തെരുവുവിളക്കുകള്‍ കത്തുന്നില്ല; രാത്രിയായാല്‍ പട്ടണം ഇരുട്ടില്‍

Posted on: 14 Sep 2015കാഞ്ഞങ്ങാട്: എന്തെല്ലാം പ്രഖ്യാപനങ്ങളായിരുന്നു; പട്ടണം മുഴുവന്‍ പ്രകാശിതമാക്കുന്നത്രയും തെരുവുവിളക്കുകള്‍... ഒറ്റപ്പൈസ ചെലവില്ലാതെ വഴിവിളക്കുകള്‍ കത്തിക്കുന്നതില്‍ കാഞ്ഞങ്ങാട് നഗരം മാതൃകയാകും... നഗരഭരണാധികാരികള്‍ പറയുന്നതുകേട്ട് ഒരുവേള അത്ഭുതപ്പെട്ടെങ്കിലും അന്ന് മുഴുവന്‍ കൗണ്‍സിലര്‍മാരും അതിനോട് യോജിച്ചു. ഉടന്‍ തളിപ്പറമ്പിലെ കറാറുകാരനുമായി സമ്മതപത്രത്തിലൊപ്പിട്ടു.
കാഞ്ഞങ്ങാട് പട്ടണമധ്യത്തില്‍ മുഴുവന്‍ കരാറുകാരന്‍ ഹൈമാസ്റ്റ് ബള്‍ബുകള്‍ പ്രകാശിപ്പിക്കണം. ഇതിനായി കൂറ്റന്‍ ഇരുമ്പുപൈപ്പുകള്‍ ഒന്നൊന്നായി സ്ഥാപിക്കണം. പകരം ഡിവൈഡര്‍ മുഴുവന്‍ എടുത്തോളൂ. ആവശ്യമുള്ള പരസ്യം പതിക്കാം. രണ്ടുവര്‍ഷം മുമ്പായിരുന്നു കരാര്‍. സമ്മതംകിട്ടിയതോടെ കരാറുകാരന്‍ ആദ്യം സ്ഥാപിച്ചത് പരസ്യപ്പലകകളാണ്. ഡിവൈഡര്‍ മുഴുവന്‍ പരസ്യപ്പലക നിറഞ്ഞപ്പോഴാണ് പട്ടണമധ്യം ഇത്രയും വൃത്തികേടാകുമെന്ന് എല്ലാവര്‍ക്കും മനസ്സിലായത്. എന്തായാലും പണച്ചെലവില്ലാതെ വെളിച്ചവിപ്ലവം സാധ്യമാകുമല്ലോ എന്നോര്‍ത്ത് ആരും പ്രതിഷേധിച്ചില്ല.
ഒരുവര്‍ഷംപിന്നിട്ടപ്പോള്‍ തൂണുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിള്‍ മുതല്‍ തെക്കോട്ട് ഡിവൈഡര്‍ അവസാനിക്കുന്ന എസ്.ബി.ടി. ജങ്ഷന്‍വരെ കൂറ്റന്‍ തൂണുകള്‍ സ്ഥാപിച്ച് വെളിച്ചം വിതറി. മാസങ്ങള്‍ കഴിഞ്ഞില്ല. മിക്ക ലൈറ്റുകളും കണ്ണടച്ചു. ഇപ്പോള്‍ സന്ധ്യമയങ്ങുന്നതോടെ ഇരുട്ടില്‍തപ്പിയുള്ള യാത്രയാണ് കാഞ്ഞങ്ങാട് പട്ടണത്തിലെത്തുന്നവരുടേത്. വെളിച്ചംകെട്ടെങ്കിലും നിറമുള്ള പരസ്യപ്പലകകള്‍ മാറിക്കൊണ്ടേയിരിക്കുകയാണ്. പല സ്ഥാപനങ്ങളുടെയും പരസ്യങ്ങളുമായി തലയുയര്‍ത്തിനില്ക്കുന്ന പരസ്യപ്പലകകള്‍ റോഡിനെ കാഴ്ചയില്‍പോലും രണ്ടായി മുറിച്ചുകളഞ്ഞു.
15 ലക്ഷം രൂപ മുടക്കിയാല്‍മാത്രമേ കേബിളുകള്‍ ഇടാനാകൂ എന്ന് വൈദ്യുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നുവെന്നും പ്രാഥമികചെലവുതന്നെ ഇത്രയും ആകുമ്പോള്‍ തൂണുകളും ഹൈമാസ്റ്റ് ബള്‍ബുകളുമെല്ലാം കണക്കുകൂട്ടുമ്പോള്‍ വലിയതുക വേണ്ടിവരുമെന്നും കണ്ടതിനാലാണ് ഇങ്ങനെ കരാര്‍കൊടുക്കേണ്ടി വന്നതെന്ന് നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോെറാടി പറഞ്ഞു. ഏതായാലും കരാര്‍ റദ്ദാക്കി പരസ്യപ്പലകകള്‍ നീക്കംചെയ്യണമെന്ന ആവശ്യമുന്നയിച്ച് പൊതുജനങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു.

ഡി.വൈ.എഫ് ഐ. പന്തംകൊളുത്തി പ്രകടനംനടത്തി

കാഞ്ഞങ്ങാട്:
പട്ടണത്തിലെ വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് പന്തംകൊളുത്തി പ്രകടനംനടത്തി. ശിവജി വെള്ളിക്കോത്ത്, പി.കെ.നാഷാന്ത്, രതീഷ് നെല്ലിക്കാട്ട് എന്നിവര്‍ നേതൃത്വംനല്കി.
വലിയ അഴിമതി ഇതിനുപിന്നില്‍ നടന്നിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.രാജ്‌മോഹന്‍ ആരോപിച്ചു. അഴിമതി നടത്തിയതുകൊണ്ടാണ് തെരുവുവിളക്കുകള്‍ കത്തിക്കാന്‍ ആവശ്യമായ നടപടികള്‍ നഗരഭരണക്കാര്‍ക്ക് എടുക്കാനാകാത്തത്. പട്ടണമധ്യം തീറെഴുതിക്കൊടുക്കുമ്പോള്‍ ഇത് പൊതുസ്വത്താണെന്ന് ഒരിക്കല്‍പ്പോലും ചിന്തിക്കാത്തവര്‍ക്ക് ജനം മാപ്പുകൊടുക്കില്ലെന്നും രാജ്‌മോഹന്‍ പറഞ്ഞു.

More Citizen News - Kasargod