അനൂപിന്റെ കരവിരുതില്‍ ഗണേശവിഗ്രഹം ഒരുങ്ങി

Posted on: 15 Sep 2015നീലേശ്വരം: പൂവാലംകൈ ശാസ്തമംഗലത്തപ്പന്‍ ശിവക്ഷേത്രത്തില്‍ വ്യാഴാഴ്ച നടക്കുന്ന സര്‍വജനിക ഗണേശോത്സവത്തിന് പ്രതിഷ്ഠിക്കാനുള്ള ഗണേശവിഗ്രഹം ഒരുങ്ങി. പൂവാലംകൈയിലെ യുവശില്പി അനൂപാണ് ഗണപതിയുടെ വിഗ്രഹം നിര്‍മിച്ചത്.
ഒരാഴ്ചയായി അനൂപും സഹായി ഉദയന്‍ മൂന്നാംകുറ്റിയും വിഗ്രഹത്തിന്റെ നിര്‍മാണത്തിലായിരുന്നു. രണ്ട് ക്വിന്റല്‍ കളിമണ്ണ് ഉപയോഗിച്ചാണ് ഗണപതിവിഗ്രഹം നിര്‍മിച്ചത്. അനൂപ് ആദ്യമായാണ് ഇത്തരമൊരു വിഗ്രഹം നിര്‍മിക്കുന്നത്. കഴിഞ്ഞവര്‍ഷം ജ്യേഷ്ഠന്‍ അനിലായിരുന്നു വിഗ്രഹം നിര്‍മിച്ചത്. അന്ന് സഹായി അനൂപായിരുന്നു. അടുത്തദിവസം പെയിന്റിങ് നടത്തി വിഗ്രഹത്തിന് പൂര്‍ണത വരുത്തും. പൂവാലംകൈയിലെ തയ്യല്‍ തൊഴിലാളിയായ ചന്ദ്രന്റെയും ബേബിയുടെയും മകനാണ് അനൂപ്.
വ്യാഴാഴ്ച രാവിലെ ആറിന് ക്ഷേത്രപരിസരത്ത് വിഗ്രഹപ്രതിഷ്ഠ നടത്തും. തുടര്‍ന്ന് ഗണപതി സഹസ്രനാമാര്‍ച്ചനയും ഗണപതിഹോമവും ഭജനയും നടക്കും. ഉച്ചയ്ക്ക് 12ന് മഹാപൂജയും പ്രസാദവിതരണവും അന്നദാനവും ഉണ്ടായിരിക്കും. തുടര്‍ന്ന് ആധ്യാത്മികപ്രഭാഷണം, തായമ്പക, മംഗളാരതിയും നടക്കും. വൈകുന്നേരം നാലിന് ഗണേശവിഗ്രഹനിമജ്ജന ഘോഷയാത്ര ആരംഭിക്കും. പൂവാലംകൈ, വള്ളിക്കുന്ന്, മഹേശ്വരിപുരം, പേരോല്‍, കൊട്ടുമ്പുറം, ബസ് സ്റ്റാന്‍ഡ്, തളിയില്‍ ശിവക്ഷേത്രം, തെരു, മാര്‍ക്കറ്റ് ജങ്ഷന്‍, കടിഞ്ഞിക്കടവ് വഴി നീലേശ്വരം പുഴയിലെ കച്ചേരിക്കടവില്‍ എത്തിച്ചേരും. തുടര്‍ന്ന് വിശേഷാല്‍പൂജകള്‍ക്കുശേഷം ഗണേശവിഗ്രഹം പുഴയില്‍ നിമജ്ജനംചെയ്യും.

More Citizen News - Kasargod