കപ്പ വിളവെടുപ്പുമായി മലപ്പച്ചേരി എല്‍.പി. സ്‌കൂള്‍

Posted on: 13 Sep 2015കാസര്‍കോട്: മലപ്പച്ചേരി ജി.എല്‍.പി. സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും വിളവെടുപ്പ് ലഹരിയിലാണ്. സ്‌കൂള്‍വളപ്പിലെ ഒന്നരയേക്കര്‍ സ്ഥലത്തെ കപ്പക്കൃഷിയിലാണ് വിദ്യാര്‍ഥികള്‍ വിളവെടുപ്പ് തുടങ്ങിയത്. മാസങ്ങള്‍ക്കുമുമ്പ് ഹ്രസ്വ ഇനത്തില്‍പ്പെട്ട 600 കപ്പത്തണ്ടുകളാണ് നട്ടുപിടിപ്പിച്ചത്. ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് കപ്പ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തികള്‍ ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ. കമ്മിറ്റിയും സ്‌കൂള്‍ വികസനസമിതിയും കൈകോര്‍ത്താണ് കപ്പക്കൃഷിചെയ്തത്. വിളവെടുപ്പ് ഗ്രാമപ്പഞ്ചായത്തംഗം എ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു.
സ്‌കൂള്‍ പറമ്പ് കാടുകയറി നശിക്കാതിരിക്കാനും കൃഷിയില്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം ജനിപ്പിക്കാനുമാണ് കപ്പക്കൃഷി ആരംഭിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇത്തവണ ആറു ക്വിന്റല്‍ വിളവുലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. കഴിഞ്ഞതവണ നാല് ക്വിന്റല്‍ കപ്പയാണ് ലഭിച്ചത്. വിളവെടുക്കുന്ന കപ്പ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം നല്കുന്നു. സൗജന്യമായി കപ്പ വിതരണം ചെയ്യുന്നുമുണ്ട്. നാലേക്കറില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളില്‍ കപ്പയ്ക്കുപുറമെ കോവയ്ക്ക, വഴുതിന, ചേമ്പ് എന്നിവയും കൃഷിചെയ്യുന്നുണ്ട്.

More Citizen News - Kasargod