നീലേശ്വരത്ത് മാലിന്യപ്രശ്‌നത്തിന് പരിഹാരമാകുന്നു; ജൈവപേടകവും ഗേക് കമ്പോസ്റ്റിങ്ങും നടപ്പാക്കും

Posted on: 15 Sep 2015നീലേശ്വരം: നീലേശ്വരം നഗരത്തില്‍ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുന്നു. നഗരസഭയുടെ ജൈവനഗരം പദ്ധതിയുടെ ഭാഗമായി 'നഗരശുചിത്വം ജൈവനഗര'ത്തിന് എന്ന ലക്ഷ്യത്തോടെയുള്ള ജൈവവളനിര്‍മാണം ആരംഭിക്കുമെന്ന് നഗരസഭാധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെഭാഗമായി ജൈവനഗരത്തിന് മുതല്‍ക്കൂട്ടായി ജൈവപേടകവും ഗേക് കമ്പോസ്റ്റിങ് രീതിയും നടപ്പാക്കും. ബുധനാഴ്ച രാവിലെ ഒമ്പതിന് മാര്‍ക്കറ്റ് ജങ്ഷനില്‍ ദേശീയപാതയോരത്തെ ജൈവോദ്യാനത്തില്‍ നിര്‍മിച്ച ജൈവപേടകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിക്കും. ഗേക് കമ്പോസ്റ്റിങ് സംവിധാനത്തില്‍ പച്ചിലയും ജൈവാവശിഷ്ടങ്ങളും ഇനോകുലാ എന്ന ജൈവലായിനിയുടെ സഹായത്തോടെയാണ് വളമാക്കിമാറ്റുന്നത്. ജൈവഗുണം വര്‍ധിപ്പിക്കാനായി ചാണകവും നൈട്രജന്റെ അളവ് കൂട്ടാനായി അസോളയും ചേര്‍ക്കും. എയ്‌റോബിക് മാതൃകയില്‍ പ്രത്യേകം തയ്യാറാക്കിയ ജൈവപേടകങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ജൈവവള നിര്‍മാണത്തിന് കുടുംബശ്രീ സംഘങ്ങള്‍ക്ക് പരിശീലനംനല്കും. തൃശ്ശൂരിലെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനോകുലമാണ് ഉപയോഗിക്കുക. 60 മുതല്‍ 80 ദിവസങ്ങള്‍ക്കകം തയ്യാറാക്കുന്ന ജൈവവളം സംഘകൃഷിസംഘങ്ങള്‍ക്ക് നല്കാനാണ് ലക്ഷ്യമിടുന്നത്.
പ്ലൂസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിന് നഗരത്തിലെ വ്യാപാരികളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ആഴ്ചയില്‍ ബുധനാഴ്ചമാത്രം ശേഖരിക്കുന്ന പ്ലൂസ്റ്റിക് മാലിന്യങ്ങള്‍ ഗ്രീന്‍ കമ്യൂണിറ്റിക്ക് കൈമാറും. േശഖരിക്കുന്ന പ്ലൂസ്റ്റിക്കില്‍ മറ്റ് മാലിന്യങ്ങള്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ വ്യാപാരി സംഘടനകള്‍ സംവിധാനമൊരുക്കും. പ്ലൂസ്റ്റിക് നീക്കം സുഗമമാകുന്ന മുറയ്ക്ക് നഗരസഭയില്‍ പ്ലൂസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കും.
ജൈവനഗര പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും നഗരസഭ തീരുമാനിച്ചു. സ്റ്റുഡന്റ്‌സ് ക്ലൂബ്ബുകള്‍ക്ക് വിദ്യാലയങ്ങളില്‍ ജൈവകൃഷി നടത്താന്‍ 5,000 രൂപവീതം കൃഷിവകുപ്പില്‍നിന്നുള്ള സഹായം ലഭ്യമാക്കും. ജൈവ പച്ചക്കറിവിപണനം നടത്തുന്നതിന് നബാര്‍ഡ് സഹായധനവും ലഭ്യമാക്കും. മാലിന്യപ്രശ്‌നത്തിന് പരിഹാരംകാണുന്നതോടൊപ്പം പൊതുസ്ഥലങ്ങളില്‍ ഇനിമുതല്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ പിഴ ഈടാക്കുകയും ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും െചയ്യുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. നഗരസഭാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ജാനു, കെ.കാര്‍ത്ത്യായനി, നഗരസഭാ സെക്രട്ടറി എന്‍.കെ.ഹരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod