പാഠപുസ്തകത്തിലെ കഥാകൃത്ത് കുട്ടികളുമായി സംവദിക്കാനെത്തി

Posted on: 13 Sep 2015കൂട്ടക്കനി: 'എഴാംതരത്തിലെ അടയ്ക്കപെറുക്കുന്നവര്‍' എന്ന കഥയുടെ കഥാകാരന്‍ കൂട്ടക്കനി സ്‌കൂളിലെ കുട്ടികളുമായി എഴുത്തനുഭവം പങ്കുവെക്കാനെത്തി. കഴിഞ്ഞദിവസം നടന്ന എഴാംതരം മലയാളപരീക്ഷയ്ക്ക് സന്തോഷ് ഏച്ചിക്കാനവുമായി അഭിമുഖസംഭാഷണം നടത്താനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കാനുള്ള ഒരു പ്രവര്‍ത്തനം ഉണ്ടായിരുന്നു. കുട്ടികള്‍ പരീക്ഷയ്ക്കായി ഉണ്ടാക്കിയ ചോദ്യങ്ങളുമായാണ് സന്തോഷ് ഏച്ചിക്കാനവുമായി സംവദിച്ചത്. തന്റെ ഗ്രാമജീവിതത്തിന്റെ മങ്ങാത്ത അനുഭവപാഠങ്ങളാണ് കഥയുടെ വഴികളില്‍ കൈപിടിച്ചുനടത്തിയതെന്നു സന്തോഷ് കുട്ടികളോട് പറഞ്ഞു.പരീക്ഷയ്ക്ക് തയ്യാറാക്കിയ ചോദ്യങ്ങളുമായി യഥാര്‍ഥ എഴുത്തുകാരനുമായി അഭിമുഖം നടത്താന്‍ സാധിച്ചത് കുട്ടികള്‍ക്ക് അപൂര്‍വമായ അനുഭവമാണ് നല്കിയത്. അവധിദിവസമായിട്ടുപോലും കഥാകാരനെ കാണാന്‍ എല്ലാ കുട്ടികളും അധ്യാപകരും എത്തിയിരുന്നു. സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സൗമിനി മണക്കാട്ട് അധ്യക്ഷതവഹിച്ചു. ശൈലജ, ഷീജ, സുജയ എന്നിവര്‍ നേതൃത്വം നല്കി. രാജേഷ് കൂട്ടക്കനി സ്വാഗതവും ടി.ബിന്ദു നന്ദിയും പറഞ്ഞു.

More Citizen News - Kasargod