അല്‍വാരീസ് തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

Posted on: 15 Sep 2015പനജി: പനജി റിബന്തര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ കാലംചെയ്ത വിശുദ്ധ അല്‍വാരിസ് മാര്‍ ചൂലിയോസ് തിരുമേനിയുടെ 92-ാം ഓര്‍മപ്പെരുന്നാളിന് കൊടിയേറി. പെരുന്നാളാഘോഷങ്ങള്‍ 23വരെ നീണ്ടുനില്ക്കും.
മാര്‍ ബസിലിയോസ് മാര്‍തോമാ പൗലോസ് ദ്വിതീയന്‍ കാത്തോലിക്കാ ബാവ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ക്ലിമസ് (തുമ്പമണ്‍), ഗിവറുഗീസ് മാര്‍ കുറിലോസ് (മുംബൈ), മാത്യൂസ് മാര്‍ തേവോദോസ്യോസ് (ഇടുക്കി), ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് (കൊല്‍ക്കത്ത), ഡോ. യോഹന്നാന്‍ മാര്‍ ദിയസ്‌ക്കോറസ് (ചെന്നൈ), ഡോ. യോഹന്നാന്‍ മാര്‍ദിമത്രയോസ്(ഡല്‍ഹി), യാക്കോബ് മാര്‍ ഏലിയാസ് (ഇടവക മെത്രാപ്പോലിത്ത), ഡോ. ജോഷിമാര്‍ നിക്കോദിമോസ് (നിലയ്ക്കല്‍), ഡോ. ഗീവര്‍ഗീസ് മാര്‍ ചുലിയോസ് (അഹമ്മദാബാദ്), ഡോ. എബ്രഹാം മാര്‍ െസറാഫിം (െബംഗളൂരു) എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
ഇടവകയില്‍ ഏറെക്കാലം സേവനം അനുഷ്ഠിച്ച ഫാ. ടി.ഇ.ഐസക്കിനെ അന്‍വാരിസ് മാര്‍ ചുലിയോസ് പുരസ്‌കാരം നല്കി ആദരിക്കും. 22-ന് രാവിലെ കുര്‍ബാന 2.30ന് പദയാത്രയും ഉണ്ടാകും. തിരുനാള്‍ദിനമായ 23-ന് രാവിലെ ഏഴിന് പ്രഭാതനമസ്‌കാരം, എട്ടുമണിക്ക് വിശുദ്ധ കുര്‍ബാന, ധൂപപ്രാര്‍ഥന, തുടര്‍ന്ന് വാദ്യമേളങ്ങളോടെ വര്‍ണാഭമായ റാസ, യുവജനസംഗമം, തീര്‍ഥാടകസംഗമം, പുരസ്‌കാര വിതരണം, നേര്‍ച്ചവിളമ്പ് തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് കൊടിയിറക്കം.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ നാനാഭാഗത്തുനിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഇടവക പള്ളിവികാരി ഫാ. ബ്ലസ്സന്‍ വറുഗീസ്, ട്രസ്റ്റി ജോണ്‍ കുരിയന്‍, സെക്രട്ടറി ജോണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod