LATEST NEWS

Loading...

Custom Search
+ -

വരാഹങ്ങള്‍ക്ക് മുമ്പൊരു കൂര്‍മം

ഓര്‍ത്തുനോക്കുമ്പോള്‍ 15

Posted on: 25 Oct 2014

 

വെറുതെ ഓര്‍ത്തുനോക്കാന്‍ എന്തു രസമാണ്. അമ്മിഞ്ഞമധുരമായി നുണയാം ഓര്‍മ്മകള്‍. പട്ടംപോലെ പറത്താം. ആദ്യചുംബന തീവ്രതയിലെന്നോണം അനുഭവിക്കാം. ഓര്‍ത്തോര്‍ത്ത് എവിടെയൊക്കെ എവിടെയൊക്കെ എത്താം... ഓര്‍മ്മകള്‍ പതിനാലുലകങ്ങളിലേക്കുമുള്ള പാസ്‌പോര്‍ട്ടാണ്. മരുനഗരങ്ങളില്‍ ഉരുകുമ്പോള്‍ ഓര്‍മ്മകളുടെ ഭൂതകാലക്കുളിര്‍ മാത്രം കൂട്ടായുള്ളവര്‍ക്കായുള്ള പംക്തി പുനരാരംഭിക്കുന്നു...


ശരത്കൃഷ്ണ
(rsarathkrishna@gmail.com)
വര: മദനന്‍

തന്തിരുവടി മുതിര്‍ന്നാമയായവതരി-
്ച്ചന്തികേ ധരാധരം തങ്കീഴേ ചേര്‍ന്നുനിന്നു
പന്തിയിലൊരുമിപ്പിച്ചുന്തിയങ്ങുയര്‍ത്തിനാ
നെന്തൊരത്ഭുതം തുലോമുയര്‍ന്നു ഗിരിവരന്‍

(ശ്രീ മഹാഭാഗവതം,അഷ്ടമസ്‌കന്ധം)


നാലുവരിച്ചേലയുടുക്കുന്നതിനും മുമ്പ്, കടകോലിനുമേലെ വാസുകിയെന്നോണം വളഞ്ഞുകിടന്ന ദേശപാത. പര്‍വതസമാനമായ ഉയരമുണ്ടായിരുന്നു അതിലേക്ക്. താഴെ ചന്തയിലേക്കുള്ള ചെറുവഴിയുടെ കമാനമായ കിണറിനരികെ വെള്ളനിറമുള്ള ആമയെപ്പോലെ അതു വിശ്രമിച്ചു. ഞങ്ങളുടെ ജീവിതത്തെ താങ്ങിനിര്‍ത്താനായി പൗരാണികമായ ഏതോ പാല്‍ക്കടലില്‍ പ്രത്യക്ഷമായ കൂര്‍മാവതാരം. ഷംസിന്റെ അംബാസിഡര്‍.


ഞങ്ങളെ ഈ ഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി യാത്രപോയിരുന്നത് ആ വണ്ടിയായിരുന്നു. പിറവികളുടെ ആകാശങ്ങളിലേക്ക് സഞ്ചരിച്ച വെള്ളനിറമുള്ള മാലാഖ. ഇവിടെനിന്നുള്ള മടക്കവും അതില്‍തന്നെയായിരുന്നു. അപ്പോഴത് കണ്ണീര്‍മാരിയെ കരളില്‍നിറച്ച കാര്‍മേഘം. ഇങ്ങനെ ജനനത്തിനും മരണത്തിനുമിടയില്‍ അഞ്ചലോട്ടക്കാരനെപ്പോലെ കിതച്ചും വിയര്‍ത്തും നീങ്ങി,ഷംസിന്റെ അംബാസിഡര്‍.

അക്കാലം അംബാസിഡറിലുണ്ടായിരുന്നു ഒരു നാടിന്റെ നെഞ്ചിടിപ്പ്. മനുഷ്യന്റെ പ്രതീക്ഷയായിരുന്നു അതിന്റെ ഇന്ധനം. ജീവിതം ഒരു നാല്ക്കവലയില്‍ നിശ്ചലമാകുകയോ വഴിമുട്ടുകയോ ചെയ്യവേ നമ്മള്‍ 'കാറുവിളിക്കൂ' എന്നു വിലപിക്കുകയോ അതിനുവേണ്ടി കാത്തിരിക്കുകയോ ചെയ്തു. അപ്പോള്‍ ദൈവം അയച്ച രഥംപോലെ അംബാസിഡര്‍ വന്നു. അതിലേറി നമ്മള്‍ പലവഴികളിലേക്ക് തിരിഞ്ഞു. ആഹ്ലാദത്തിലേക്ക്,അലമുറകളിലേക്ക്,അലകടലിനപ്പുറത്തേക്ക്...

ഏതൊരു നാട്ടിലും അന്ന്,ഒരു അംബാസിഡര്‍ നിശ്ചയം. ആകെയുള്ള ആശ്രയം. ഒരേസമയം ശരണമാകാനും ശവമഞ്ചമാകാനും ശരശയ്യയാകാനും അന്യജീവനുതകുന്ന ശലഭമാകാനും കഴിയുന്ന ശകടം. രണ്ടുജനുസ്സുകളില്‍പെട്ടവയായിരുന്നു അന്നത്തെ അംബാസിഡറുകള്‍. വാടയ്‌ക്കെടുക്കാവുന്ന യന്ത്രഹൃദയമായിരുന്നു ചിലയിടങ്ങളില്‍. മറ്റുചിലദേശങ്ങളില്‍ ആനയെപ്പോലെ മുറ്റത്ത് നിര്‍ത്തുന്ന ആഡംബരം. പക്ഷേ ദൗത്യം ഒന്നുതന്നെയായിരുന്നു. സഹായത്തിനായി ആരുവിളിച്ചാലും ഇറങ്ങിച്ചെല്ലുന്ന നന്മയുടെ പേര്കൂടിയായിരുന്നു അംബാസിഡര്‍. അതുകൊണ്ട് ഒരുവിളിക്ക് കാതോര്‍ത്തുകിടന്നു,അത് അവിടെയും ഇവിടെയും. എന്നും,എപ്പോഴും.


അംബാസിഡറിനെ നോക്കിനോക്കി കണ്ണൊരു ഒപ്പുകടലാസായി മാറിക്കാണണം. കൂട്ടിയെഴുതിയ 'ന' എന്ന അക്ഷരം മലകളും അതിനുമുകളിലെ വൃത്തം സൂര്യനുമാകുന്ന ബാല്യകാലവരകളില്‍ തെളിഞ്ഞ വണ്ടിക്ക് അംബാസിഡറിന്റെ ഛായയായിരുന്നു. ഒരു നേര്‍രേഖ. പിന്നെയൊരു 'റ'. വീണ്ടുമൊരു നേര്‍വര. അതവസാനിക്കുന്നിടത്തുനിന്ന് തുടങ്ങുന്ന അര്‍ധചതുരം. താഴെ രണ്ടു പൂജ്യങ്ങള്‍. ഒരു അംബാസിഡറിന്റെ ജനനം.

മുട്ടയിടാനായി കരയിലേക്ക് വരുന്ന കടലാമകളെപ്പോലെ അംബാസിഡര്‍ കാഴ്ചയ്ക്ക് മീതേ അടയിരുന്നു. വെളുപ്പായിരുന്നു സാര്‍വത്രികനിറം. അവയ്ക്കിടയിലുമുണ്ടായിരുന്നു വര്‍ണവിവേചനം. തൊലികറുത്തവനോട് എന്തോ ഒരു അയിത്തം. പട്ടാളപ്പച്ചയില്‍ അപൂര്‍വം ചിലര്‍ വേറിട്ട് ചരിച്ചു. വേഴാമ്പലിന്റെ ചുണ്ടിനെപ്പോലെയായിരുന്നു അംബാസിഡറിന്റെ വാതില്‍പ്പിടി. മഴനോറ്റിരിക്കുന്ന പക്ഷിയുടെ പ്രണയം കാറിനോടല്ലാതെ മറ്റെന്തിനോട്?

ചുവന്ന നിറമുള്ള നാട്ടുവഴികളിലൂടെ ദിവസം ഒരുപ്രാവശ്യമെങ്കിലും ഇഴഞ്ഞുപോകുമായിരുന്നു അംബാസിഡര്‍. അതിനുള്ളിലെന്തെന്നും ആരെന്നും നാട് ആകാംക്ഷയോടെ നോക്കി. ചോദ്യങ്ങള്‍ വന്നുതൊടുമ്പോള്‍ ഡ്രൈവറുടെ തലനീണ്ടുവന്നു. ചുരുക്കം വാക്കുകളിലെ ഉത്തരത്തോടെ പിന്നെ ഉള്‍വലിഞ്ഞു. പിന്നെയുമിഴഞ്ഞു,മറഞ്ഞു.


ആമയെപ്പോലെയെങ്കിലും ആനയുടെ മസ്തകത്തോടുപമിക്കാമായിരുന്നു മുന്‍ഭാഗം. അവിടെ മദഗിരിപോലെ ഒരു വെള്ളിവര. വളരാന്‍ മറന്നുപോയ തുമ്പി. പിറകില്‍ പക്ഷേ ഒരു പത്തായപ്പുര. പിടിച്ചുയര്‍ത്തുമ്പോള്‍ ആമാടപ്പെട്ടിപോലെ തുറന്നുവരുന്ന അത്ഭുതം. അതില്‍ വാഴക്കുലമുതല്‍ വാളയാര്‍ കടന്നുവരുന്ന വാറ്റുച്ചാരായച്ചേരുവ വരെ ഉള്ളടങ്ങി.
ഗിയറിന്റെ ആരോഹണാവരോഹണങ്ങള്‍ ഇന്നത്തേതുപോലെ അരസികമായ പ്രവൃത്തിയല്ലായിരുന്നു അന്ന്. സ്റ്റിയറിംഗിനരികെ ഓര്‍ക്കസ്ട്ര കണ്ടക്ടറുടെ കയ്യിലെ വടിപോലെ ഒന്ന്. അതിന്റെ ചലനങ്ങളില്‍ അംബാസിഡര്‍ താരസ്ഥായിയിലും മന്ദ്രസ്ഥായിയിലും ഗമിച്ചു. കാറോട്ടം ഒരു സിംഫണിയായി.

ഓരോ അംബാസിഡറിലുമുണ്ടാകും കയറുന്നവര്‍ക്ക് ഓര്‍ത്തിരിക്കാനൊരു അടയാളം. ചെവിപോലെയുള്ള കുഞ്ഞുലോക്കില്‍ കിഴുക്കുനല്കിയാലും പിടിവാശി കാട്ടി അനങ്ങാതെയിരിക്കുന്ന ചില്ല്. മറ്റൊരാളുമായുള്ള തീവ്രചുംബനത്തിന്റെ അടയാളമായ പോറല്‍. അപ്പൂപ്പന്റെ പല്ലുപോലെ ആടിയിരുന്ന ക്ലച്ച്. ഏതോ മെക്കാനിക്കിന്റെ കരുവിരുതായ കാക്കപ്പുള്ളി.

ലോകത്ത് ഗര്‍ഭപാത്രങ്ങളുടെ വേദന ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത് അംബാസിഡറാകും. നിറവയറുകളെ ഒരുസോപ്പുകുമിളയെന്നോണം സംരക്ഷിച്ച കൈക്കുമ്പിള്‍. പത്താംമാസത്തിന്റെ,പച്ചമാംസത്തിന്റെ നീറ്റലറിഞ്ഞ സീറ്റുകള്‍. ഗര്‍ഭിണികളുമായി പോകുമ്പോള്‍ അംബാസിഡറിന് അച്ഛന്റെ മനസ്സായിരുന്നു. അമ്മയെന്ന വാക്കിലേക്കുള്ള ദൂരം കൂടിയാണ് അത് ഓടിത്തീര്‍ത്തത്. ചിലനേരങ്ങളില്‍ അംബാസിഡര്‍ സ്വയം ആശുപത്രിമുറിയായി. ഒരു പുതിയജീവനായി കൈവിരിച്ചുനിന്ന തൊട്ടില്‍. അതിലേക്ക് കരഞ്ഞുവീണ കുഞ്ഞിന് തോന്നിക്കാണണം വലിയൊരു ഗര്‍ഭപാത്രത്തിനുള്ളിലാണ് ഇപ്പോഴുമെന്ന്. പക്ഷേ മുകളില്‍ ചാരനിറത്തിലൊരാകാശം,താഴെ ഇരമ്പുന്ന ഭൂമി.


ജനിയില്‍ നിന്ന് മൃതിയിലേക്ക് അംബാസിഡറിന് ഒരു ഗിയറിന്റെ ദൂരമേയുണ്ടായിരുന്നുള്ളൂ. രണ്ടുതരം കരച്ചിലുകള്‍ക്കിടയില്‍ ഒരു കാര്‍. ഇടനെഞ്ചിടയുന്നവരുമായി ആകാവുന്ന വേഗത്തിലോടുമ്പോള്‍ അംബാസിഡറിന് ഇരട്ടച്ചങ്കുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും നിശ്ചലമാകാവുന്ന ഒരു ഹൃദയം അതിനുള്ളില്‍ രക്ഷകനെത്തേടി പിടഞ്ഞു. വിവശമായ മിടിപ്പുകള്‍ കേട്ട് കാറിന്റെ ഞരമ്പുകളിലെ രക്തസമ്മര്‍ദം ഉയര്‍ന്നു.

കല്യാണനാളില്‍ കാരണവരായി കൈപിടിച്ചുകൊണ്ടുപോയതും മറ്റാരുമല്ല. സാമ്പാറില്‍കുതിര്‍ന്ന ഇഡ്ഡലികളുടെ മണമുള്ളവരെ അട്ടിയിട്ട തീപ്പെട്ടിക്കൂടു പോലെയുള്ള വാനിനും ജീപ്പിനും പിന്നില്‍ വരന്റെ കാര്‍ മുല്ലപ്പൂഗന്ധത്തോടെ നീങ്ങി. അതിന്റെ മുന്‍സീറ്റില്‍ വിറയാര്‍ന്ന വിരലുകളും വിയര്‍ത്തൊട്ടിയ കുപ്പായവുമായി ഒരാളും. തിരിച്ചുവരവില്‍ അയാള്‍ അമീബയെപ്പോലെ രണ്ടായിമാറിയ അത്ഭുതവും സംഭവിച്ചു. അരികില്‍ അംബാസിഡറിന്റെ അടിത്തട്ടിലേക്ക് ആഴക്കിണറ്റിലേക്കെന്നപോലെ കൗതുകംകലര്‍ന്ന നോട്ടവുമായി അവള്‍. കോര്‍ത്തവിരലുകള്‍,പുതുമണം മാറാത്ത പുടവ, നെറ്റിയിലേക്ക് അലിഞ്ഞൊഴുകുന്ന സിന്ദൂരനദി. അവര്‍ക്കുപിന്നില്‍ കാലം ആ കാറിന്റെ മുടിക്കെട്ടില്‍ ചൂടിച്ചുകൊടുത്ത രണ്ടുമാലകള്‍.

യാത്രികനായ പ്രവാസിക്കതൊരു യാനപാത്രമായിരുന്നു. ആദ്യമായിപ്പോകാനും അവധികള്‍ക്ക് വരാനും തിരികെ മടങ്ങാനുമുള്ള വികാരനൗക. അംബാസിഡറിലെ ഇരിപ്പിടച്ചൂടേല്ക്കാത്ത ഒരു ഗള്‍ഫുകാരന്‍പോലുമില്ലായിരുന്നു,പണ്ട്. അവന്റെ നെഞ്ചിന്റെ, നെടുവീര്‍പ്പുകളുടെ താപമായിരുന്നു അത്. ആ യാത്രകളിലൊക്കെ അംബാസിഡറിന് മുകളില്‍ കയറുകളാല്‍ ചുറ്റിവരിയപ്പെട്ട പെട്ടിയുണ്ടായിരുന്നു. അതിനെ വാസനിച്ചാല്‍ അറിയാമായിരുന്നു യാത്ര എങ്ങോട്ടെന്ന്. സുഗന്ധദ്രവ്യങ്ങളുടേതെങ്കില്‍ വീട്ടിലേക്ക്. അച്ചാറിന്റേയും ചമ്മന്തിപ്പൊടിയുടേതുമെങ്കില്‍ വിമാനത്താവളത്തിലേക്ക്. നാട്ടിലേക്കുള്ള വരവില്‍ കാറിന്റെ പിന്നാമ്പുറം കഥകളിക്കാരന്റെ ഉടുത്തുകെട്ടുപോലെ വീര്‍ത്തു. മടങ്ങിപ്പോകുമ്പോള്‍ യാത്രികന്റെ ഹൃദയംപോലെ ശൂന്യമായി. കിനാവുകളുടെ കേവുഭാരമായിരുന്നു അന്ന് അംബാസിഡര്‍ ചുമന്നത്.

അധികാരചക്രം തിരിഞ്ഞിരുന്നതും സാധാരണക്കാരന്റെ ഈ വാഹനത്തില്‍തന്നെ. ആദ്യമായി കൊടിവച്ച കാര്‍. ജനായത്ത ഭരണത്തിന്റെ ഏറ്റവും ലളിതമായ പ്രതീകമായി അംബാസിഡര്‍ മന്ത്രിമാരെയും കൊണ്ട് ഒരുകാലം കേരളമെങ്ങും സഞ്ചരിക്കുന്ന സെക്രട്ടറിയേറ്റായി. അതിന്റെ പിന്‍സീറ്റില്‍ പച്ചയും നീലയും അതിരുവരയ്ക്കുന്ന ടവ്വലുകള്‍ ചുളിവില്ലാതെ കിടന്നു. രാഷ്ട്രപതി വരെ അംബാസിഡറിനകത്തേക്ക് കയറുമ്പോള്‍ തലകുനിച്ചു.


പക്ഷേ,കാലമെന്ന കൗശലക്കാരനായ മുയലിനോടുളള ഓട്ടപ്പന്തയത്തില്‍ തോറ്റുപോയി ഒടുവില്‍ അംബാസിഡര്‍. ഹൃദയസ്തംഭനം. ചിലര്‍ ഭൂമിയെ ഭരിച്ച ജീവിയുടെ പൗരാണികമായ ഫോസില്‍പോലെ വര്‍ക്ക്‌ഷോപ്പുകളില്‍ വാതിലുകളറ്റ് കിടന്നു. ആമയിറച്ചി കള്ളുഷാപ്പുകളിലെ വിശിഷ്ടവിഭവമായതുകണക്കെയായിരുന്നു വേറെ കുറേപ്പേരുടെ വിധി. തോടുകളഞ്ഞ് ആരൊക്കെയോ ചേര്‍ന്ന് പങ്കിട്ടെടുത്തു. അനവധിയെണ്ണം മുള്‍ക്കിരീടങ്ങള്‍ക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ടു. ഷംസ് ഇന്‍ഡിക്കയുടെ ഡ്രൈവിങ് സീറ്റില്‍ ശ്രുതിചേരാന്‍ മടിക്കുന്ന പാട്ടുപോലെ കാണപ്പെട്ടു. കൂര്‍മം, തേറ്റപോലെ മുന്നില്‍ സ്വചിഹ്നംപേറിയ വരാഹാവതാരങ്ങള്‍ക്ക് വഴിമാറി.

പക്ഷേ പാടത്തുനിന്ന് വരമ്പത്തേക്ക് കയറിയ അതിഥിയായി,രണ്ടുനേര്‍വരകള്‍ക്കിടയിലെ അര്‍ധവൃത്തമായി,നാളെയാണ് നാളെയാണ് എന്ന് ഓര്‍മിപ്പിച്ച ഭാഗ്യക്കുറിവണ്ടിയായി, പിന്നെ അത്തര്‍മണമായും അവധിക്കാലമായും അനാദിയായ അമ്മച്ചൂടായും അത് ബാക്കിയാകുന്നു. സ്വന്തം ശരീരത്തില്‍ തൊട്ടുനോക്കൂ...അറിയാനാകും അംബാസിഡറിന്റെ തഴമ്പും തണുപ്പും താപവും....


(100%) (3 Votes)

 

 

Other News in this Section