യത്തിനഹോളെ: പ്രതിഷേധക്കൊടുങ്കാറ്റായി ആയിരങ്ങള്‍ ഉപ്പിനങ്ങടിയില്‍

Posted on: 16 Sep 2015മംഗളൂരു: വിവാദത്തിന് തീകൊളുത്തിയ യത്തിനഹോളെ പദ്ധതിക്കെതിരെ ചൊവ്വാഴ്ച നടന്ന ദേശീയപാത ഉപരോധത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ ഉപ്പിനങ്ങടിയിലെത്തി. കനത്തമഴ വകവെക്കാതെയാണ് ദക്ഷിണകന്നഡയില്‍ നിന്നുള്ളവര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തത്.
ആദിത്യ ഹോട്ടല്‍ പരിസരത്തുനിന്ന് ദേശീയപാത ഉപരോധിച്ച് നടത്തിയ പ്രതിഷേധറാലി ഉപ്പിനങ്ങടി ബൈപാസ് ജങ്ഷനില്‍ എത്തി സമരപ്രഖ്യാപനം നടത്തി. നേത്രാവതിനദി ഗതിമാറ്റവിരുദ്ധകര്‍മസമിതി ആഹ്വാനം ചെയ്ത ഉപരോധ സമരത്തില്‍ കര്‍ഷകസംഘടനകള്‍ക്കുപുറമെ മറ്റു സംഘടനകളും പങ്കെടുത്തു. സമരത്തിന് ആഹ്വാനം നല്‍കിയ ഡോ. നിരഞ്ജന്‍ റായ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും മറ്റു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തില്ല. നദീജലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് ഉറപ്പുള്ളതിനാല്‍ സമരക്കാരോട് അയഞ്ഞ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പോലീസ് നടപടികളില്‍നിന്ന് വ്യക്തമായിരുന്നു.
തീരദേശത്തിന്റെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന പശ്ചിമഘട്ടത്തില്‍ കോടികള്‍മുടക്കി പണിയുന്ന യത്തിനഹോളെ പദ്ധതി പരിസ്ഥിതി തകിടംമറിയാന്‍ കാരണമാകുമെന്ന് സമരസമിതി കണ്‍വീനര്‍ നിരഞ്ജന്‍ റായ് മുന്നറിയിപ്പ് നല്‍കി. വേണ്ട തയ്യാറെടുപ്പില്ലാതെ തിടുക്കത്തില്‍ നടപ്പാക്കുന്ന പദ്ധതി വരള്‍ച്ചബാധിത ജില്ലകള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതില്‍ തികഞ്ഞ പരാജയമാകുമെന്ന ശാസ്ത്രസമൂഹത്തിന്റെ താക്കീത് രാഷ്ട്രീയനേതൃത്വം അവഗണിക്കുന്നതിനെ സമരനേതാക്കള്‍ അപലപിച്ചു.
ഗുരുപുര വജ്രദേഹി മഠാധിപതി സ്വാമി രാജശേഖരാനന്ദ, അഡിയൂര്‍ മഠാധിപതി സ്വാമി ഗുരുദേവാനന്ദ, മാനില മഠാധിപതി സ്വാമി മോഹന്‍ദാസ് പരമഹംസ, യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായ്, ബജ്രംഗ് ദള്‍ നേതാവ് ശരണ്‍ പംപ്വെല്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു.
മംഗലാപുരം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി. എം.പി. നളിന്‍കുമാറും പുത്തൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് എം.എല്‍.എ. ശകുന്തള ഷെട്ടിയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, സമരത്തില്‍ പങ്കെടുക്കുന്നത് താന്‍കൂടി പങ്കാളിയായ സര്‍ക്കാറിന് എതിരാകും എന്നതിനാല്‍ അതിന് നിര്‍വാഹമില്ലെന്ന ക്ഷമാപണത്തോടെ ശകുന്തള ഷെട്ടി മടങ്ങി. ബല്‍ത്തങ്ങടി എം.എല്‍.എ. വസന്ത് ബങ്കേരയും ശകുന്തള ഷെട്ടിയുടെ അതേ നിലപാടിലായിരുന്നു. എന്നാല്‍ ഡി.വി.സദാനന്ദ ഗൗഡ മുഖ്യമന്ത്രി ആയിരിക്കെ അനുമതി നല്‍കിയ പദ്ധതിക്കെതിരെ എം.പി. നളിന്‍കുമാര്‍ പരസ്യമായി രംഗത്തുവരാന്‍ മടിച്ചില്ല.

More Citizen News - Kasargod