LATEST NEWS

Loading...

Custom Search
+ -

യാമമോട്ടോയുടെ ഗുഹ

മുരളി തുമ്മാരുകുടി

Posted on: 14 Sep 2015

 

ഒരു മഹാസമുദ്രത്തിന്റെ നടുക്ക് ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ കിടക്കുന്ന നാടും ജനങ്ങളും എങ്ങനെയാണ് വന്‍ശക്തികളുടെ ചതുരംഗതിലെ കളവും കരുക്കളും ആകുന്നത്? ലോകത്തിന്റെ അറ്റത്തുള്ള ഈ നാട്ടില്‍ യാമമോട്ടോയും മാക് ആര്‍തറും ഒക്കെ എങ്ങനെ എത്തി പറ്റുന്നു?


പാപ്പുവ ന്യൂ ഗിനിയിലെ ഉപേക്ഷിക്കപ്പെട്ട ചെമ്പ്, സ്വര്‍ണ്ണ ഖനി


മലയാളി എത്താത്ത നാടില്ല എന്നു നാം പലപ്പോഴും അഹങ്കാരത്തോടെ പറയാറുണ്ടല്ലോ. സംഗതി ഏറെക്കുറെ സത്യമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് മലയാളികളുടെ പുറത്തേക്കുള്ള പ്രവാഹത്തിന്റെ കാലമായിരുന്നു. തൊഴിലവസരങ്ങള്‍ എവിടെയുണ്ടോ, അത് ശ്രീലങ്ക ആയാലും ദക്ഷിണാഫ്രിക്ക ആയാലും അവിടെ മലയാളികള്‍ എത്തി.

എന്നുവച്ച് സ്വകാര്യ അഹങ്കാരം ഒന്നും വേണ്ട കേട്ടോ. കപ്പലോട്ടിച്ച തമിഴന്റെ കാലംതൊട്ട് തമിഴന്‍മാരും സിന്‍ഡ്ബാദിന്റെ കാലംതൊട്ട് അറബികളും വൈക്കിംഗുകളുടെ കാലംതൊട്ട് യൂറോപ്പുകാരും ഒക്കെ പരദേശയാത്ര തുടങ്ങിയതാണ്. സത്യം പറഞ്ഞാല്‍ കുരുമുളക് നോക്കി എല്ലാവരും ഇങ്ങോട്ട് വന്നതിനാല്‍ പുറത്തേക്ക് നോക്കാന്‍ നമ്മള്‍ അല്‍പ്പം വൈകി.

മലയാളികള്‍ എവിടെവരെയെത്തി എന്നത് എന്നെ ഏറ്റവും അമ്പരപ്പിച്ചത് പോര്‍ട്ട് മോറസ്ബി ( Port Moresby ) യിലെ ആഗമന ( arrival ) ഹാളില്‍വച്ചാണ്. പെസഫിക് ദ്വീപസമൂഹമായ പാപ്പുവ ന്യൂ ഗിനിയുടെ ( Papua New Guinea ) തലസ്ഥാനമാണ് പോര്‍ട്ട് മോറസ്ബി. ന്യൂസിലന്‍ഡിന് മുകളില്‍ ലോകത്തിന്റെ അവസാനത്തിന്റെ അടുത്താണീ സ്ഥലം. ജനീവയില്‍നിന്ന് ദുബായ്, പിന്നെ മാനില, അവിടെനിന്ന് ഒരു ദിവസം താമസിച്ച് പോര്‍ട്ട് മോറസ്ബി-എന്നിങ്ങനെ രണ്ടു ദിവസത്തിലേറെ യാത്ര ചെയ്താലേ അവിടെ എത്താന്‍ പറ്റൂ. ജനീവയുമായി 14 മണിക്കൂറിന്റെ സമയമാറ്റവും ഉണ്ട്. അങ്ങനെ ക്ഷീണിച്ചും ജെറ്റ്‌ലാഗടിച്ചും ഒക്കെയാണ് പോര്‍ട്ട് മോറസ്ബിയിലെ അറൈവല്‍ ഹാളിലെത്തുന്നത്. പോരാത്തതിന് അല്‍പ്പം പേടിയുമുണ്ട്!

ലോകത്ത് അക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള തലസ്ഥാനങ്ങളില്‍ ഒന്ന്, ജീവനില്‍ കൊതിയുള്ളവര്‍ യാത്ര ചെയ്യരുതാത്ത ഒന്ന്, എന്നിങ്ങനെ യോഗ്യതാപട്ടികയില്‍ പത്താംസ്ഥാനത്തിനുള്ളില്‍ റാങ്ക് നേടിയ സ്ഥലമാണ് പോര്‍ട്ട് മോറസ്ബി. വിമാനത്താവളത്തിനു പുറത്ത് പോകരുത്, ടാക്‌സി പിടിക്കരുത്, പേരും പാസ്‌പോര്‍ട്ട് നമ്പരും ഹോട്ടലിലെ തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന ആളുടെ കൂടെ ഹോട്ടലിന്റെ വണ്ടിയില്‍ മാത്രം കയറി പോകണം എന്നിങ്ങനെ കര്‍ശന നിര്‍ദ്ദേശങ്ങളുമുണ്ട്.

'എടാ ദിനേശാ, ഇന്നത്തെ വണ്ടി പോയി, ഇനി ഗസ്റ്റ് ഹൗസില്‍ പോയിട്ട് നാളെപ്പാവാം'.

എന്ത് ക്ലാക്ലാ, ക്ലീക്ലീ, സുരേഷ് തിരിഞ്ഞുനോക്കി. അതാ അറൈവല്‍ ഹാളില്‍ രണ്ടു മല്ലു! കറുത്ത കട്ടി മീശ, ഡൈ ചെയ്ത മുടി, ചെറിയ കുമ്പ. അതെ മല്ലു തന്നെ, സംശയമില്ല.

'നിങ്ങള്‍ എങ്ങടാ' -ഞാന്‍ ചോദിച്ചു.

'ഞങ്ങള്‍ ഇവിടെ എല്‍എന്‍ജി പ്ലാന്റില്‍ കോണ്‍ട്രാക്ട് പണിക്കാരാണ്. ഇവന്‍ ഇന്ന് നാട്ടില്‍നിന്ന് വന്നതാണ്. അവനെ റിസീവ് ചെയ്യാന്‍ വന്നതാണ്. ഇരുട്ടിയതിനാല്‍ ഇനി വണ്ടിയോടിക്കാന്‍ കമ്പനി പെര്‍മിഷന്‍ ഇല്ല'.

അക്രമമൊക്കെ അല്‍പ്പം കൂടുതലുണ്ടെങ്കിലും എണ്ണയിലും പ്രകൃതിദ്രവ്യങ്ങളിലും ഒക്കെ സമ്പന്നമാണ് പാപ്പുവ ന്യൂ ഗിനി. പ്രകൃതിവാതകത്തെ ഇടിച്ചുകൂട്ടി ദ്രാവകമാക്കി കപ്പല്‍ കയറ്റി അയക്കാനുള്ള പദ്ധതിയാണ് എല്‍എന്‍ജി പ്ലാന്റ്. എക്‌സല്‍ മൊബിലിന്റെ നേതൃത്വത്തിലുള്ള ഒരു ലക്ഷംകോടി രൂപയുടെ പ്രോജക്ടാണ്. അറയില്‍ നെല്ലുണ്ടെങ്കില്‍ എലി പുഴ നീന്തിയും എത്തും എന്നു പറഞ്ഞപോലെ, പ്രോജക്ട് വേക്കന്‍സി ഉണ്ടെങ്കില്‍ മലയാളി റെഡി.

എന്റെ യാത്രയും ഇവിടെ തീരുന്നില്ല. ഇനിയും രണ്ടു മണിക്കൂര്‍ വിമാനയാത്ര നടത്തിയാലേ എന്റെ ലക്ഷ്യസ്ഥാനമായ ബുഗന്‍ വില്ലില്‍ എത്തൂ. അതുപക്ഷേ ഇനി രണ്ടു ദിവസം കഴിഞ്ഞേ നടക്കൂ. എല്ലാ ദിവസവും വിമാനം ഇല്ല. ബോട്ടില്‍ പോയാലും രണ്ടു ദിവസമെടുക്കും. തല്‍ക്കാലം ഹോട്ടലിനകത്ത് ഉണ്ടുറങ്ങി താമസിക്കുക തന്നെ.

ലോകത്തെ ഏറ്റവും വലിയ ചെമ്പുഖനി
സന്ദര്‍ശിക്കുകയാണ് എന്റെ ലക്ഷ്യം. ഈ ഖനി പക്ഷേ പ്രവര്‍ത്തനക്ഷമമല്ല. ഖനിയില്‍ നിന്നുണ്ടാകുന്ന വരുമാനത്തെച്ചൊല്ലി ബുഗന്‍വില്ലുകാരും പാപ്പുവ ന്യൂ ഗിനിയിലെ കേന്ദ്രഭരണവും തമ്മില്‍ കലഹമായി. പിന്നെയത് ആഭ്യന്തരയുദ്ധമായി, കൂലിപ്പട്ടാളമായി, പട്ടാളവിപ്ലവമായി. അങ്ങനെ കുഴഞ്ഞുമറിഞ്ഞ് ഖനി ഉപേക്ഷിച്ച് ഒരു ദിവസം ഓസ്‌ട്രേലിയന്‍ കമ്പനിക്ക് നാടുകടക്കേണ്ടി വന്നു. കമ്പനിയും നാട്ടുകാരും അവിടുത്തെ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒക്കെക്കൂടി നടത്തുന്ന സംഭാഷണത്തിന്റെ മധ്യസ്ഥം വഹിക്കുക എന്നതാണ് എന്റെ ദൗത്യം.

പ്രകൃതിവിഭവങ്ങള്‍ പാപ്പുവ ന്യൂ ഗിനിയെ കുഴപ്പത്തിലാക്കുന്നത് ഇത് ആദ്യമായിട്ടല്ല. ജര്‍മ്മനി മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള സാമ്രാജ്യത്വശക്തികള്‍ കാലാകാലമായി ഈ ദ്വീപസമൂഹങ്ങളെ കയ്യടക്കിവച്ച് അനുഭവിച്ചിരുന്നു. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ ഓസ്‌ട്രേലിയയെ തുരത്തി പാപ്പുവ ദ്വീപുകള്‍ പിടിച്ചെടുത്തു. അവിടുത്തെ പ്രകൃതി വിഭവങ്ങള്‍ തന്നെയായിരുന്നു ലക്ഷ്യം. 1941-1943 കാലഘട്ടത്തില്‍ ലക്ഷക്കണക്കിന് ജപ്പാനീസ് പടയാളികളാണ് പാപ്പുവയില്‍ തമ്പടിച്ചിരുന്നത്. ഒരുകാലത്ത് ജപ്പാന്റെ പെസഫിക് ഹെഡ് ക്വാര്‍ട്ടര്‍ പാപ്പുവ ദ്വീപസമൂഹം ആയ റബാവുളില്‍ ആയിരുന്നു.

ഇപ്പോള്‍ പൊതുവെ സമാധാനശീലരും പുരോഗമനവാദികളുമായ ജപ്പാന്‍കാരെ പരിചയമുള്ളവരൊന്നും ഒരു കാലത്ത് റഷ്യ മുതല്‍ കൊറിയ, ചൈന, സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ്, പെസഫിക്ക് ദ്വീപസമൂഹങ്ങള്‍ എന്നിങ്ങനെ ജപ്പാനില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകളോളം ദൂരംവരെ നടന്നു യുദ്ധം ചെയ്ത ഒരു ജനതയായിരുന്നു അവരെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടും. പക്ഷേ, സത്യമതാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയും ജര്‍മ്മനിയുമായി സഖ്യത്തില്‍ ആയിരുന്നു ജപ്പാന്‍. സിംഗപ്പൂരുനിന്ന് ബ്രിട്ടീഷുകാരെയും ഫിലിപ്പീന്‍സില്‍ നിന്ന് അമേരിക്കക്കാരെയും ഇന്‍ഡൊനീഷ്യയില്‍ നിന്ന് ഡച്ചുകാരെയും ജപ്പാന്‍ തുരത്തി ശാന്തസമുദ്രത്തിലും ഇന്ത്യാസമുദ്രത്തിലും മുന്‍കൈ നേടി. ഇരുമ്പയിരും, നാകവും, റബ്ബറും, ചെമ്പും, എണ്ണയുമെല്ലാം സംഘടിപ്പിക്കുക എന്നതായിരുന്നു അധിനിവേശത്തിന്റെ ലക്ഷ്യം. വിജയാവേശം മൂത്ത്, അടുത്ത പണി അമേരിക്കയ്ക്ക് എന്നായിരുന്നു ജപ്പാന്‍കാരുടെ മുദ്രാവാക്യം.

'അമേരിക്കയുമായി യുദ്ധം തുടങ്ങിയാല്‍ ഗുവാമോ ഫിലിപ്പീന്‍സോ എന്തിന് ഹവായിയോ സാന്‍ഫ്രാന്‍സിസ്‌കോയോ ഒക്കെ കീഴടക്കിയതുകൊണ്ടു മാത്രമായില്ല. ജയിക്കണമെങ്കില്‍ വാഷിങ്ടണിലേക്ക് മാര്‍ച്ചുചെയ്ത് വൈറ്റ്ഹൗസില്‍ ചെന്ന് സമാധാനത്തിനുള്ള നിബന്ധനകള്‍ അങ്ങോട്ടു പറഞ്ഞുകൊടുക്കാന്‍ നാം തയ്യാറാകണം. അതിനുള്ള ആത്മവിശ്വാസവും അതിനാവശ്യമായ കുരുതി കൊടുക്കാനുള്ള കരുത്തും നമ്മുടെ രാഷ്ട്രീയക്കാര്‍ക്കുണ്ടോ എന്നതാണ് പ്രശ്‌നം' - യുദ്ധകാല ജപ്പാനിലെ ഏറ്റവും വലിയ ഹീറോ ആയിരുന്നു അഡ്മിറല്‍ യാമമോട്ടോയുടെ വാക്കുകളാണിത്.

അഡ്മിറല്‍ യാമമോട്ടോ. ചിത്രം കടപ്പാട്: Wikipedia


പക്ഷേ, വാസ്തവത്തില്‍ ഒരു യുദ്ധക്കൊതിയന്‍ ഒന്നുമായിരുന്നില്ല യാമമോട്ടോ. അമേരിക്കന്‍ വിരോധിയും അല്ലായിരുന്നു. അമേരിക്കയില്‍ പഠിക്കുകയും പ്രതിരോധ പ്രതിനിധിയായി ജോലിയെടുക്കുകയും ചെയ്തതിനാല്‍ അമേരിക്കയെപ്പറ്റി അറിവും ബഹുമാനവുമുള്ള ആളായിരുന്നു. ഇറ്റലിയും ജര്‍മ്മനിയുമൊക്കെ ചേര്‍ന്നുള്ള അച്ചുതണ്ട് സഖ്യത്തിന് അദ്ദേഹം എതിരുമായിരുന്നു. ഒരു ഘട്ടത്തില്‍ യുദ്ധവെറിയന്‍മാരായ ജപ്പാനീസ് തീവ്രവാദികള്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തും എന്നുവരെ സര്‍ക്കാരും സംശയിച്ചിരുന്നു. അതുകൊണ്ടുകൂടിയാണ് വളരെ സീനിയര്‍ ആയ അഡ്മിറല്‍ ആയിട്ടും അദ്ദേഹത്തിന് കടലില്‍തന്നെയുള്ള ജോലി കൊടുത്തത്.

അമേരിക്കയുമായുള്ള യുദ്ധത്തില്‍ താല്‍പ്പര്യം ഇല്ലായിരുന്നെകിലും എല്ലാ ജപ്പാന്‍കാരെയും പോലെ തന്നെ ഏല്‍പ്പിച്ച പണി നന്നായി ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം ആയിരുന്നു. അതുകൊണ്ട് തന്നെ ലോകം അന്നേവരെ ചിന്തിക്കുക പോലും ചെയ്യാത്ത അത്ര സാഹസികമായ ഒരു മുന്നേറ്റമാണ് അദ്ദേഹം ശാന്തസമുദ്രത്തില്‍ പ്ലാന്‍ ചെയ്തത്. അമേരിക്കയുടെ ശാന്തസമുദ്രത്തിലെ പ്രധാന നാവികത്താവളമായിരുന്ന പേള്‍ ഹാര്‍ബര്‍. ഇതിന് ജപ്പാനില്‍ നിന്ന് 'പൈനായിരം' കിലോമീറ്ററിലധികം ദൂരമുണ്ട്. അങ്ങോട്ടുപോയി ആക്രമിച്ച് അമേരിക്കയുടെ ആക്രമണശക്തി കുറയ്ക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്ലാന്‍.

പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ ദൃശ്യം. ചിത്രം: യു.എസ്.നാവികസേനാ ആര്‍ക്കൈവ്


ആറ് വിമാനവാഹിനി കപ്പലില്‍ നാനൂറു യുദ്ധവിമാനവും ആയി അദ്ദേഹം 1941 ഡിസംബറില്‍ ഹവായിലെ പേള്‍ ഹാര്‍ബറിലെത്തി. യുദ്ധം തോട്ടടുത്തെത്തി എന്നാ സൂചന പോലും ഇല്ലാതിരുന്ന അമേരിക്കന്‍ സൈന്യത്തെ ഒറ്റ ദിവസം കൊണ്ട് അടിച്ചുപരത്തി. അമേരിക്കയുടെ ഒട്ടേറെ കപ്പലുകളും 188 വിമാനങ്ങളും നശിപ്പിച്ചു. ഒട്ടേറെ എണ്ണത്തിന് കേടുപാടുകള്‍ പറ്റി. 2400 സൈനികര്‍ കൊല്ലപ്പെട്ടു. യാമമോട്ടോയുടെ സംഘത്തില്‍ ആകട്ടെ ആകെ അറുപത്തി നാല് ആളുകളാണ് മരിച്ചത്. നാവിക യുദ്ധചരിത്രത്തില്‍ ഇതുപോലെ ഒന്ന് അതിനു മുമ്പും ശേഷവും ഉണ്ടായിട്ടില്ല. പേള്‍ഹാര്‍ബര്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും അമേരിക്കയുടെ മനസ്സ് ഇന്നും വിമോചിതമായിട്ടില്ല.

ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. പോര്‍ട്ട് മോറസ്ബിയില്‍നിന്നും ബുഗന്‍വില്ലിലേക്ക് പോകുന്ന വിമാനം ആദ്യം ഇറങ്ങുന്നത് റബാവുള്‍ എന്ന ദ്വീപിലാണ്. അമേരിക്കയെ പ്രകോപിപ്പിച്ച ശേഷം ഇവിടുത്തെ ഒരു ഗുഹയില്‍ ഇരുന്നാണ് ഫിലിപ്പീന്‍സ് മുതല്‍ പെസഫിക് ദ്വീപുകള്‍വരെ വിന്ന്യസിച്ചിരുന്ന ജപ്പാന്‍ കപ്പല്‍പടയെ യാമമോട്ടോ നിയന്ത്രിച്ചിരുന്നത്.

യാമമോട്ടോയുടെ റബാവുലെ ഹെഡ്ക്വാട്ടേഴ്‌സായിരുന്ന ഗുഹ. ചിത്രം കടപ്പാട്: കോര്‍ബിസ്


അദ്ദേഹം ജീവിച്ചിരിക്കുന്നിടത്തോളം കാലം ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തിലുള്ള പെസഫിക് ആര്‍ക്ക് ജപ്പാനീസ് പ്രതിരോധത്തില്‍ ഒരു വിള്ളലുണ്ടാക്കാന്‍ പറ്റില്ലെന്ന് അമേരിക്കക്കാര്‍ക്കറിയാം. അതുകൂടാതെ ഇനി പുള്ളി പറഞ്ഞ പോലെ സാന്‍ഫ്രാന്‍സിസ്‌ക്കൊയിലെക്കൊ മറ്റോ അടുത്ത മുന്നേറ്റം നടത്തുമെന്ന് പറയാനും വയ്യ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തെരഞ്ഞുപിടിച്ചു കൊല്ലാന്‍ അവര്‍ തീരുമാനിച്ചു. അതീവ ശ്രദ്ധയോടെയും സുരക്ഷയോടെയും ഒരു സാധാരണക്കാരനെ പോലെ മലയ്ക്കുള്ളില്‍ നിര്‍മിച്ച അറയ്ക്കുള്ളില്‍ യാമാമോട്ടോയും.

'ഓപ്പറേഷന്‍ വെന്‍ജന്‍സ്' എന്നു പേരിട്ട അമേരിക്കന്‍ പ്രതികാരജ്വര പക്ഷേ അത്ര എളുപ്പത്തില്‍ തടുക്കാവുന്നതായിരുന്നില്ല. 1943 ഏപ്രില്‍ മാസത്തോടെ പെസഫിക്കിലെ ജപ്പാനീസ് സന്ദേശങ്ങള്‍ അയക്കുന്ന മാജിക് കോഡ് അമേരിക്ക ഭേദിച്ചു (യുദ്ധകാല കോഡ് സന്ദേശങ്ങളിലും അതിനെ ഭേദിക്കുന്നതിലുള്ള ശ്രമത്തേയും പറ്റി അറിയണമെന്നുള്ളവര്‍ ഇമിറ്റേഷന്‍ ഗെയിം എന്ന സിനിമ തീര്‍ച്ചയായും കാണണം). അങ്ങനെ യാമമോട്ടോ റബവുളില്‍നിന്നും ബുഗന്‍ വില്ലിലേക്ക് ഏപ്രില്‍ പതിനെട്ടിന് പറക്കുമെന്ന് അമേരിക്ക മനസ്സിലാക്കി. 'Get Yamamoto' എന്ന ഉത്തരവ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൂസ്‌വെല്‍ട്ട് നേരിട്ടാണ് അഡ്മിറല്‍ നിമിറ്റ്‌സിന് നല്‍കിയത്. പതിനെട്ടു യുദ്ധവിമാനങ്ങളാണ് ഈ ഓപ്പറേഷനില്‍ പങ്കെടുത്തത് എന്നറിയുമ്പോള്‍ ഈ മനുഷ്യന്റെ തലക്ക് അമേരിക്ക എത്ര വിലയിട്ടു എന്ന് ഊഹിക്കാമല്ലോ.

പ്രതീക്ഷിച്ചപോലെ തന്നെ റബാവുളില്‍നിന്നും പറന്നുവന്ന യാമാമോട്ടോയുടെ വിമാനവും അമേരിക്കന്‍ വിമാന വ്യൂഹവും ബുഗന്‍ വില്ലിനു മുകളില്‍ സന്ധിച്ചു. യുദ്ധത്തിന്റെ ഒടുവില്‍ യാമാമോട്ടോവിന്റെ വിമാനം തകര്‍ന്നുവീണു. യാമമോട്ടോയുടെ മരണത്തിനു ശേഷം ജപ്പാന് സൈനിക വിജയങ്ങള്‍ ഉണ്ടായില്ല. ബുഗെന്‍ വില്‍ ആസ്‌ട്രേലിയ വീണ്ടെടുത്തു. ഫിലിപ്പീന്‍സ് അമേരിക്കയും, സിംഗപ്പൂര്‍ ബ്രിട്ടനും നിയന്ത്രണത്തിലാക്കി. ജപ്പാന് എന്ത് സംഭവിച്ചു എന്നത് ചരിത്രമാണല്ലോ.

റബാവുളില്‍നിന്നും എന്റെ യാത്ര യാമമോട്ടോയുടെ അവസാന പാതയിലൂടെ ആണ്. വിമാനത്തിലിരുന്ന എന്റെ ചിന്ത പക്ഷെ യാമാമോട്ടോയെ പറ്റി മാത്രമായിരുന്നില്ല. ഒരു മഹാസമുദ്രത്തിന്റെ നടുക്ക് ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാതെ കിടക്കുന്ന നാടും ജനങ്ങളും എങ്ങനെയാണ് വന്‍ശക്തികളുടെ ചതുരംഗതിലെ കളവും കരുക്കളും ആകുന്നത്? ലോകത്തിന്റെ അറ്റത്തുള്ള ഈ നാട്ടില്‍ യാമമോട്ടോയും മാക് ആര്‍തറും ഒക്കെ എങ്ങനെ എത്തി പറ്റുന്നു?

ചുരുക്കി പറഞ്ഞാല്‍ സ്വന്തം കാലിനു കീഴെ മണ്ണും വെള്ളവും അല്ലാതെ മറ്റൊന്നുമില്ലാത്ത ജനങ്ങള്‍ ഭാഗ്യവാന്മാരാണ്. എണ്ണയോ സ്വര്‍ണ്ണമോ, എന്തിനു വിലപ്പെട്ട എന്തെങ്കിലും, ഒക്കെ സ്വന്തം നാട്ടില്‍ കണ്ടുപിടിക്കുമ്പോള്‍ ആദ്യമൊക്കെ എല്ലാവര്‍ക്കും സന്തോഷമാകും. പക്ഷേ, വലിയ താമസമില്ലാതെ കോര്‍പ്പറേറ്റ് ഭീമന്‍മാരും സ്വന്തം രാജ്യത്തെ തന്നെ അധികാരകേന്ദ്രങ്ങളും പലപ്പോഴും മറ്റു രാജ്യങ്ങളും ഈ വിഭവങ്ങള്‍തേടി നമ്മുടെ നാട്ടില്‍ എത്തും. പിന്നെ കാശായി, കലാപമായി, ചിലപ്പോള്‍ യുദ്ധമായി, അവസാനം 'ഈ സൗന്ദര്യം എനിക്കൊരു ശാപമായല്ലോ' എന്നു പറഞ്ഞ മലയാളി ഹൗസിലെ പെണ്‍കുട്ടിയെപ്പോലെയാകും നമ്മുടെ കാര്യം.

വില കൂടിയ എണ്ണയും സ്വര്‍ണ്ണവും ഒന്നും വെങ്ങോലയുടെ മണ്ണില്‍ ഇല്ലാത്തതിനാലാണ് വെങ്ങോലയില്‍ ഇതുവരെ യുദ്ധം നടക്കാത്തത്. അധികം കുഴിച്ചു നോക്കാത്തിരിക്കുന്നതാണ് സമാധാനത്തിനു നല്ലത്. ഇത് വെങ്ങോലയുടെ മാത്രം കഥ അല്ല.
 
(91.11%) (9 Votes)

 

 

Other News in this Section