പൊതുമേഖലാ ബാങ്കുകളില്‍ നിരീക്ഷണക്യാമറ സ്ഥാപിക്കും

Posted on: 14 Sep 2015കാസര്‍കോട്: ജില്ലയിലെ സഹകരണ ബാങ്കുകള്‍ക്ക് പുറമെ പൊതുമേഖലാ ബാങ്കുകളുടെ ചില ശാഖകളിലും സി.സി.ടി.വിയുടെ സുരക്ഷയില്ല. സ്‌ട്രോങ് റൂം, സേഫ്റ്റി അലാറം, രാത്രി വാച്ച്മാന്‍ എന്നിവ അടക്കമുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ക്യാമറാ സംവിധാനം ഇല്ല. സി.സി.ടി.വി. ഇല്ലാത്ത പൊതുമേഖലാ ബാങ്കുകളുടെ ശാഖകളില്‍ ഉടന്‍ ക്യാമറാ സംവിധാനം ഒരുക്കും. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ലീഡ്ബാങ്ക് മാനേജര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. കാസര്‍കോട് കുഡ്‌ലു സഹകരണ ബാങ്ക് ശാഖയിലെ പട്ടാപ്പകല്‍ കവര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കും. ബാങ്കിന്റെ മുന്‍ഭാഗം കൂടി കാണത്തക്കവിധമുള്ള സി.സി.ടി.വി.ക്കായിരിക്കും മുന്‍ഗണന. ബ്ലോക്ക്തല യോഗത്തില്‍ ഇത് മുഖ്യ അജന്‍ഡയായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജില്ലാ ബാങ്കിന്റെ ഹെഡ് ഓഫീസിലും 43 ശാഖകളിലും 15 ദിവസത്തിനകം സി.സി.ടി.വി. സ്ഥാപിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഹെഡ് ഓഫീസിലെ മോണിറ്ററില്‍ മുഴുവന്‍ ശാഖകളിലെയും വിവരങ്ങള്‍ കാണാം എന്ന സാങ്കേതിക സംവിധാനമാണ് ഒരുക്കുന്നത്. ഒരു കോടി രൂപയോളമാണ് ചെലവ്.
കാസര്‍കോട് കുഡ്‌ലു സഹകരണ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും നഷ്ടപ്പെട്ട സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിയിരുന്നു. സഹകരണ സംഘം രജിസ്ട്രാറാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്കിയത്. ജില്ലയിലെ 60 സഹകരണ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് ബാങ്കുകള്‍, ലൈസന്‍സുള്ള അര്‍ബന്‍ ബാങ്കുകള്‍, ജില്ലാ ബാങ്കും അതിന്റെ 43 ശാഖകളും മറ്റ് സംഘങ്ങള്‍ എന്നിവയാണ് ഇതിന്റെ പരിധിയില്‍ വരിക.
കൃത്യമായ സ്‌ട്രോങ് റൂം, സി.സി.ടി.വി, സേഫ്റ്റി അലാറം, രാത്രി വാച്ച്മാന്‍ എന്നിവ അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കിയതിനുശേഷം മാത്രമേ കാസര്‍കോട് ജില്ലയില്‍ ഇനി സ്വര്‍ണ പണയ ഇടപാട് ഉണ്ടാകൂ. അസിസ്റ്റന്റ് രജിസ്ട്രാര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരിശോധിച്ച് ക്ലിയറന്‍സ് (അനുമതിപത്രം) നല്കിയാല്‍ മാത്രമേ സ്വര്‍ണ പണയ ഇടപാട് നടത്താനാകൂ. 'സുരക്ഷാ അനുമതിപത്രം' ലഭിക്കാത്തവയ്ക്ക് സ്വര്‍ണ പണയ ഇടപാട് തുടരാനാവില്ല.

More Citizen News - Kasargod