കോഴിക്കോട്, ജനവരി 13 ഇന്ന് 7.15 ന് ടൌണ്‍ ഹാളിലെ യോഗം കഴിഞ്ഞ ഉടനെ മഹാത്മജി കാര്യപരിപാടിയനുസരിച്ചു ശ്രീമാന്‍ കെ. മാധവന്നായരുടെ മറ്റൊരു ഛായാപടം അനാച്ഛാദനം ചെയ്യുവാന്‍ `മാതൃഭൂമി' ആപ്പീസില് എത്തി. മഹാത്മജിയുടെ കാര്യദര്‍ശിയായ പ്രൊഫസര്‍ മാള്ക്കാനിയും ശ്രീമാന്‍ സി. ശുക്ലയും പലെ ജര്‍മ്മന്‍ പത്രങ്ങളുടേയും പ്രതിനിധിയായ മിസ്റ്റര്‍ ബര്ട്ട്ബ്യൂതൊവും അദ്ദേഹമൊന്നിച്ചുണ്ടായിരുന്നു. ക്ഷണിക്കപ്പെട്ടതനുസരിച്ചു പലേ മാന്യന്മാരും ഗാന്ധിജി വരുന്നതിന്നു വളരെ മുമ്പുമുതല്‍ക്കുതന്നെ `മാതൃഭൂമി' കെട്ടിടത്തിന്റെ മുകളില്‍ പ്രത്യേകം അലങ്കരിക്കപ്പെട്ടിരുന്ന ഹാളില്‍ മഹാത്മജിയുടെ ആഗമനം സോല്‍കണ്ഠം പ്രതീക്ഷിച്ചുകൊണ്ട് ഇരുന്നിരുന്നു. പലരും ഗാന്ധിജിയുടെ ഒന്നിച്ചും എത്തിച്ചേര്‍ന്നു. ശ്രീമാന്മാര് കേളപ്പന്, കെ. കേശവന്നായര്, ഡോക്ടര്‍ വി.കെ. വൈദ്യര്, എ. കരുണാകരമേനോന്‍, പി. അച്ചുതന്, ടി.വി. സുന്ദര അയ്യര്‍, വി.ആര്. നായനാര്‍, ടി.ആര്. കൃഷ്ണസ്വാമി അയ്യര്‍, ബി. പാവമണി, കുറൂര്‍ നീലകണ്ഠന്‍നമ്പൂതിരിപ്പാട് തുടങ്ങി പലരും യോഗത്തില്‍ സന്നിഹിതരായിരുന്നു. മഹാത്മജി വന്ന് ആസനസ്ഥനായതിനുശേഷം `മാതൃഭൂമി' കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ മിസ്റ്റര്‍ ടി.വി. സുന്ദരയ്യര്‍ ഒരു ചെറുപ്രസംഗത്തോടു കൂടി മഹാത്മജിയെ ഛായാപടത്തിന്റെ അനാച്ഛാദനകര്‍മ്മം നിര്‍വഹിക്കുവാന്‍ ക്ഷണിച്ചു. ശ്രീമാന്‍ മാധവന്‍നായര്‍ രാജ്യത്തിനു പൊതുവിലും `മാതൃഭൂമി'ക്കു പ്രത്യേകിച്ചും ചെയ്തിട്ടുള്ള സേവനങ്ങളെക്കുറിച്ചും മിസ്റ്റര്‍ സുന്ദരയ്യര്‍ തന്റെ പ്രസംഗമദ്ധ്യേ ചുരുക്കി പ്രസ്താവിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഗാന്ധിജി എഴുന്നേറ്റു ഛായാപടത്തെ അനാച്ഛാദനം ചെയ്തു. ആലവട്ടം, വെഞ്ചാമര, വിവിധ പുഷ്പങ്ങള്‍ കൊണ്ടുള്ള മാലകള്‍, വൈദ്യുതദീപങ്ങള്‍ ഇവയാല്‍ ഛായാപടം മനോഹരമായി അലങ്കരിക്കപ്പെട്ടിരുന്നു. `മാതൃഭൂമി' ആപ്പീസ്സിലെ പ്രവൃത്തിക്കാരുടെ വക 111 ക. യടങ്ങിയ ഒരു പണക്കിഴി ഗാന്ധിജിക്കു സമര്‍പ്പിക്കുകയാണ് പിന്നീടുണ്ടായത്. ആപ്പീസിലെ ഏറ്റവും പ്രായം കുറഞ്ഞ കമ്പോസിറ്റര്‍ സി.പി. സാമിക്കുട്ടിയാണ് പണക്കിഴി മഹാത്മജിക്കു നല്‍കിയത്. ആ കുട്ടിതന്നെ ഒരു തുളസിമാലയും മഹാത്മജിയെ അണിയിച്ചു. `മാതൃഭൂമി' പത്രാധിപരുടെ ഒരു ചെറിയ പ്രസംഗത്തോടുകൂടിയായിരുന്നു പണക്കിഴി സമര്‍പ്പിക്കപ്പെട്ടത്. അദ്ദേഹം ഏതാണ്ടിങ്ങനെ പറഞ്ഞു. `മാതൃഭൂമി' പ്രവൃത്തിക്കാര്‍ക്ക് ശ്രീമാന്‍ മാധവന്‍നായരെ പ്രത്യേക ബഹുമാനാദരങ്ങളോടെ ഓര്മിക്കുവാന് കാരണങ്ങള്‍ അസംഖ്യമാണ്. `മാതൃഭൂമി'യും മാധവന്‍നായരും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ദൃഢസമ്പുഷ്ടമായ ഒന്നായിരുന്നു. മഹാത്മജിയുടെ കൈകൊണ്ട് അദ്ദേഹത്തിന്റെ ഛായാപടം അനാച്ഛാദനം ചെയ്തുകിട്ടുവാന്‍ ഭാഗ്യമുണ്ടായതില്‍ `മാതൃഭൂമി' പ്രവൃത്തിക്കാര്‍ക്ക് പ്രത്യേക ചാരിതാര്ഥ്യത്തിന്നവകാശമുണ്ട്. പക്ഷേ ഈ അനാച്ഛാദനകര്‍മ്മം നിര്‍വഹിച്ചത് മഹാത്മജിയുടെ യാത്രയുടെ പ്രധാനോദ്ദേശ്യത്തില് പെട്ടതല്ലെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം. ഹരിജനോദ്ധാരത്തിന് പണം അത്യാവശ്യമാകുന്നു. തങ്ങളാല്‍ കഴിയുന്ന ഒരു ചെറിയ സംഖ്യയെങ്കിലും മഹാത്മജിക്കു സമര്‍പ്പിക്കേണ്ടത് അവരുടെ കടമയാണെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. വലുതായ സന്തോഷത്തോടെ അവര്‍ നല്കുന്ന ആ സംഖ്യ, സ്വീകരിക്കുവാന്‍ അദ്ദേഹം മഹാത്മജിയോടപേക്ഷിച്ചു. ഇതിനെത്തുടര്‍ന്ന് മഹാത്മജിയുടെ പ്രസംഗമാണുണ്ടായത്. ഏതാണ്ട് അഞ്ച് മിനുട്ടോളം മാത്രം നീണ്ടുനിന്ന ആ പ്രസംഗത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു. ഗാന്ധിജിയുടെ പ്രസംഗം ഈ കാര്യപരിപാടി ഒരു പ്രസംഗം ചെയ്യേണ്ട ചുമതലയില്‍നിന്ന് എന്നെ ഒഴിവാക്കുന്നണ്ട്. മാധവന്നായരെപ്പറ്റി സമഗ്രമായ ഒരു പ്രസംഗം ഞാന്‍ ടൌണ്‍ ഹാളില്‍ വെച്ചു ചെയ്തുകഴിഞ്ഞു. അവിടെവെച്ച് പറഞ്ഞതിന്നു പുറമെ എനിക്കിപ്പോള്‍ യാതൊന്നുംതന്നെ പറയേണ്ടതായിട്ടില്ല. ടൌണ്‍ഹാളില്‍ വെച്ചു ഞാന്‍ ചെയ്ത പ്രസംഗം മുഴുവന്‍ `മാതൃഭൂമി' പ്രസിദ്ധം ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ നിങ്ങള്ക്ക്അത് വായിക്കുവാനുംസാധിക്കും. `മാതൃഭൂമി' സ്വന്തം കാലുകളിന്മേല്തന്നെ ഊന്നിനിന്നു ജീവിക്കുന്ന ഒരു സ്ഥാപനമാണെന്നു സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതു ദുര്‍ല്ലഭമായ ഒരു സ്ഥിതിയാണ്. ഇന്ത്യയില്‍ നന്നേകുറച്ചു പത്രങ്ങള്‍ക്കു മാത്രമേ ഇങ്ങനെ സാധിക്കുന്നുള്ളൂ. തന്നിമിത്തം മാതൃഭൂമിക്ക് ഇന്ത്യയിലെ പത്രങ്ങളുടെ ഇടയില്‍ നിസ്തുലമായ ഒരു സ്ഥാനമുണ്ട്. `മാതൃഭൂമി'യുടെ ഹൃദയം മാധവന്നായരായിരുന്നുവെന്നു നിങ്ങള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പിന്തുടരുവാന് നിങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും നിങ്ങള്‍ പറയുകയുണ്ടായി. നിങ്ങള്‍ ആദര്‍ശങ്ങളെ പിന്തുടരുവാന് വിചാരിക്കുന്നുണ്ടെങ്കില്, അദ്ദേഹം തന്നുപോയ പൈതൃകത്തെ നിങ്ങള്‍ ബുദ്ധിപൂര്‍വം വിനിയോഗിക്കണം. ഒരാള്‍ക്ക് ധാരാളം മൂലധനം മാത്രമുണ്ടായതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ആ മൂലധനത്തെ സമുചിതമായവിധം ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയെന്ന അറിവ് അയാള്ക്കുണ്ടായിരിക്കുക കൂടി വേണം. നിങ്ങള്‍ പത്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ പുഷ്ടിപ്പെടുത്തണം. സ്വന്തം കാലുകളിന്മേല്തന്നെ ഊന്നിനില്ക്കുവാന് അതിന്നുള്ള പ്രാപ്തിയെ മേലിലും നിലനിര്‍ത്തുകയും വേണം. പക്ഷേ, ഇതൊരു രണ്ടാംതരം പ്രാധാന്യം മാത്രമുള്ള കാര്യമാണ്. പത്രത്തിന്റെ നയത്തെയും അത് പൊതുജനങ്ങള്‍ക്ക് ചെയ്യുന്ന ഗുണത്തെയുമാണ് ഞാനധികം ശ്രദ്ധിക്കുന്നത്. മാധവന്നായര്ക്ക് ഈ ഹരിജനപ്രസ്ഥാനത്തോട് പരിപൂര്‍ണമായ ആനുകൂല്യമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. മാധവന്നായരുടെ ആദര്‍ശങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രാതിനിധ്യം തികച്ചുമുള്ള ഒരു പ്രസ്ഥാനമാണിത്. സവര്‍ണ ഹിന്ദുക്കളുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കുവാനും മര്‍ദ്ദിതരായ നമ്മുടെ ലക്ഷോപിലക്ഷം സഹോദരന്മാരുടെ അഭ്യുന്നതി കൈവരുത്തുവാനും മാധവന്‍നായര്‍ ചെയ്തിരുന്ന പോലുള്ള ത്യാഗങ്ങള്‍ ഇന്ന് വളരെയേറെ വേണ്ടിയിരിക്കുന്നു. ഹരിജനോദ്ധാരണത്തിനുള്ള ഈ സംരംഭത്തില്‍ സവര്‍ണ്ണര്‍ നിഷ്കാമമായും ഹൃദയപൂര്‍വമായും സഹകരിക്കാതിരിക്കുന്നപക്ഷം ഒരു മതമെന്ന നിലയ്ക്ക് ഹിന്ദു മതത്തിന്റെ ഭാവി പാടെ നിരാശജനകമാണ്.`` പ്രസംഗം കഴിഞ്ഞ് ഗാന്ധിജി, കാര്യപരിപാടി നോക്കി,''ഇനി എനിക്കു കൃതജഞ്ഞത ലഭിക്കണം`` എന്നു ചിരിച്ചുകൊണ്ട് പറഞ്ഞു. ശ്രീമാന്‍ പി. അച്ചുതനെ അത് നല്കുവാനായി അദ്ദേഹം ക്ഷണിച്ചു. കൃതജ്ഞതാപ്രകടനത്തിനായി കാര്യപരിപാടി അനുവദിച്ച രണ്ടു മിനുട്ടില്‍ കവിയരുത് എന്ന് ശ്രീമാന്‍ അച്ചുതനോടായി അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു. ശ്രീമാന്‍ അച്ചുതന്റെ കൃതജ്ഞതാ പ്രകടനം ഒന്നര മിനുട്ടിനുള്ളില്‍ കഴിഞ്ഞു. `ശരി, അത് നന്നായി` എന്നും പറഞ്ഞ് എഴുന്നേറ്റ് മന്ദഹസിച്ചുകൊണ്ട് എല്ലാവരേയും കൈകൂപ്പിത്തൊഴുത് ഗാന്ധിജി യോഗസ്ഥലം വിട്ടു. 'മാതൃഭൂമി` ആപ്പീസില്‍നിന്നു നേരിട്ട് കൃസ്ത്യന്‍ കോളേജിലേക്കായിരുന്നു ഗാന്ധിജി പോയത്. വിദ്യാര്‍ഥികളുടെ വക ഒരു പണക്കിഴി അദ്ദേഹത്തിന്നവിടെ സമര്‍പ്പിക്കുന്നതാണ്. ഗാന്ധിജിയുടെ ആഗമനം സംബന്ധിച്ച് കോഴിക്കോട്ടെ പോലീസ് ചെയ്തിരുന്ന ഏര്‍പ്പാടുകള്‍ തുലോം സ്തുത്യര്‍ഹമായിരുന്നു. ജനക്കൂട്ടത്തെ ഒതുക്കിനിര്ത്തുന്നതിലും ഗാന്ധിജിയുടെ കാറിന്നുകടന്നുപോകുവാന് മാര്ഗമുണ്ടാക്കുന്നതിലും അവര്‍ പ്രത്യേകശ്രദ്ധ പതിപ്പിച്ചിരുന്നു. |