സൗഹൃദത്തിന്റെ നൈര്‍മല്യം കാക്കാമെന്ന് പ്രതിജ്ഞയെടുത്ത് മാതൃഭൂമി-വി.കെ.സി. 'നന്മ' പദ്ധതി ശില്പശാല

Posted on: 13 Sep 2015കാഞ്ഞങ്ങാട്: തീവണ്ടിയിലോ ബസ്സിലോ യാത്രചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഒന്നെഴുന്നേറ്റുകൊടുക്കുക, റോഡ് മുറിച്ചുകടക്കാന്‍ ബദ്ധപ്പെടുന്ന പ്രായക്കൂടുതലോ അവശതയോ ഉള്ളവരുടെ കൈ ഒന്ന് പിടിക്കുക. ചെറുതാണെന്നുതോന്നുമെങ്കിലും ഇത്തരം വലിയകാര്യങ്ങള്‍ ചെയ്യാന്‍ നാം തുനിയാറുണ്ടോ..അത്തരത്തില്‍ സഹായംചെയ്യുന്നവരുടെ ഹൃദയത്തില്‍ നൈര്‍മല്യവും നന്മയുമുണ്ടെന്ന് രണ്ടുവട്ടം ആലോചിക്കാനാകാതെ പറയാനാകും.
ഇങ്ങനെയുള്ള നന്മകള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ക്കേ കുട്ടികളെയും ഇതേ വഴിക്ക് കൊണ്ടുവരാനാകൂ.....സൗഹൃദം നഷ്ടപ്പെടുന്ന ലോകത്ത് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വാതില്‍ തുറന്ന് മാതൃഭൂമി വിദ്യയും വി.കെ.സി. ജൂനിയറും കൈകോര്‍ത്ത് നടപ്പാക്കുന്ന 'നന്മ' പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമിട്ടു.
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ 'നന്മ' പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കുള്ള ശില്പശാല വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ ഉദ്ഘാടനംചെയ്തു. മറ്റുള്ളവരുടെ കുറവ് പറയുകയും നമ്മുടെ കുറവ് തമസ്‌കരിക്കുകയുംചെയ്യുന്ന ലോകമാണിതെന്നും ഈ തെറ്റിലേക്ക് കുട്ടികളെ വലിച്ചിഴക്കാതിരിക്കാന്‍ മാതൃഭൂമിയും വി.കെ.സി.യും ചേര്‍ന്നുനടപ്പാക്കുന്ന നന്മ പദ്ധതിയിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭാവനയ്ക്കായി എത്തുന്ന ആളുകളോട് 'ഞാനിവിടെ ഇല്ലെന്ന് പറയൂ' എന്ന നിര്‍ദേശംകൊടുക്കുന്ന ഏതൊരച്ഛനും ഒരിക്കല്‍പോലും കരുതുന്നില്ല താന്‍ പറയുന്നത് വലിയ നുണയാണെന്ന്. പക്ഷെ, അത് കണ്ടുംകേട്ടും വളരുന്ന കുട്ടികളുടെ മനസ്സില്‍ കളവുകള്‍ പറയേണ്ടത് ആവശ്യമാണെന്ന തോന്നലുണ്ടാക്കുന്നു. ക്ലാസില്‍ ഉറങ്ങിപ്പോയ കുട്ടിയോട് എഴുന്നേറ്റുനില്ക്കാന്‍ പറയുന്ന അധ്യാപകന്റെ മനസ്സില്‍ തലേന്നുരാത്രി നന്നായി ഉറങ്ങിയ തന്റെ മകന്റെ ചിത്രമാണ് ഉള്ളത്. മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന അച്ഛനെ പേടിച്ച് ഉറങ്ങാതിരുന്നതുകൊണ്ടാണ് അവന്‍ ക്ലാസില്‍ ഉറങ്ങിപ്പോയതെന്ന് ചോദിച്ചറിയാന്‍ ഏത് അധ്യാപകനാണ് തയ്യാറാകുന്നത്. ഒരു സ്‌കൂളിലെ കുട്ടികളുടെ മനസ്സില്‍ നന്മ വിരിഞ്ഞപ്പോള്‍ ഓലകള്‍ മറച്ചിട്ട് കൂരയുണ്ടാക്കി ജീവിക്കുന്ന 32 കുടുംബങ്ങളിലാണ് വൈദ്യുതിയുടെ പ്രകാശം ചൊരിഞ്ഞത്. ചെറിയകുട്ടികളോട് അധ്യാപകര്‍ക്ക് പറയാനാകണം, ഓരോദിവസവുംചെയ്ത നല്ലകാര്യങ്ങള്‍ എഴുതിവെക്കാന്‍. കുട്ടികള്‍ നന്മയുള്ളവരാകുമ്പോള്‍ സമൂഹമാകെ നന്നാകുമെന്നും ഡി.ഡി.ഇ. പറഞ്ഞു.
മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ് അധ്യക്ഷതവഹിച്ചു. 'കുട്ടികളുടെ മാനസികാരോഗ്യം' എന്ന വിഷയത്തില്‍ കൗണ്‍സലര്‍ സൈക്കോളജിസ്റ്റ് സിന്ധു തമ്പാന്‍ ക്ലാസെടുത്തു. കുട്ടികളില്‍ സര്‍ഗാത്മകചിന്ത വളര്‍ത്തിയെടുക്കുകയാണ് അവര്‍ ചീത്ത കൂട്ടുകെട്ടുകളിലേക്ക് വഴുതിമാറാതിരിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് സിന്ധു തമ്പാന്‍ പറഞ്ഞു. ഇപ്പോഴത്തെ കുട്ടികളുടെ ചിന്തകള്‍ നമ്മള്‍ പ്രതീക്ഷിക്കാത്തതിനപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി അതെല്ലാം ന്യൂജനറേഷന്‍ ട്രെന്‍ഡ് ആണെന്നുപറയുകയാണ് നമ്മള്‍. ന്യൂജനറേഷന്‍ ട്രെന്‍െഡാന്നുമല്ലത്, പരിണാമശ്രേണിയില്‍ വരുന്ന മാറ്റങ്ങളാണത്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണ് ജീവിതം എന്ന് പറയുന്നതുതന്നെ തെറ്റാണ്. ഒരു നിബന്ധനയുമില്ലാതെ എല്ലാ ബഹുമാനത്തോടും കൂടി പരസ്​പരം അറിഞ്ഞ് ജീവിക്കുന്നതാണ് ദാമ്പത്യം. വഴക്കും ബഹളവും വീട്ടില്‍നിന്ന് നിത്യവും കേള്‍ക്കുന്ന കുട്ടിയും അതേരീതിയിലേക്ക് മാറും. മയക്കുമരുന്നിനേക്കാള്‍ ഭയക്കേണ്ടത് അശ്ലീലചിത്രങ്ങള്‍ കാണുന്നതിനെയാണ്. മയക്കുമരുന്ന് ശരീരത്തെയാണ് നശിപ്പിക്കുന്നത്. ഇത്തരം ചിത്രങ്ങളും വീഡിയോകളും മനസ്സിനെ നശിപ്പിക്കും -അവര്‍ പറഞ്ഞു.
മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ.ബാലകൃഷ്ണന്‍, വി.കെ.സി. നന്മ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അനീസ് ഹസന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്‍.അശ്വതി എന്നിവര്‍ നന്മ പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, വി.കെ.സി. നന്മ കോ ഓര്‍ഡിനേറ്റര്‍ ഇ.വി.ശ്രീജ, എന്‍.ഇ.പ്രിയംവദ എന്നിവര്‍ സംസാരിച്ചു. സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ പ്രാര്‍ഥനയോടെയാണ് ശില്പശാല തുടങ്ങിയത്.

More Citizen News - Kasargod