ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിന്റെ 1500 ഇരട്ടി ഊര്‍ജമാണ് സുമാത്ര ഭൂകമ്പത്തിലും സുനാമിയിലും ഉണ്ടായത്.
ക്രിസ്മസ് രാത്രിയിലെ ആഘോഷം കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോള്‍ അന്ന് കടലിന് എന്തോ പന്തികേട് ഉള്ളതുപോലെയാണ് പലര്‍ക്കും തോന്നിയത്. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കടല്‍ കരയിലേക്ക് തള്ളിക്കയറി. കൊല്ലം, ആലപ്പുഴ കടപ്പുറങ്ങളിലെ വീടുകളെ തിരമാല വിഴുങ്ങി. അധികം സമയം വേണ്ടിവന്നില്ല നൂറിലേറെ പേരെ കടല്‍ കൊണ്ടുപോയി.
പതിനാല് രാജ്യങ്ങളിലെ 2,30,000 പേരെ കൊന്നൊടുക്കിയ സുനാമി ദുരന്തത്തിന് പത്ത് വയസ്സ്. ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ 30 മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ അന്ന് സര്‍വതും തച്ചുതകര്‍ത്തു.
2004 ഡിസംബര്‍ പുലര്‍ച്ചെ 6.28ന് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് സമീപമുണ്ടായ സമുദ്ര ഭൂകമ്പത്തെത്തുടര്‍ന്നാണ് സുനാമികള്‍ ഉണ്ടായത്. വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് 160 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്.
ഇവിടെ ഭ്രംശ മേഖലയില്‍ ഇന്ത്യന്‍ ഭൂഫലകം ബര്‍മാ ഫലകത്തിനടിയിലേക്ക് തള്ളിക്കയറി. 1300 കിലോമീറ്റര്‍ നീളംവരുന്ന പ്രദേശത്ത് ഭൂമിയുടെ അടിത്തട്ട് 15 മുതല്‍ 20 മീറ്റര്‍ വരെ ഉയര്‍ന്നുപൊങ്ങി. ഈ പ്രദേശത്തുനിന്ന് തള്ളിയ വെള്ളമാണ് വന്‍ തിരമാലകളായി എല്ലാ ഭാഗത്തേക്കും വ്യാപിച്ചത്.
ആഴമേറിയ സമുദ്രത്തില്‍ സുനാമികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ചെറിയ ഉയരമേ തിരമാലകള്‍ക്ക് ഉണ്ടാകു. കരയിലെത്തുമ്പോഴാണ് ഇവ ഉയര്‍ന്നുപൊങ്ങുന്നത്. മണിക്കൂറില്‍ 500-1000 കിലോമീറ്ററാണ് ഇതിന്റെ സഞ്ചാരം.
ഭൂകമ്പവും സുനാമിയുംമൂലം ഇന്‍ഡൊനീഷ്യയിലാണ് കനത്ത നാശമുണ്ടായത്. ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും വന്‍ നാശനഷ്ടമുണ്ടായി. ഇന്‍ഡൊനീഷ്യയില്‍ 167799 പേരാണ് മരിച്ചത്. 37063 പേരെ കാണാതായി. ശ്രീലങ്കയില്‍ 35322 പേരും ഇന്ത്യയില്‍ 18045 പേരും മരിച്ചു. കേരളത്തില്‍ മരണം 175 ആയിരുന്നു.
തമിഴ്‌നാട്ടില്‍ നാഗപട്ടണം, കന്യാകുമാരി ഭാഗങ്ങളിലാണ് കൂടുതല്‍ ജീവഹാനിയുണ്ടായത്. നാഗപട്ടണം ജില്ലയില്‍ 5000 പേര്‍ മരിച്ചു.