കരുണതേടി കാത്തിരിക്കുന്നു ഈ അമ്മ

Posted on: 15 Sep 2015രാജപുരം: കരുണയുടെ കൈകള്‍ നീളുന്നതും കാത്ത് ഒരമ്മയും കുഞ്ഞും. ചെറുപനത്തടി പാതാളംതോട് വയറ്റാട്ട് ഡാനി ഷാജിയും മകള്‍ രണ്ടുവയസ്സുകാരി ക്രിസ്റ്റീനയുമാണ് വിടാതെ പിന്തുടരുന്ന ദുരന്തങ്ങള്‍ക്കിടയില്‍ മുന്നോട്ടുള്ള ജീവിതത്തിനും ചികിത്സയ്ക്കും വഴികാണാതെ ഉദാരമതികളുടെ കനിവുതേടുന്നത്.
15 വര്‍ഷം മുമ്പ് വിവാഹിതരായ ഡാനിക്കും ഷാജിക്കും നാലുകുട്ടികള്‍ പിറന്നെങ്കിലും മൂന്നുപേരും അകാലത്തില്‍ പൊലിയുകയായിരുന്നു. മൂത്തകുട്ടി അഞ്ചരവയസ്സായപ്പോള്‍ മരിച്ചു. തുടര്‍ന്നുണ്ടായ രണ്ടുകുട്ടികളും ജനിച്ച് ദിവസങ്ങള്‍ക്കകംതന്നെ മരണത്തിനു കീഴടങ്ങി. മസ്‌കുലാര്‍ ഡിസ്‌ട്രോപ്പി എന്ന ജനിതക പ്രശ്‌നമാണ് മൂന്നുകുട്ടികളുടെയും മരണത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇളയകുട്ടി ക്രിസ്റ്റീനയ്ക്കും ഇതേ രോഗമാണ്. മസിലുകളില്ലാത്തതിനാല്‍ കൈകാലുകളും ശരീരവും ശോഷിച്ച നിലയിലാണ്.
അങ്കമാലി ജീവധാര ആസ്​പത്രിയിലാണ് ഇപ്പോള്‍ കുട്ടിയുടെ ചികിത്സ. മാസം 15,000 രൂപ ഇവിടെയാകും. അഞ്ചുവര്‍ഷം തുടര്‍ചികിത്സ നടത്തിയാല്‍ മാത്രമേ കുട്ടിയുടെ അസുഖം പൂര്‍ണമായും ഭേദമാകുകയുള്ളൂ. ഒരുമാസം മുമ്പ് അച്ഛന്‍ ഷാജി എച്ച്1 എന്‍1 ബാധിച്ച് മരിച്ചതോടെ കുട്ടിയുടെ ചികിത്സ മുടങ്ങി. ഷാജിയുടെയും കുട്ടിയുടെയും ചികിത്സയ്ക്കായി അഞ്ചുലക്ഷം രൂപയോളം ചെലവുവന്നിട്ടുണ്ട്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന കുടുംബം കടം വാങ്ങിയും മറ്റുമാണ് ഈ തുക കണ്ടെത്തിയത്. 15 സെന്റ് സ്ഥലവും ശോച്യാവസ്ഥയിലുള്ള വീടും മാത്രമാണ് ഇവര്‍ക്കുള്ളത്. ബന്ധുവീട്ടിലാണ് ഡാനിയും മകളും താമസിക്കുന്നത്. കുട്ടിയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനായി ആറുമാസം മുമ്പ് പേരുനല്‍കിയെങ്കിലും നടപടിയായില്ലെന്ന് ഡാനി പറയുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇപ്പോള്‍ കഴിയുന്നത്.
ക്രിസ്റ്റീനയുടെ ചികിത്സ തുടരാന്‍ കരുണയുടെ കൈത്താങ്ങുമായി ആരെങ്കിലുമെത്തുമെന്നാണ് ഡാനിയുടെ പ്രതീക്ഷ. കേരള ഗ്രാമീണ്‍ ബാങ്കിന്റെ കോളിച്ചാല്‍ ശാഖയില്‍ 18107585135 എന്ന നമ്പറില്‍ ഡാനിക്ക് അക്കൗണ്ട് ഉണ്ട്. ഐ.എഫ്.എസ്. കോഡ്: KLGB0040416.

More Citizen News - Kasargod