നിര്‍മാണമേഖലയിലെ പ്രതിസന്ധി; തൊഴിലാളികള്‍ സമരത്തിലേക്ക്‌

Posted on: 13 Sep 2015കാഞ്ഞങ്ങാട്: കേരളത്തിലെ നിര്‍മാണത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍ സമരത്തിനിറങ്ങുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നിര്‍മാണ വസ്തുക്കളുടെ ക്രമാതീതമായ വിലക്കയറ്റവും കരിങ്കല്‍, ചെങ്കല്‍, മണല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും കാരണം മേഖലയിലെ പ്രതിസന്ധി കൂടിവരികയാണ്. മണ്‍സൂണ്‍ കാലത്ത് ഏര്‍പ്പെടുത്തിയ പുഴമണല്‍ വാരല്‍ നിരോധം ഇതുവരെ പിന്‍വലിക്കാത്തത് ജില്ലയിലെ പൂഴിവാരല്‍ തൊഴിലാളികളെ മാത്രമല്ല, നിര്‍മാണമേഖലയെയും ബാധിച്ചുകഴിഞ്ഞതായി നേതാക്കള്‍ പറഞ്ഞു.
മുമ്പ് നടത്തിയ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉറപ്പുനല്കിയ ക്ഷേമനിധി ആനുകൂല്യങ്ങളുടെ വര്‍ധന നടപ്പില്‍വന്നിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. സമരത്തിന് തുടക്കംകുറിച്ച് 17-ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
പത്രസമ്മേളനത്തില്‍ സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍, കെ.അമ്പാടി, ടി.നാരായണന്‍, എല്‍.കെ.ഇബ്രാഹിം, ബല്ല രാജന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod