ങള്ക്കുണ്ടായിരുന്നുള്ളൂ. ഇന്നാകട്ടെ, നിരവധി പ്രശ്നങ്ങള്‍ ഈ രാജ്യത്തെ അഭിമുഖീകരിക്കുകയാണ്. അവയെ വിജയപൂര്‍വം നേരിടുന്നതിന് ബഹുജനങ്ങളുടെ വെറും ഉത്സാഹത്തള്ളിച്ചയല്ല, ബോധപൂര്‍വമായ സഹകരണംആവശ്യമാണ്. ജനങ്ങളില്‍ ഈ ധാരണയും സഹകരണ മനോഭാവവും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പത്രങ്ങള്‍ അതിപ്രധാനമായ ഒരു പങ്ക് വഹിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമിയില്‍ വരാനും സ്റ്റാഫ് അംഗങ്ങളെക്കണ്ട് പരിചയപ്പെടാനും സൗകര്യം തന്നതിന് ഞാന്‍ നന്ദിയുള്ളവനാണ്. മാതൃഭൂമിയും ഞാനും തമ്മിലുള്ള ബന്ധത്തിന്നടിസ്ഥാനമായ ഒരു കാര്യത്തെക്കുറിച്ച് കേശവമേനോന് സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിച്ചില്ല. എന്റെ ഗ്രന്ഥങ്ങള്‍ മാതൃഭൂമി വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതാണ് ആ സംഗതി. അതിനാല്‍ ഒരു ഗ്രന്ഥകാരനും പ്രസാധകരും എന്ന നിലയ്ക്കുള്ള ബന്ധം കൂടിയുണ്ട് ഞാനും മാതൃഭൂമിയും തമ്മില്‍. മാതൃഭൂമിക്ക്ഞ്ഞാന് മംഗളംനേരുന്നു. സ്വാഗത പ്രസംഗം ശ്രീ. കെ.പി. കേശവമേനോന് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു: ``ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ഡയറക്ടര്‍ ബോര്‍ഡിന്റെയും സ്റ്റാഫിന്റെയും മറ്റു പ്രവര്‍ത്തകരുടെയും പേരില്‍ ഞാന്‍ അങ്ങയ്ക്ക് ഹൃദയംഗമമായ സ്വാഗതമരുളുന്നു. മുഖ്യമന്ത്രി ശ്രീ. കാമരാജനാടാരും ഈ അവസരത്തില്‍ സന്നിഹീതനായതില് ഞങ്ങള്‍ ആഹ്ലാദം കൊള്ളുന്നു. പ്രധാനമന്ത്രി ഈ സ്ഥാപനം സന്ദര്‍ശിക്കുന്നത് ഇതാദ്യത്തെ തവണയല്ല. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അങ്ങയെ ഇവിടെവെച്ച് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായി. അതിന്നുശേഷം പലതും സംഭവിച്ചു.മാതൃഭൂമി ഈ കാലത്തിന്നിടയ്ക്ക് വളരെ ഏറെ വളര്‍ച്ച പ്രാപിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പ്രധാനമായ ഒരു പങ്ക് വഹിച്ച ഞങ്ങള്‍ക്ക് അങ്ങയുടെ നേതൃത്വത്തില്‍ രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനത്തിലും സജീവമായ പങ്ക് വഹിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ. അങ്ങയുടെ മഹത്തായ ആദര്‍ശങ്ങള്‍ മാതൃഭൂമിയുമായി ബന്ധപ്പെട്ട എല്ലാവര്ക്കും പ്രചോദനം നല്കുന്നു. അവിസ്മരണീയമായ ഒരു കാര്യമാണ് അങ്ങയുടെ സന്ദര്‍ശനം. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് മാതൃഭൂമി സന്ദര്‍ശിച്ചതിന് ഞങ്ങള്‍ കൃതജ്ഞത രേഖപ്പെടുത്തട്ടെ. അങ്ങയോടുള്ള ഞങ്ങളുടെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി ഈ ഉപഹാരം - ദന്തനിര്‍മിതമായ വടികള്‍ - സ്വീകരിച്ചാലും. |