കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്ര-സംസ്ഥാന വിഹിതം നിലനിര്‍ത്തണം

Posted on: 16 Sep 2015കാസര്‍കോട്: കേന്ദ്രാവിഷ്‌കൃത ഗ്രാമവികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര സംസ്ഥാനവിഹിതം പഴയപടി നിലനിര്‍ത്തണമെന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ ത്രിതലപഞ്ചായത്ത് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ മുമ്പ് കേന്ദ്ര-സംസ്ഥാന വിഹിതമായി നല്‍കിയിരുന്നത് യഥാക്രമം നീര്‍ത്തട പദ്ധതികളില്‍ 90 ശതമാനവും പത്ത് ശതമാനവും ഇന്ദിരാ ആവാസ് യോജനയില്‍ 75 ശതമാനവും 25 ശതമാനവും എന്ന തോതിലായിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാറും സംസ്ഥാനവും 50 ശതമാനം വീതമാക്കി മാറ്റിയത്. ഈ നടപടി പുനഃപരിശോധിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പി.കരുണാകരന്‍ എം.പി. അധ്യക്ഷതവഹിച്ചു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിവഴി നല്‍കുന്ന സാമൂഹിക ശുചിത്വാലയങ്ങള്‍ക്കുള്ള തുകയും വര്‍ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ആമുഖപ്രഭാഷണം നടത്തി. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബി.എം.പ്രദീപ്, മുംതാസ് ഷുക്കൂര്‍, മീനാക്ഷി ബാലകൃഷ്ണന്‍, മുംതാസ് സമീറ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod