തെരുവുനായ്ക്കള്‍ ആക്രമിച്ചു; കടിയേറ്റ വയോധികന്‍ ആസ്​പത്രിയില്‍

Posted on: 15 Sep 2015കുമ്പള: വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് വന്ന വയോധികന് തെരുവുനായ്ക്കളുടെ കടിയേറ്റു. സീതാംഗോളിക്കടുത്ത് ബാഡൂര്‍ ഈന്തുഗുരിയിലെ ധൂമപൂജാരി (66)യ്ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. ബാഡൂര്‍ ടൗണിലെത്തിയ പൂജാരിയെ തെരുവുനായ്ക്കളുടെ കൂട്ടം ആക്രമിക്കുകയായിരുന്നു. കാല്‍മുട്ടിനാണ് കടിയേറ്റത്.
നാട്ടുകാരാണ് നായ്ക്കളില്‍നിന്ന് രക്ഷിച്ച് കുമ്പള ജില്ലാ സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട്ടെ കറന്തക്കാട്ട്വെച്ച് റിട്ട. പട്ടാള ഉദ്യോഗസ്ഥനായ വയോധികന് നായ്ക്കളുടെ കടിയേറ്റത്. സായാഹ്നസവാരിക്കിറങ്ങിയപ്പോഴാണ് അദ്ദേഹത്തെ നായ്ക്കള്‍ ആക്രമിച്ചത്. ഊന്നുവടി ഉണ്ടായിരുന്നതിനാല്‍ ഏറെ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്കാണ് മുറിവേറ്റത്.
മഞ്ചേശ്വരം, കുമ്പള, സീതാംഗോളി ഭാഗങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ സ്‌കൂള്‍കുട്ടികളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

More Citizen News - Kasargod