അശ്രദ്ധ അരുത്; പട്ടികളുടെ കടി ചെറുതായാല്‍ പോലും....

Posted on: 13 Sep 2015കാഞ്ഞങ്ങാട്: പട്ടികളുടെ കടിയേറ്റാല്‍ അത് ചെറുതായാല്‍ പോലും പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ പോകരുത്. അതൊന്ന് നക്കിയിട്ടേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് നിസ്സാരവത്കരിക്കുന്നവരുമുണ്ട്. കടിക്കുന്നത് പേപ്പട്ടിയാണോ എന്നൊന്നും പെട്ടെന്ന് അറിയാന്‍ പറ്റില്ല. തെരുവുനായയ്ക്ക് പേയിളകിയിട്ടുണ്ടെങ്കിലും അത് ഗുരുതരമാകുന്നതിന് മുമ്പേ ആളുകളെ കടിക്കാം. പിന്നീട് ഓടി മറയുന്ന ആ പട്ടി കുറ്റിക്കാടുകളിലോ മറ്റോ ഓടിമറഞ്ഞ് ചത്തുപോകുന്നത് പക്ഷേ, പലരും ശ്രദ്ധിക്കില്ല. അതുകൊണ്ടുതന്നെ മുന്‍കരുതലെന്നോണം ഏത് തെരുവുനായ കടിച്ചാലും നക്കിയാലും ഡോക്ടറെ കാണിക്കാനും ആവശ്യമായ ചികിത്സ തേടാനും ഒട്ടും വൈകരുത്.
പേ വിഷബാധ(റാബിസ്) ഗുരുതരമായ രോഗമാണ്. എന്നാല്‍ പ്രതിരോധ കുത്തിവെപ്പിലൂടെ ഇത് പൂര്‍ണമായും തടയാം. പേ വിഷബാധയുള്ള മൃഗങ്ങളുടെ കടിയേല്‍ക്കുന്ന ഒരാള്‍ക്ക് അപ്പോള്‍ത്തന്നെ വിഷബാധ ഉണ്ടാകുന്നില്ല. നാലു ദിവസം മുതല്‍ മൂന്ന് മാസം വരെയുള്ള കാലയളവിലാണ് വിഷബാധ നമ്മുടെ ശരീരത്തെ കീഴടക്കുന്നത്. പട്ടികള്‍ക്ക് പുറമെ പൂച്ച, കീരി, പെരുച്ചാഴി, അണ്ണാന്‍ എന്നിവയുടെ കടിയേറ്റാലും പ്രതിരോധ കുത്തിവെപ്പിന് താമസം വേണ്ട. പേവിഷബാധയുള്ള വന്യമൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുടെ ഉമിനീരില്‍ നിന്നാണ് രോഗം പകരുന്നത്. റാബിസ് വൈറസുകള്‍ മനുഷ്യരിലേക്ക് മാത്രമല്ല, കടിയേല്‍ക്കുന്ന മറ്റു മൃഗങ്ങളിലും ബാധിക്കും. കടിയേല്‍ക്കണമെന്ന് നിര്‍ബന്ധമില്ല, പേവിഷബാധയേറ്റ മൃഗങ്ങള്‍ നക്കിയാലും മതി. പൂച്ചയും അണ്ണാനും മാന്തിയാലും രോഗം പകരും. കാരണം നഖം എപ്പോഴും നക്കി വൃത്തിയാക്കുന്ന ജന്തുക്കളാണിവ. ഇവയുടെ ഉമിനീര് നഖങ്ങളില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. പേടിച്ചരണ്ട് ഓടുക, അമിതമായി ഉമിനീര് ഒലിപ്പിക്കുക, ആക്രമിക്കുക, ഭക്ഷണം കഴിക്കാന്‍ പ്രയാസപ്പെടുക എന്നീ ലക്ഷണങ്ങളാണ് പേവിഷബാധയേറ്റ മൃഗങ്ങള്‍ കാണിക്കുക

More Citizen News - Kasargod