ആരുമില്ലാത്ത വീണ; ഒരുകൈ സഹായത്തിനായി കാക്കുന്നു

Posted on: 15 Sep 2015കുമ്പള: സംരക്ഷിക്കാന്‍ ബന്ധുക്കളോ സ്വന്തക്കാരോ ഇല്ലാത്ത 45 വയസ്സുള്ള രോഗിയായ സ്ത്രീ ദുരിതമനുഭവിക്കുന്നു. പുത്തിഗെ പഞ്ചായത്തോഫീസിനടുത്ത് താമസിക്കുന്ന വീണയാണ് രോഗങ്ങളും പട്ടിണിയുംമൂലം അവശതയനുഭവിക്കുന്നത്.
വീണയുടെ ഭര്‍ത്താവായ നാരായണ ആശാരി രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം രോഗങ്ങള്‍ പിടിപെടുകയുംചെയ്തു. പഞ്ചായത്തധികൃതര്‍ പണിതുനല്കിയ ഒറ്റമുറിയുള്ള വീട്ടിലാണ് താമസം.
തൊട്ടടുത്ത് വീടുകളൊന്നുമില്ല. അതിനാല്‍ ദൂരെയുള്ള ചില വീട്ടുകാര്‍ നല്കുന്ന ഭക്ഷണമാണ് വീണയുടെ ആശ്രയം. ആരും നല്കിയില്ലെങ്കില്‍ അന്ന് പട്ടിണിതന്നെ.
കഴിഞ്ഞ ഓണാഘോഷത്തിന്റെ ഭാഗമായി പുത്തിഗെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഓണക്കിറ്റ് നല്കിയിരുന്നു. വീട്ടില്‍ വരുന്നവരോടോ വഴിയാത്രികരോടോ വീണ സംസാരിക്കാറില്ല. എപ്പോഴും പിറുപിറുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മതിയായ ചികിത്സയും പരിചരണവും ലഭിക്കുകയാണെങ്കില്‍ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നുവരാം.

More Citizen News - Kasargod