LATEST NEWS

Loading...

Custom Search
+ -

ഗള്‍ഫുകാരന്റെ ഭാര്യ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍

ഫസീല റഫീഖ്‌

Posted on: 17 Jul 2014

 


നമ്മുടെ സിനിമയിലും നാടകത്തിലും കഥാപ്രസംഗത്തിലും മിമിക്രിയിലും മാത്രമല്ല വേദിയില്‍ അവതരിപ്പിക്കുന്ന ഒട്ടുമുക്കാലും കലാരൂപങ്ങളിലും ഒരു കാലത്ത് നിറഞ്ഞ് നിന്ന കഥാപാത്രങ്ങളായിരുന്നു പട്ടാളക്കാരും അവരുടെ ഭാര്യമാരും ജോലിതേടി പോയ നഴ്‌സ്മാരും. ഇവരുടെ ജോലിയുടെ മഹത്വം ഓര്‍ക്കാതെയുള്ള പരിഹാസവും ആക്ഷേപവും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കിയ മാനസിക വ്യഥ ചില്ലറയല്ല.

പട്ടാളക്കാരന്റെ ഭാര്യയെ മോശക്കാരിയാക്കിയും നഴ്‌സ്മാരെ അധിക്ഷേപിച്ചും സമൂഹത്തില്‍ അവരെ പരിഹാസകഥാപാത്രമാക്കിയും വിധേയത്വം കാട്ടുന്നവരാക്കിയും കലാരൂപങ്ങളിലgം വെള്ളിത്തിരയിലും ചിത്രീകരിക്കാനും അങ്ങനെ പരിചയപ്പെടുത്താനും മത്സരം തന്നെയായിരുന്നു.

ആ കാലഘട്ടത്തില്‍ പട്ടാളക്കാരന്റെ ഭാര്യയുടെ ദുര്‍നടപ്പ് ഇല്ലാതെ ഒരു സിനിമയും ഉണ്ടായിട്ടില്ലന്നു തന്നെ പറയാം. ഡോക്ടര്‍ വശീകരിക്കുന്ന നഴ്‌സ്മാരേയും രോഗികളുടേയും കൂട്ടിരിപ്പ്കാരുടെയും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഹാസ്യമായി വിളമ്പി ചിരിപ്പിച്ചവരില്‍ നാം ഒന്നാംനമ്പര്‍ സംവിധായകര്‍ എന്ന് വിളിക്കുന്നവരും ഉണ്ട്.

ഈ സ്ത്രീകളെ അധിക്ഷേപിക്കുമ്പോള്‍ ഒരു ഫെമിനിസവും ശബ്ദമുയര്‍ത്തിയതായി കണ്ടില്ല. സിനിമയിലെ കഥാപാത്രം ജാതി പറഞ്ഞാലൊ, കുലം പറഞ്ഞാലൊ കേസിന് പോകുന്ന സംഘടനകളും പ്രവര്‍ത്തകരും ഇവര്‍ വിളമ്പുന്ന വളിപ്പ് കേട്ട് വെടിവഴിപാടിന്റെ ചീഞ്ഞ സംസ്‌കാരം ഉള്ളിലൊളിപ്പിച്ച് പൊട്ടിച്ചിരിക്കുന്നത് നാം കണ്ടിട്ടുണ്ട്.

ഭര്‍ത്താവ് അന്യ നാട്ടില്‍ ജോലി തേടിപോകുമ്പോള്‍ തനിച്ചാകുന്ന ഭാര്യയുടെ എത്രകഥകള്‍ നാം കേട്ടു. വിദേശത്ത് ജോലിക്ക് പോകുന്ന നഴ്‌സുമാര്‍ക്കും തിരിച്ച് വരുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ മുഖത്ത് കാണുന്ന 'ഇളിച്ച' പരിഹാസത്തിന് എന്തൊക്കെ അര്‍ത്ഥം വായിച്ചെടുക്കാനാവും.

കാലാന്തരത്തില്‍ ഈ കഥാപാത്രങ്ങള്‍ ഗള്‍ഫ്കാരുടെ ഭാര്യമാരിലേക്ക് കുടിയേറിയിരിക്കയാണ്. എത്ര കഥകളാണ് നാം കേട്ടതും കേള്‍ക്കുന്നതും. 'പ്രവാസി'യെന്ന ഓമനപ്പേരില്‍ ഇവിടെ മണല്‍ കാറ്റില്‍ വിയര്‍ക്കുന്ന പരശ്ശതം മനുഷ്യജന്മങ്ങളുടെ നാട്ടിലെ പ്രിയതമയെയാണ് നമ്മുടെ സമൂഹം 'ഗള്‍ഫ്കാരന്റെ ഭാര്യ' എന്ന വിശേഷണം നല്‍കി ആദരിക്കുന്നത്.

ആവിളിപ്പേരിലുണ്ട് എല്ലാം 'കിട്ടുന്ന' അല്ലെങ്കില്‍ അടക്കിപ്പിടിക്കാന്‍ കഴിയാത്ത എന്തൊ 'ഒന്ന്' ഒതുക്കിവെക്കുന്നവള്‍ എന്ന്. അല്ലെങ്കില്‍ കാണുമ്പോഴേക്കും വിനീതവിധേയയായി വശംകെട്ടുപോകുന്ന 'ഇക്കിളി' കൊണ്ടുനടക്കുന്നവളെന്ന്. അസമയത്ത് ആര്‍ക്കും വാതില്‍മുട്ടാന്‍ അധികാരമുള്ള ഒരു 'ചാര്‍ച്ച'ക്കാരിയായി നാം നമുക്കിടയില്‍ 'ഗള്‍ഫ്കാരന്റെ ഭാര്യ'യെ രൂപപ്പെടുത്തിയിരിക്കുന്നു.

കേരളത്തിലെ സ്ത്രീ ജനങ്ങളില്‍ 'സ്വഭാവ്യദൂഷ്യ'മുള്ളവരും അസാന്‍മാര്‍ഗിക പ്രവര്‍ത്തനം നടത്തുന്നവരും ചെറിയ ശതമാനം കണ്ടേക്കാം. അതുള്‍പ്പെടുന്ന സ്ത്രീ സമൂഹത്തില്‍ നിന്ന് 'ഗള്‍ഫ്കാരന്റെ ഭാര്യ'യെ വേര്‍തിരിച്ച് അടയാളപ്പെടുത്തി മാറ്റി നിര്‍ത്തുന്നതിനെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങള്‍ ഏറ്റെടുത്ത ഈ വേര്‍തിരിവ് കൊണ്ട് ഇതിന്റെ പരിണിതഫലം അനുഭവിക്കുന്നത് ഇതിന്റെ പേരില്‍ ഹൃദയവേദനയും അപമാനവും സഹിക്കുന്നത് നിസ്സാഹയരായ പ്രവാസികളാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വീട്ടില്‍ നിന്ന് ഒരാളെങ്കിലും ഗള്‍ഫിലോ മറ്റു വിദേശരാജ്യങ്ങളിലോ ജോലി തേടിപോയവരാണ്. ഭാര്യമാരെ കൂടെക്കൂട്ടാന്‍ കഴിയാത്ത സാധാരണക്കാരായ ജോലിക്കാരാണ് മഹാഭൂരിപക്ഷം.

ഈ 'ഗള്‍ഫ്കാരന്റെ ഭാര്യ' തന്റെ ഭര്‍ത്താവ് അയക്കുന്ന കാശ് ബാങ്കില്‍ നിന്ന് എടുക്കാന്‍ കൊച്ചുകുട്ടിയെയും കൂട്ടി ബാങ്കിലേക്ക് ഓട്ടോയില്‍ പോയാല്‍. നാട്ടുകാര് പറയും 'സുഗുണന്റെ ഓട്ടോയിലാണ് പോക്ക്' സുഗുണനാരാമോന്‍ ---- ഡ്രൈവറുടെ പൂര്‍വചരിത്രം അറിയാതെയാവും ഓട്ടോയില്‍ കയറിയത്. ഓട്ടോയാത്രയുടെ പരദൂഷണം അതിരുവിട്ടാല്‍ യാത്ര ബസ്സിലാക്കേണ്ടി വരും. 'ഓ... ഇപ്പോള്‍ ഓട്ടോ നിര്‍ത്തി ബസ്സിലാ യാത്ര .... പല്ലവി.... ബസ്സിന്റെ ഡ്രൈവര്‍..... ഓ അവന്റെയൊക്കെ ഒരു യോഗം....' പരദൂഷണക്കാരുടെ പരിഹാസവും....സദാചാരപോലീസ്‌കാരുടെ നോട്ടവും സഹിച്ച് കൊണ്ടുള്ള യാത്ര അസഹനീയമാണ്.

ഗ്യാസ് കൊണ്ട് വരുന്നവരൊ.... കേബിള്‍ കലക്ഷനുവരുന്നവരൊ, മാര്‍ക്കറ്റിംഗിന് വരുന്നവരൊ.. ഈ 'സദാചാര'ക്കാരുടെ കണ്ണില്‍ ജാരന്മാരാണ്.

ഗള്‍ഫ്കാരന്റെ ഭാര്യയെ തനിച്ചുള്ള ജീവിതം 'ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ'യുടെ പരിധിയിലാണ് സദാസമയവും നീക്കങ്ങളറിയാന്‍ പലരും ചുറ്റുവട്ടത്തുണ്ടാവും.

മറ്റുവീടുകളിലെ സ്ത്രീകളുടെ ഒരു സ്വകാര്യതയും.. ഈ പായുന്ന ആളുകളുടെ പരിധിയിലല്ല. ഗള്‍ഫ്കാരന്റെ 'ഭാര്യയുടെ ചാരിത്ര്യ ശുദ്ധി' യിലാണ് ആശങ്കയും ആകുലതയും.

ഇതൊക്കെ നാട്ടുകാരുടെ ശല്യങ്ങള്‍. വീട്ടിലുമുണ്ട് സംശയത്തിന്റെ നിഴല്‍. ഗള്‍ഫിലുള്ള ഭര്‍ത്താവ് ഫോണ്‍ വിളിക്കുന്നത് അദ്ദേഹത്തിന്റെ ജോലിസമയം കഴിഞ്ഞിട്ടായിരിക്കും. അസമയത്ത് മകന്റെ ഭാര്യയുടെ മുറിയില്‍ നിന്ന് മൊബൈലില്‍ സംസാരം കേട്ടാല്‍ അത് മതി അമ്മായിഅമ്മയ്ക്ക്... മകനാണ് വിളിക്കുന്നത് എന്ന് പറഞ്ഞാല്‍ പോലും സംശയത്തിന്റെ മുന ഒടിയില്ല.

ചില സ്ത്രീകളിലുള്ള 'സ്വഭാവഗുണ'ങ്ങള്‍ ചിലപ്പോള്‍ ചിലരില്‍ കണ്ടേക്കാം എല്ലാവരും ചീത്തപ്പേര് വരുത്താത്തവരാണ് എന്ന അഭിപ്രായം എനിക്കില്ല. അത് വളരെ കുറവാണ് എന്ന് മാത്രം. ചിലരുടെ ചെയ്തികള്‍ പെരുപ്പിച്ച് കാണിച്ച് ഒരു തരം താണ വിഭാഗമായി മാറ്റി നിര്‍ത്തുന്നതിനോടാണ് എതിര്‍പ്പ്.

മൊബൈലിലും വാട്‌സ്അപ്പിലും ഫേസ്ബുക്കിലും കാണുന്ന വാര്‍ത്തകളും ക്ലിപ്പിങ്ങുകളും ഗള്‍ഫ് പ്രവാസികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയകളില്‍ 'ഗള്‍ഫ്കാരന്റെ ഭാര്യ'യുടെ അപഥസഞ്ചാരകഥകളും... കയ്യോടെ പിടിക്കുന്ന ക്ലിപ്പിങ്ങുകളും നിറം പിടിപ്പിച്ച കഥകളും. നൂല്‍ ഇഴയിലെ ജീവിതവുമായി കഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. സാങ്കേതികമായി വലിയ അറിവില്ലാത്തവര്‍ക്കാണ് ഏറ്റവും ആധി. ഈ മീഡിയകള്‍ വഴി എത്തുന്നതെന്തും സത്യമാണെന്ന് കരുതുന്ന സാധാരണക്കാര്‍. സകല സ്ത്രീകളും 'തുണി' ഉരിഞ്ഞ് കൊടുക്കാന്‍ വെപ്രാളപ്പെടുന്നവരാണെന്നും ഈ ചിത്രങ്ങള്‍ ഇവരെ ബോധ്യപ്പെടുത്തുന്നു.

ഇതിന്റെ സാങ്കേതിക വശം, അയക്കുന്ന ആളുടെ മതം, രാഷ്ട്രീയം സംഘടന, കൃത്രിമമായി ഉണ്ടാക്കിയതാണോ ഏത് സ്ഥലത്ത് നടന്നതാണ്. എന്നൊന്നും തിരക്കാതെ ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിച്ച് നിഷ്‌കളങ്കമായ കുടുംബ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തും. ഹരികൃഷ്ണന്‍സ് സിനിമയുടെ ക്ലൈമാക്‌സ് പോലെ ഓരോ സ്ഥലത്തെ ഭൂരിപക്ഷം പോലെ ക്ലിപ്പിംഗിലെ പേരും സ്ഥലം മാറിക്കൊണ്ടിരിക്കും.

ഈയടുത്തു വന്ന ഒരു ക്ലിപ്പില്‍ പാതിരാത്രി വീട് വളഞ്ഞ് പോലീസുകാര്‍ ഒരു യുവതിയെയും കുട്ടിയെയും കൂടെ ജാരനെയും വിളിച്ചിറക്കി ജീപ്പില്‍ കയറ്റുന്നതും ചുറ്റും നാട്ടുകാര്‍ ആര്‍പ്പുവിളിച്ച് ആഘോഷിക്കുന്നതുമായ വീഡിയോ വൈറലായിരുന്നു ഗള്‍ഫ്കാര്‍ക്കിടയില്‍. ഇതിന്റെ ഉത്ഭവസ്ഥലമൊ തീയതിയോ വ്യക്തമല്ല. എന്നാലും കേരളത്തിലങ്ങോളമുള്ള സ്ഥലപ്പേരില്‍ ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു. ഒരുകാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല. യുവതി 'ഗള്‍ഫ്കാരന്റെ ഭാര്യ'യാണെന്ന കാര്യത്തില്‍.

പല വീഡിയോ സീനുകളും പലഘട്ടങ്ങളില്‍ ഹോം സിനിമയുടെ, ഡോക്യുമെന്ററിയുടെ, സീരിയലിന്റെ കട്ടിംഗുകളായിരുന്നു എന്ന സത്യം ആരും മനസിലാക്കിയില്ല. രണ്ടോ മൂന്നോ വര്‍ഷം മുമ്പ് നടന്ന സംഭവങ്ങള്‍ വരെ ചെറിയ മാറ്റങ്ങളോടെ ചൂടുള്ള സീനുകളായി വാട്‌സപ്പിലും ഫേസ്ബുക്കിലും ഇപ്പൊഴും ഷെയര്‍ ചെയ്യപ്പെടുന്നു. ഇന്നലെ രാത്രി ഇന്ന സ്ഥലത്തെ ഗള്‍ഫ്കാരന്റെ ഭാര്യയുടെ സീനാണെന്ന് അടിക്കുറിപ്പുമായി ഷെയര്‍ ചെയ്യുന്ന വിരുതന്‍മാരുമുണ്ട്.

ഇതൊക്കെ കേട്ട് നാട്ടിലേക്ക് വിളിക്കുന്ന പ്രവാസിക്ക് മൊബൈലില്‍ നിന്ന് കേള്‍ക്കുന്ന മറുപടി. 'നിങ്ങള്‍ വിളിച്ച് കൊണ്ടിരിക്കുന്ന ആള്‍ മറ്റൊരാളുമായി സംസാരത്തിലാണ്' എന്നാണെങ്കില്‍ പിന്നെ പറയേണ്ട അതാരായിരുന്നൊ എന്നൊ എന്തായിരുന്നു കാരണം എന്നൊ അന്വേഷിക്കാതെയുള്ള എടുത്തുചാട്ടം കൊലപാതകങ്ങളില്‍ വരെ എത്തിച്ചിട്ടുണ്ട്.

നാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് പറയാനുള്ള കഥകള്‍ പട്ടാളക്കഥയെ വെല്ലുന്ന കഥകളാണ് . നാട്ടിലെ സകലപെണ്ണുങ്ങളുടെ കഥകളും. അവരുടെ കാമുകന്‍മാരുടെ പേരുകളും അതിശയോക്തി ചേര്‍ത്ത് ബാച്ചിലര്‍ റൂമില്‍ വിളമ്പുമ്പോള്‍ ചിരിച്ച് കേള്‍ക്കുന്ന ഓരോ ഭര്‍ത്താവിന്റെ ഉള്ളിലും തീയാണ് . അത്രമാത്രം നാം ഗള്‍ഫ്കാരന്റെ ഭാര്യയെ താഴ്ത്തികെട്ടിക്കഴിഞ്ഞു.

മൊബൈലിലും വാട്‌സപ്പും സ്ത്രീകളെ വഴിതെറ്റിക്കുന്നു എന്നു പറയുന്നവര്‍ അറിയുന്നില്ല തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് എന്ത് ആയുധമാണ് വേറെ ഉള്ളത്.

ഈയടുത്ത് ഞാന്‍ പരിചയപ്പെട്ട ഒരു യുവതി എന്നോട് പറഞ്ഞത് ചേച്ചി ഒരിക്കലും ഞാന്‍ ഗള്‍ഫില്‍ എത്തുമെന്ന് കരുതിയതല്ല. ഒരു 'കള്ള'നാണ് എന്നെ ഇവിടെ ഭര്‍ത്താവിന്റടുത്ത് എത്താന്‍ നിമിത്തമായത് എന്ന് എനിക്ക് മനസ്സിലായില്ല. അവര്‍ പറഞ്ഞു. ഞാനും ഈ ചെറിയ രണ്ട് മക്കളും തനിച്ചാണ് താമസിക്കുന്നത്. രാത്രി മുകളിലത്തെ നിലയില്‍ എന്തൊ അറുക്കുന്നതിന്റെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. കാല്‍പെരുമാറ്റത്തിന്റെ ശബ്ദവും കേട്ടു. ഉറക്കെ നിലവിളിച്ചു ആളുകള്‍ ഓടിക്കൂടി. എല്ലാസ്ഥലത്തും നോക്കി ആരെയും കണ്ടില്ല മുകളിലത്തെ ജനല്‍കമ്പി അറുത്തുമാറ്റിയിരുന്നു. ഒരു പരിഹാസച്ചിരിയും. കുശുകുശുപ്പുമായി എല്ലാവരും പിരിഞ്ഞ് പോയി. നേരം വെളുത്തപ്പോഴാണ് ആളുകളുടെ അടക്കം പറച്ചില്‍ അറിഞ്ഞത് 'രാത്രി വന്നത് കള്ളനല്ല എന്റെ ഇഷ്ടക്കാരനായിരുന്നു എന്ന്. ഭര്‍ത്താവിന് എന്നോട് ഇഷ്ടമുണ്ടായിട്ടൊ, വിശ്വാസമില്ലാഞ്ഞിട്ടൊ എന്നറിയില്ല. വിസ എടുത്തയച്ചു ഞാനും മക്കളും ഇവിടെ എത്തി.' ചേച്ചി ഇഷ്ടക്കാരന് വാതില്‍ തുറന്ന് കൊടുക്കയല്ലാതെ ജനല്‍ കമ്പി വളച്ച് അകത്ത് വരാന്‍ പറയുമൊ?

അറിയില്ല കുട്ടീ.... കാലം ഇപ്പോള്‍ അങ്ങനെയാണ്.

കള്ളന്‍ വന്നാലും ഒച്ചവെക്കാന്‍ കഴിയാത്തവിധം സ്ത്രീയുടെ മാനം വിലകെട്ടുപോയിരിക്കുന്നു. പെണ്‍മുന്നേറ്റത്തിന്റെയും പെണ്ണെഴുത്തിന്റെയും തള്ളിച്ചയില്‍ കാണാതെ പോകുന്ന ഹതഭാഗ്യരാണിവര്‍.

വാട്‌സപ്പില്‍ പോസ്റ്റ് ചെയ്യുന്ന നിറംപിടിപ്പിച്ച ഇല്ലാകഥകള്‍ മെനയുന്നവര്‍ക്ക് കിട്ടുന്ന 'മനംകുളിര് ' കൊണ്ട് നഷ്ടപ്പെടുന്ന മനസ്സമാധാനവും നീറ്റലും ഗള്‍ഫ് പ്രവാസികളുടെ ഉള്ളിലാണ്. ഏത് വാര്‍ത്തയും ആശങ്കയും ആവേശവുമായി വാരിപ്പുണരുന്ന പ്രവാസിക്ക് ആകുലതയാണ് നാട്ടിലെ നിസ്സാരകാര്യങ്ങള്‍ പോലും വേദനിപ്പിക്കുന്ന മനസ്സാണ്. ഇവിടെ പ്രതികൂല കാലാവസ്ഥയില്‍ ജീവിക്കുന്നത് കൊണ്ടായിരിക്കാം ലോലഹൃദയവും കരഞ്ഞ് പോകുന്ന പ്രകൃതവുമായത്.

ഗള്‍ഫ്കാരന്റെ ഭാര്യ നാട്ടില്‍ ശാന്തമായി ഉറങ്ങട്ടെ ഉണരട്ടെ...തനിച്ച് ജീവിക്കട്ടെ . അവരെ വെറുതെ വിടുക. ഗള്‍ഫ് ഭാര്യമാരും നാട്ടിലെ മറ്റുസ്ത്രീകളെപോലെയാണ് അവരുടെ കൂട്ടത്തില്‍ തന്നെ ഇവരെയും തലയെണ്ണി നിജപ്പെടുത്തുക.

rafeekparambath@gmail.com

(100%) (2 Votes)

 

 

Other News in this Section