കരുണയുള്ളവരുടെ കൈത്താങ്ങിനായി മൂന്ന് അനാഥബാല്യങ്ങള്‍

Posted on: 13 Sep 2015അമ്മയെവിടെയാണെന്നറിയില്ല; തുണയായിരുന്ന അച്ഛന്‍ ജീവനൊടുക്കി


ചെറുവത്തൂര്‍: പിലിക്കോട് മട്ടലായില്‍ കരുണയുള്ളവരുടെ കൈത്താങ്ങിനായി കൈനീട്ടുകയാണ് എട്ടുപൊട്ടും തിരിയാത്ത മൂന്ന് കുരുന്നുകള്‍. നാടെങ്ങും ഉത്രാടവും തിരുവോണവും ആഘോഷിച്ചപ്പോള്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി തളര്‍ന്നുറങ്ങുകയായിരുന്നു മൂവരും.
അമ്മയെവിടെയാണെന്നറിയില്ല. നാലുവര്‍ഷംമുമ്പ് ഒരുദിവസം അമ്മയെ കാണാതായി. പിന്നെ അച്ഛനായിരുന്നു തുണ. ഉത്രാടത്തലേന്ന് അച്ഛന്‍ രാജന്‍ മക്കളെ തനിച്ചാക്കി ജീവനൊടുക്കി. സ്വന്തമായി സ്ഥലവും കുടിലുമൊന്നുമില്ലാത്ത കുട്ടികള്‍ അച്ഛന്റെ സഹോദരിക്കൊപ്പമാണുള്ളത്. അച്ഛനുമമ്മയുമില്ലാതെ തീര്‍ത്തും അനാഥരായ കുട്ടികളില്‍ മൂത്തവന്‍ ദീപുരാജ് വെള്ളച്ചാല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴാം ക്ലാസിലും ഇളയവരായ ദിലീപും ദിലീഷും ആറിലും രണ്ടിലുമായി ചെറുവത്തൂര്‍ വെല്‍ഫെയര്‍ സ്‌കൂളിലും പഠിക്കുന്നു.
അച്ഛന്റെ സഹോദരി ഉഷയ്ക്കും സ്വന്തമായി വീടില്ല. മട്ടലായിലെ മിച്ചഭൂമിയില്‍ രണ്ടുസെന്റ് സ്ഥലത്ത് കുടില്‍കെട്ടി കഴിയുകയാണവര്‍. രണ്ടുമക്കളുള്ള ഇവര്‍ മകന്‍ കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനത്തിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
സഹോദരന്‍ ജീവനൊടുക്കിയതോടെ മൂന്നു കുരുന്നുകളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ കഷ്ടപ്പെടുകയാണിവര്‍. അയല്‍പക്കത്തുള്ളവരുടെയും മറ്റുള്ളവരുടെയും ചെറുസഹായമാണ് ഇപ്പോള്‍ ആശ്രയം.

More Citizen News - Kasargod