മത്സ്യമാര്‍ക്കറ്റിന് മുകളിലൂടെ വൈദ്യുതലൈന്‍ വലിക്കുന്നതിനെതിരെ പ്രതിഷേധം

Posted on: 13 Sep 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മത്സ്യമാര്‍ക്കറ്റിന് മുകളിലൂടെ എച്ച്.ടി. ലൈന്‍ വലിച്ച് ഷോപ്പിങ് മാളിലേക്ക് വൈദ്യുതി കൊണ്ടുപോകുന്നതിനെതിരെ പ്രതിഷേധം.
മത്സ്യത്തൊഴിലാളികള്‍ ഇരുന്ന് വില്പനനടത്തുന്ന ഭാഗത്തുകൂടി ലൈന്‍വലിക്കാന്‍ ഉയരമുള്ള തൂണുകള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് തൊഴിലാളികള്‍ രംഗത്തുവന്നത്. മാളിലേക്ക് പ്രധാന റോഡില്‍നിന്ന് ലൈന്‍വലിക്കാന്‍ സൗകര്യമുണ്ടായിട്ടും മത്സ്യമാര്‍ക്കറ്റ് ഷെഡിനുമുകളിലൂടെ ലൈന്‍വലിക്കുന്നത് എന്തിനെന്ന് തൊഴിലാളികള്‍ ചോദിക്കുന്നു.
മത്സ്യമാര്‍ക്കറ്റ് വിപുലീകരണത്തിന് പഴയകെട്ടിടം ഒരുമാസം മുന്പ് പൊളിച്ചുനീക്കിയിരുന്നു. ഇവിടെയുണ്ടായിരുന്ന മൂത്രപ്പുരയും കക്കൂസും പൊളിച്ചുനീക്കി. എന്നാല്‍, ബദല്‍സംവിധാനം ഒരുക്കിയിട്ടുമില്ല. രാവിലെമുതല്‍ സന്ധ്യവരെ മത്സ്യമാര്‍ക്കറ്റില്‍ കഴിയുന്ന സ്ത്രീത്തൊഴിലാളികള്‍ പ്രാഥമികസൗകര്യമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതിനെതിരെ രോഷംപുകയുന്നതിനിടയിലാണ് പുതിയപ്രശ്‌നം. സ്ത്രീത്തൊഴിലാളികള്‍ ഇരുന്ന് വില്പനനടത്തുന്ന ഭാഗത്തുകൂടി ശക്തിയേറിയ വൈദ്യുതി പ്രവഹിക്കുന്ന ലൈന്‍വലിക്കുന്നത് തടയുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

More Citizen News - Kasargod