ഒരു ബൗണ്‍സര്‍: രണ്ട് മരണം

അനീഷ് പി നായര്‍ Posted on: 28 Nov 2014


ആ ബൗണ്‍സര്‍ രണ്ട്‌പേരെയാണ് കൊന്നുകളഞ്ഞത്. ഫില്‍ ഹ്യൂസ് എന്ന ബാറ്റ്‌സ്മാനേയും സീന്‍ ആബട്ടെന്ന ബൗളറേയും. പിച്ചില്‍ കുത്തിയുയര്‍ന്ന പന്ത് ഹ്യൂസിന്റെ ടൈമിങ് തെറ്റിച്ച് കഴുത്തിന് ക്ഷതമേല്‍പ്പിക്കുമ്പോള്‍ തകര്‍ന്നു പോയത് 22 വയസ് പ്രായമുളള ആബട്ടിന്റെ മനസ്സ് കൂടിയായിരുന്നു. ഹ്യൂസിനെ മരണംകൂട്ടികൊണ്ടു പോകുന്നതിന് തലേന്ന്, ആസ്പത്രിയുടെ വരാന്തയില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും ഹ്യൂസിന്റെ സഹോദരി മെഗാനും പകര്‍ന്ന ആശ്വാസവാക്കുകള്‍ക്കൊപ്പം ആബട്ടിലെ ബൗളറെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 'ഞാനിനി ക്രിക്കറ്റ് കളിക്കുമോയെന്ന് എനിക്കുപോലും അറിയില്ലെന്ന' യുവതാരത്തിന്റെ വാക്കുകളില്‍ എല്ലാമുണ്ട്. മരണം ഫില്‍ ഹ്യൂസിനെ അനശ്വരനാക്കി. ആബട്ടിനെ ദുരന്തനായകനും. ഓസ്‌ട്രേലിയയിലെ മികച്ച പേസ് ബൗളര്‍മാരുടെ ഗണത്തില്‍പ്പെടുന്ന ആബട്ട് ഇപ്പോള്‍ പന്തിനേയും ബാറ്റിനേയും പേടിക്കുന്നു, മൈതാനത്തെ ആരവങ്ങളെ പേടിക്കുന്നു, ക്രിക്കറ്റിനേയും പേടിക്കുന്നു. ബൗണ്‍സര്‍ എറിയാന്‍ തീരുമാനിച്ച, ശപിക്കപ്പെട്ട മുഹുര്‍ത്തത്തെ താരം ഇപ്പോള്‍ ശപിക്കുന്നുണ്ടാകും.

ലോകത്ത് ഫില്‍ഹ്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് എഴുതപ്പെട്ട എല്ലാവാര്‍ത്തകളും ആബട്ട് സ്ഥാനം പിടിച്ചിട്ടുണ്ടാകും. ഒരു കൊലയാളിയെന്ന പോലെ കുറെ പേരെങ്കിലും താരത്തെ കാണുന്നുണ്ടാകും. വിക്കറ്റുകള്‍ക്ക് പിന്നില്‍ എഴുതപ്പെടേണ്ട നാമം മരണത്തിന് പിന്നില്‍ എഴുതപ്പെടുന്ന ക്രൂരവിധി. ക്രിക്കറ്റ് ചരിത്രം പലര്‍ക്കും അത്തരം വിധി നല്‍കിയിട്ടുണ്ട്. അതില്‍ പലരേയും പുറം ലോകം അറിയാതെ പോയി. ചിലര്‍ ലോകത്തിന് മുന്നില്‍ വെറുക്കപ്പെട്ടവരായി നിന്നു. രണ്ടായാലും അവരുടെ പിന്നീടുളള ജീവിതത്തില്‍ ക്രിക്കറ്റ് ദുരന്തമായി.

മെഹ്‌റാബ് ഹുസൈന്‍ എന്ന ക്രിക്കറ്ററെ പെട്ടെന്ന് ആര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ രമണ്‍ ലാംബയെ ഓര്‍ക്കുമ്പോള്‍ അറിയാതെ മെഹ്‌റാബിനെ ഓര്‍ത്തുപോകും. അതാണ് ജീവിതത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്ററെ വേട്ടയാടുന്നതും. 1998 ഫിബ്രവരി 20 നാണ് മെഹ്‌റാബിന്റെ ജീവിതം മാറിമറഞ്ഞതും രമണ്‍ ലാംബയെന്ന ഇന്ത്യന്‍ ക്രിക്കറ്ററുടെ ജീവിതം അവസാനിച്ചതും.

അബഹാനി ക്രീഡചക്രയും ഡാക്ക മുഹമ്മദന്‍സും തമ്മിലുളള ക്രിക്കറ്റ് മത്സരം. മുഹമ്മദന്‍സിനായി ബാറ്റ് ചെയ്യുന്ന മെഹ്‌റാബിന്റെ ശക്തിയേറിയ ഷോട്ട് ക്ലോസ് ഇന്‍ ഫീല്‍ഡര്‍ രമണ്‍ ലാംബയുടെ തലയിലിടിച്ച് വിക്കറ്റ്കീപ്പര്‍ക്ക് ക്യാച്ചായി മാറുന്നു. കുറച്ചു നേരത്തിന് ശേഷം അസ്വസ്ഥത തോന്നിയ ലാംബ തിരിച്ച് പവലിയിനിലേക്ക് മടങ്ങുന്നു. പിന്നീടൊരിക്കലും ലാംബ ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെ വന്നില്ല. ജീവിതത്തിലേക്കും.

ലാംബയുടെ മരണം മെഹ്‌റാബിന്റെ ജീവിതം നരകതുല്യമാക്കി. ക്രിക്കറ്റ് കളി നിര്‍ത്തി വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടി. ഉറങ്ങാന്‍ കിടന്നാല്‍ ലാംബയുടെ മുഖം തെളിഞ്ഞു വരും, പിന്നെ ആ ഷോട്ടും. കുറെ കാലത്തിന് ശേഷം മെഹ്‌റാബ് വീടിനടുത്തുളള സ്‌കൂളിലെ പരിപാടിക്ക് മുഖ്യാതിഥിയായി പോയി. അവിടുത്തെ കുട്ടികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ബാറ്റുപയോഗിച്ച് പന്ത് അടിച്ചു നല്‍കി. ഇതിനിടെയില്‍ അടി്ച്ച പന്ത് ക്യാച്ച് ചെയ്യാനുളള ഒരു പയ്യന്റെ ശ്രമം പരാജയപ്പെടുകയും മുഖത്ത് പതിക്കുകയും ചെയ്തു. ഇതോടെ മെഹ്‌റാബിന്റെ ഉളളിലേക്ക് ലാംബയുടെ ഓര്‍മ്മകള്‍ തികട്ടിവന്നു. ബംഗ്ലാ താരം വീണ്ടും വിഷാദത്തിലേക്ക് വീഴുകയും ചെയ്തു. നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷമാണ് മെഹ്‌റാബിന് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ സാധിച്ചത്.

ദില്‍ധര്‍ അവാന്‍ എന്ന പാക് ക്രിക്കറ്റര്‍ക്ക് ഇന്നും സ്വന്തമായി നിലനില്‍പ്പില്ല. പാക് വിക്കറ്റ് കീപ്പര്‍ അബ്ദുള്‍ അസീസുമായി ചേര്‍ത്താണ് ഇപ്പോഴും അവാന്‍ അറിയപ്പെടുന്നത്. 1959 ജനവരി 16 ന് പാക്കിസ്താന്‍ കംബൈന്‍ഡ് സര്‍വീസസിന് വേണ്ടിബൗള്‍ ചെയ്ത അവാന്റെ പന്ത് നെഞ്ചില്‍ തട്ടി അബ്ദുള്‍ അസീസ് മരണത്തിന് കീഴടങ്ങി. ക്രിക്കറ്റ് ചരിത്രത്തില്‍, കളിക്കളത്തിലെ മരണങ്ങളില്‍ അത് മൂന്നാമത്തെതായിരുന്നു.

നന്നായി കളിച്ചുവന്ന അവാന്‍ അതോടെ തകര്‍ന്നു. പിന്നീട് ഏറെ കാലം കളിക്കാന്‍കഴിഞ്ഞില്ല.

ആബട്ടിനേയും മെഹ്‌റാബിനേയും അവാനേയും പോലെയുളളവര്‍ ക്രിക്കറ്റിന്റെ ചരിത്ത്രില്‍ ഇനിയുണ്ട്. അതില്‍ പലരും അദൃശ്യരാണ്. സുള്‍ഫിക്കര്‍ ഭാട്ടിയുടേയും ഡാറില്‍ റിന്‍ഡാലിന്റെയും ജോര്‍ജ് സമ്മേഴ്‌സിന്റെയും മരണത്തിന് കാരണമായ പന്തറിഞ്ഞവര്‍ക്ക് കായികലോകത്തിന് മുന്നില്‍ മേല്‍വിലാസമില്ല. എന്നാല്‍ അവര്‍ക്ക് പിന്നീടൊരിക്കലും മുമ്പുണ്ടായിരുന്ന താല്‍പ്പര്യം കളിയോട് പിന്നീടുണ്ടായിട്ടുണ്ടാവില്ല.

ആബട്ടിന് കൗണ്‍സിലിങ് നടത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. കളിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനേക്കാള്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണത്. യുവതാരം അത്രക്ക് തകര്‍ന്നിരിക്കുന്നു. കളിയിലെ സ്‌നേഹിച്ച് കൊണ്ട് കളത്തിലേക്ക് ഇറങ്ങുമ്പോള്‍ സ്വന്തം ടീമിന്റെ ജയം മാത്രം മുന്നില്‍ കാണുന്നവര്‍ എത്ര പെട്ടെന്നാണ് ലോകത്തിന് മുന്നില്‍ വെറുക്കപ്പെട്ടവനാകുന്നത്. ക്രിക്കറ്റ് ലോകം മുഴുവന്‍ ആബട്ടിന് പിന്തുണ പ്രഖ്യാപിച്ചിട്ടും ഞാനിനി ക്രിക്കറ്റ് കളിക്കുമോയെന്നറിയില്ലെന്ന വാക്കുകളില്‍ ആഴമുളള സങ്കടമുണ്ട്. തന്നോളം ക്രിക്കറ്റിനെ സ്‌നേഹിച്ച ഒരാളെ കണ്‍മുന്നില്‍ ഇല്ലാതാക്കിയ പന്തിനെ അബോട്ട് പേടിക്കുന്നുണ്ടാകും.



Photogallery Philip Hughes

 

ga