ദേശീയ-സംസ്ഥാന കബഡി മത്സരങ്ങള്‍ക്ക് ആതിഥ്യംവഹിക്കാന്‍ കാസര്‍കോട് ഒരുങ്ങുന്നു

Posted on: 16 Sep 2015കാസര്‍കോട്: ദേശീയ-സംസ്ഥാന കബഡി മത്സരങ്ങള്‍ക്ക് ആതിഥ്യംവഹിക്കാന്‍ കാസര്‍കോട് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉദയഗിരി സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ പരിസരത്ത് ഏഴുലക്ഷം രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കബഡികോര്‍ട്ട് തയ്യാറായി. പ്രോ കബഡി ടീമുകള്‍, ദേശീയ ടീമുകള്‍ എന്നിവയുടെ പരിശീലനകേന്ദ്രം കൂടിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് കാസര്‍കോട്.
മള്‍ട്ടി ജിംനേഷ്യം, മികച്ചനിലവാരത്തിലുള്ള മാറ്റ് എന്നിവയും ഉദയഗിരി സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ തയ്യാറായിട്ടുണ്ട്. പ്രൊ കബഡി മാതൃകയില്‍ ദേശീയ ടൂര്‍ണമെന്റുകള്‍ ഇവിടെ സംഘടിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇ.ഭാസ്‌കരനുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പ്രൊ കബഡി ടീമായ യു മുംബാ ടീമിന്റെ പരിശീലനം കേരളത്തില്‍ ചിലയിടങ്ങളില്‍ നടത്താന്‍ അവരുടെ കോച്ചുകൂടിയായ ഭാസ്‌കരന്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ ഒരുകേന്ദ്രം കാസര്‍കോട്ട് ആയിരിക്കുമെന്നാണ് സൂചന.
പി.കരുണാകരന്‍ എം.പി.യുടെ പ്രദേശിക വികസനഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ചാണ് കബഡി കോര്‍ട്ടും ജംപിങ് പിറ്റും നിര്‍മിച്ചത്. ഇവ രണ്ടിന്റെയും ഉദ്ഘാടനം പി.കരുണാകരന്‍ എം.പി. നിര്‍വഹിച്ചു. കാസര്‍കോട് കൊടക്കാട് സ്വദേശിയും ഇന്ത്യന്‍ കബഡി ടീമിന്റെ കോച്ചുമായ ഇ.ഭാസ്‌കരന്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്‍, വൈസ് പ്രസിഡന്റ് പി.പ്രഭാകരന്‍, സി.നാരായണന്‍, എന്‍.എ.സുലൈമാന്‍, പള്ളം നാരായണന്‍, സുകേഷ് ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു. പ്രൊ കബഡിയിലെ താരങ്ങളായ കാസര്‍കോട്ടെ അനൂപ് (യു മുംബ), സാഗര്‍ ബാലകൃഷ്ണ, നിഷാന്ത് (തെലുഗു ടൈറ്റന്‍സ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

More Citizen News - Kasargod