വീടുമുഴുവന്‍ അജ്ഞാതന്റെ നിരീക്ഷണത്തില്‍; ഫോണ്‍സന്ദേശംമൂലം കുടുംബം ഭീതിയിലായി

Posted on: 13 Sep 2015നീലേശ്വരം: വീടുമുഴുവന്‍ അജ്ഞാതന്റെ നിരീക്ഷണവലയത്തിലായ സ്ത്രീകള്‍താമസിക്കുന്ന കുടുംബം ഭീതിയുടെനിഴലിലായി. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ അമ്മയും മക്കളും താമസിക്കുന്ന കുടുംബമാണ് അജ്ഞാതന്റെ നിരീക്ഷണംമൂലമുള്ള ഭീതിയില്‍ നാളുകളായി കഴിയുന്നത്. വീട്ടില്‍നടക്കുന്ന ഓരോകാര്യവും ഉടനടി യുവതിയുടെ മൊബൈല്‍ ഫോണില്‍ സന്ദേശമായി എത്തും. വീട്ടില്‍ അയല്‍ക്കാരോ മറ്റോ എത്തിയാല്‍പോലും കൃത്യമായി സന്ദേശംവരും. വീട്ടില്‍നിന്നുള്ളവര്‍ ഒന്ന് തിരിഞ്ഞാല്‍പ്പോലും അജ്ഞാതന്റെ ഫോണ്‍സന്ദേശം വരുന്നത് ശല്യമായിമാറിയതോടെ സഹികെട്ട വീട്ടുകാര്‍ അടുത്ത ബന്ധുക്കളെ അറിയിച്ചു.
അവര്‍ അന്വേഷണത്തിനായി എത്തിയപ്പോള്‍ അതിനെക്കുറിച്ചും അവര്‍വന്ന വിവരവും അന്വേഷിച്ച് വിവരംവരാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ പോലീസില്‍ പരാതിനല്കി. എന്നാല്‍, പോലീസ് വീടും പരിസരവും വിശദമായ പരിശോധനനടത്തിയെങ്കിലും ഒരുതെളിവും ലഭിച്ചില്ല. പോലീസ്വന്ന കാര്യവും സന്ദേശമായി എത്തുകയുംചെയ്തു. ഇതേത്തുടര്‍ന്ന് സൈബര്‍സെല്‍ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ആന്ധ്രാപ്രദേശില്‍നിന്നാണ് സന്ദേശം വരുന്നതെന്നല്ലാതെ അതിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരമൊന്നും പ്രഥമ പരിശോധനയില്‍ ലഭിച്ചിട്ടില്ല. വിശദമായ പരിശോധനയ്ക്കായി ഫോണ്‍ ഇപ്പോള്‍ സൈബര്‍ സെല്ലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അജ്ഞാതന്റെ സന്ദേശം ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയ സാഹചര്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ചില സൂചനകള്‍ ലഭിച്ചതായി വിവരം ഉണ്ട്.

More Citizen News - Kasargod