അരി സ്റ്റോക്കില്ല; വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയില്‍

Posted on: 13 Sep 2015നീലേശ്വരം: അരി ലഭ്യമല്ലാത്തതിനാല്‍ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയിലായി. സിവില്‍ സപ്ലൈസില്‍ അരി സ്റ്റോക്കില്ലാത്തതാണ് കാരണം. അതേസമയം, ചില മാവേലിസ്റ്റോറുകളില്‍ അരി സ്റ്റോക്കുള്ളത് മാവേലിസ്റ്റോറുകളെ ആശ്രയിക്കുന്ന വിദ്യാലയങ്ങള്‍ക്ക് തുണയായി.
ഉച്ചഭക്ഷണം പ്രതിസന്ധിയിലായതോടെ പ്രാദേശികതലത്തില്‍ പുറത്തുള്ള കടകളില്‍നിന്ന് അരി വാങ്ങി വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്കാന്‍ ഹൊസ്ദുര്‍ഗിലെ പ്രഥമാധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പൊതുവിപണിയില്‍നിന്ന് വാങ്ങുന്ന അരിയുടെ വില എന്ന് ലഭിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. സപ്തംബര്‍ 30-വരെയുള്ള സ്റ്റോക്ക് സിവില്‍സപ്ലൈസിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ സ്റ്റോക്കില്‍നിന്നാണ് ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് അഞ്ചുകിലോവീതം അരി നല്കുന്നതിന് വിദ്യാലയങ്ങള്‍ക്ക് അനുവദിച്ചത്. കേന്ദ്ര അലോട്ട്‌മെന്റ് ലഭ്യമല്ലാത്തതാണ് പെട്ടെന്ന് പ്രതിസന്ധി ഉടലെടുക്കാനിടയായത്. സപ്തംബര്‍മാസം വിദ്യാലയങ്ങള്‍ക്ക് ഉച്ചഭക്ഷണം വിതരണംചെയ്യാനുള്ള അലോട്ട്‌മെന്റാണ് ലഭിക്കാത്തത്. എന്നാല്‍, അരി എത്താത്തതാണ് സിവില്‍ സപ്ലൈസിനും ദുരിതമായത്. ഉച്ചക്കഞ്ഞിവിതരണം മുടങ്ങിയ വിദ്യാലയവും ഉണ്ട്. കഴിഞ്ഞമാസം സ്റ്റോക്കുള്ള അരി ഉപയോഗിച്ചാണ് ചില വിദ്യാലയങ്ങള്‍ പകരംസംവിധാനം നടത്തുന്നത്.

More Citizen News - Kasargod