പ്രതീക്ഷയുടെ വെളിച്ചം; സുപ്രിയയ്ക്ക് സുമനസ്സുകളുടെ സഹായമെത്തിത്തുടങ്ങി

Posted on: 13 Sep 2015കാസര്‍കോട്: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്​പത്രിക്കിടക്കയിലുള്ള കാസര്‍കോട് മധൂരിലെ സുപ്രിയയുടെ അവസ്ഥ വായിച്ചറിഞ്ഞവരുടെ കരളലിഞ്ഞു. സുപ്രിയയുടെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം എത്തിത്തുടങ്ങി. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന സുപ്രിയയുടെയും കുടുംബത്തിന്റെയും അവസ്ഥ കാണിച്ച് 'കരള്‍ പകുത്ത് നല്‍കാന്‍ സഹോദരന്‍, സുപ്രിയയുടെ ജീവിതത്തിനിനി നാട്ടുകാരുടെ കരളലിയണം' എന്ന തലക്കെട്ടില്‍ ശനിയാഴ്ച മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
ഓള്‍ കേരള സെയില്‍ ടാക്‌സ് ആന്‍ഡ് ഇന്‍കം ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സുപ്രിയയുടെ വീട്ടിലെത്തി സഹായധനമായി 25000 രൂപ നല്‍കി. സഹായധനം നല്‍കാന്‍ ഇവരെത്തുമ്പോള്‍ സുപ്രിയ പക്ഷേ, മംഗലാപുരത്തെ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് പിതാവ് മോഹനഗട്ടിക്ക് ജില്ലാ സെക്രട്ടറി കെ.വി.സുരേഷ്ബാബു തുക കൈമാറി. ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗത്തിലാണ് മാതൃഭൂമി വാര്‍ത്തയെക്കുറിച്ച് അംഗങ്ങള്‍ സംസാരിച്ചത്. ഉടന്‍ എല്ലാവരും പണം പിരിച്ചെടുക്കുകയായിരുന്നു. ജില്ലാ ഭാരവാഹികളും സുപ്രിയയുടെ വീട്ടിലെത്തി.
പത്താം വയസ് മുതല്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയിരുന്നെങ്കിലും ഒന്നരവര്‍ഷം മുന്‍പാണ് അസഹ്യമായ വേദനയെത്തുടര്‍ന്ന് ആസ്​പത്രിയിലെത്തുന്നത്. പിന്നീടിങ്ങോട്ട് പലവിധ ചികിത്സകള്‍ നടത്തി. ലക്ഷങ്ങള്‍ മരുന്നിന് മാത്രം ചെലവാക്കി. കരള്‍ മാറ്റിവെച്ചാല്‍ മാത്രമേ സുപ്രിയയ്ക്ക് ജീവിതത്തിന്റെ കരയെത്താന്‍ പറ്റൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കരള്‍ ദാതാവായി സഹോദരന്‍ എത്തിയെങ്കിലും ശസ്ത്രക്രിയയ്ക്കായുള്ള 45 ലക്ഷം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് മോഹനഗട്ടിയും കുടംുബവും. ഇവര്‍ക്കിടയിലേക്കാണ് സുമനസ്സുകള്‍ എത്തിത്തുടങ്ങിയത്.
.

More Citizen News - Kasargod