അപകടഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചുമാറ്റിയില്ല

Posted on: 14 Sep 2015ബോവിക്കാനം: പാതയോരത്ത് അപകടഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ മരം മുറിച്ചുമാറ്റിയില്ലെന്ന് പരാതി. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ ബോവിക്കാനം റേഷന്‍കടയ്ക്ക് സമീപമുള്ള മരമാണ് ഭീഷണിയുയര്‍ത്തുന്നത്. മരത്തിന്റെ വലിയ ഒരുകൊമ്പ് കഴിഞ്ഞദിവസം ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. മരത്തിന്റെ വേരുകള്‍ ദ്രവിച്ചുതുടങ്ങിയ നിലയിലുമാണ്.
ബോവിക്കാനത്ത് അപകടഭീഷണി ഉയര്‍ത്തിയിരുന്ന അഞ്ച് അക്കേഷ്യാമരങ്ങള്‍ ജൂലായ് 28-ന് വെട്ടിമാറ്റിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തിലാണ് മരങ്ങള്‍ മുറിച്ചത്. ജനകീയാവശ്യത്തെത്തുടര്‍ന്നാണ് മരങ്ങള്‍ വെട്ടിമാറ്റുന്നതിന് അധികൃതര്‍ തയ്യാറായത്.
ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലും ബോവിക്കാനം-ഇരിയണ്ണി-കാനത്തൂര്‍ റോഡിലും മരങ്ങള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. മാര്‍ച്ച് 25-ന് ബോവിക്കാനം എട്ടാം മൈലില്‍ സ്‌കൂള്‍ബസ്സിന് മുകളില്‍ മരംവീണിരുന്നു. ഏപ്രില്‍ 25-ന് ബോവിക്കാനം ടൗണില്‍ മരം കടപുഴകിവീണ് പരിക്കേറ്റ ബേര്‍ക്ക കോളനിയിലെ ശശികുമാര്‍ ഇപ്പോഴും ചികിത്സയിലാണ്. റോഡിലേക്ക് മരംവീണ് ഗതാഗതം നിലച്ച സംഭവങ്ങളും നിരവധിയാണ്.
റേഷന്‍കടയ്ക്ക് മുന്നില്‍ ഭീഷണിയുയര്‍ത്തുന്ന മരം മുറിച്ചുമാറ്റുന്നതിന് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കുകയായിരുന്നെന്ന് സമീപത്തുള്ള മുളിയാര്‍ റൈസ് ആന്‍ഡ് ഓയില്‍ മില്‍ ഉടമ എം.ബി.അബ്ദുള്‍ഹാരിസ് പറഞ്ഞു.

More Citizen News - Kasargod