മനുഷ്യസ്‌നേഹത്തിന്റെ കുളിര്‍മഴയായി ഖസാക്കിന്റെ ഇതിഹാസം

Posted on: 15 Sep 2015തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ ആലുംവളപ്പിലെ ആല്‍മരത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് തസ്രാക്കിനെ പറിച്ചുനട്ട് നാടകപ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍ ഒരുക്കിയ 'ഖസാക്കിന്റെ ഇതിഹാസം' ഒരുകുളിര്‍മഴയായി നാടകാസ്വാദകര്‍ അനുഭവിച്ചു.
ഞായറാഴ്ച നടക്കേണ്ട അരങ്ങേറ്റം മഴയെത്തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഖസാക്കിലെ ജീവജാലങ്ങളുടെ പുരാവൃത്തങ്ങളും രൂപമാറ്റങ്ങളും അരീന തീയറ്ററിന്റെ സാധ്യതയില്‍ ആവിഷ്‌കരിച്ച നാടകം കാണാന്‍ നാടകപ്രവര്‍ത്തകര്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി എത്തിയിരുന്നു. മഹാസങ്കടങ്ങളുടെ പ്രേതഭൂമിയായ ഖസാക്ക് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകഗീതം പോലെ പ്രേക്ഷകരില്‍ ആഴ്ന്നിറങ്ങി. ആന്താരാഷ്ട്ര തീയറ്റര്‍രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി പുതിയ അനുഭവമാണ് സംവിധായകന്‍ കാണികള്‍ക്ക് പകര്‍ന്നുനല്കിയത്. ഒ.വി.വിജയന്റെ പ്രശസ്തമായ നോവല്‍ മൂന്നുമാസത്തെ പരിശീലനംകൊണ്ട് തൃക്കരിപ്പൂര്‍ കെ.എം.കെ.സ്മാരക കലാസമിതിയാണ് നാടകം രംഗത്തെത്തിച്ചത്. സംഗീതസംവിധായകന്‍ വയറ്റുമ്മല്‍ ചന്ദ്രന്‍, ജോസ് കോശി, ആന്റോ ജോര്‍ജ്, ആലിയാര്‍, സി.ആര്‍.രാജന്‍ എന്നിവരാണ് അണിയറയില്‍. തൃക്കരിപ്പൂരിലെയും പയ്യന്നൂര്‍, അന്നൂര്‍ ഭാഗത്തേയും 25 ഓളം കലാകാരന്‍മാരാണ് ഖസാക്കിലെ അനശ്വര കഥാപാത്രങ്ങളെ രംഗത്തെത്തിച്ചത്. 15ഓളം വിദ്യാര്‍ഥികളും വേദിയിലെത്തി. മൂന്ന് ദിവസമായിരുന്നു നാടകംകളിക്കാന്‍ തീരുമാനിച്ചിരുന്നത്. നാടകാസ്വാദകരുടെ പെരുപ്പംകാരണം അത് നാലുദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. ഞായറാഴ്ച മാറ്റിവെച്ച നാടകം ആദിവസത്തെ കാണികള്‍ക്കായി 17-ന് അവതരിപ്പിക്കും.

More Citizen News - Kasargod