ജനപ്രചാരമുള്ള സിനിമകള്‍ ജീവിതത്തില്‍നിന്ന് അകലം പാലിച്ചിട്ടുണ്ട് -എ.സഹദേവന്‍

Posted on: 15 Sep 2015നീലേശ്വരം: പ്രേക്ഷകസമൂഹം അന്നന്ന് നിലവിലുള്ള സദാചാരസങ്കല്പങ്ങള്‍ക്കനുസരിച്ച് സിനിമയും ജീവിതവുമായുള്ള ജൈവബന്ധത്തെ വിലയിരുത്തുകയാണ് ചെയ്യുന്നതെന്ന് സിനിമാ നിരൂപകന്‍ എ.സഹദേവന്‍ പറഞ്ഞു. ജനപ്രചാരമുള്ള സിനിമകള്‍ എന്നും എവിടെയും ജീവിതത്തില്‍നിന്ന് അകലംപാലിച്ചിട്ടുണ്ടെന്നും മനുഷ്യജീവിതം അഭിമുഖീകരിക്കുന്ന സമസ്യകളെക്കുറിച്ച് അവ ആശങ്കപുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ പ്രാഥമികമായ ആകുലതകള്‍പോലും അവയ്ക്ക് വിഷയമാകുന്നില്ല. പുതുസിനിമയ്ക്ക് പിന്തുണനല്കുന്ന യുവതലമുറ സജീവമാണെങ്കിലും ജീവിതത്തെക്കുറിച്ച് പിന്തുണനല്കുന്ന യുവതലമുറ സജീവമാണെങ്കിലും ജീവിതത്തെക്കുറിച്ച് ആകുലതകളില്ലാത്തവരായി അവര്‍ മാറുന്നു. പ്രേമം പോലൊരു അന്തഃസാരശൂന്യമായ ഒരു സിനിമയ്ക്ക് കാശ് ചൊരിഞ്ഞുകൊടുത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ആകാശവാണിനിലയവും കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച 'മാധ്യമം: സമൂഹം, രാഷ്ട്രീയം, സംസ്‌കാരം' എന്ന പ്രഭാഷണ പരമ്പരയില്‍ 'സിനിമ, കല, സാങ്കേതികസംസ്‌കാരം' എന്ന വിഷയത്തില്‍ പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം. 'നവമാധ്യമ ശരീരം പ്രതിനിധാനവും പ്രതീകവും' എന്ന വിഷയത്തില്‍ നസീറ എം.എസ്. പ്രഭാഷണം നടത്തി. ജിഷ, വിജില, രജിന, ജിസ്‌ന എന്നിവര്‍ സംസാരിച്ചു.
'മൊബൈല്‍ ഫോണും നവസംസ്‌കാരിക സാഹചര്യവും' എന്ന വിഷയത്തില്‍ വി.എച്ച്.നിഷാദ് ചൊവ്വാഴ്ച പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപനസമ്മേളനം പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. ടി.അശോകന്‍ ഉദ്ഘാടനംചെയ്യും. സിന്‍ഡിക്കേറ്റ് അംഗം ബാബുചാത്തോത്ത്, നാടന്‍ കലാഅക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

More Citizen News - Kasargod