കൈക്കുഞ്ഞുങ്ങളുമായി ഇവര്‍ കാത്തുനിന്നു

Posted on: 12 Sep 2015കാഞ്ഞങ്ങാട്: ഇരിയ ഏഴാംമൈലിലെ പ്രമോദിന്റെ ഭാര്യ ശ്രീജയും അജാനൂര്‍ മാണിക്കോത്തെ സുഹറയും കള്ളാറിലെ സിന്ധുവും കൈക്കുഞ്ഞുങ്ങളുമായി ജില്ലാ ആസ്​പത്രി വരാന്തയില്‍ വെള്ളിയാഴ്ച കാത്തുനിന്നത് മണിക്കൂറുകളോളം. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ച് ഈ അമ്മമാര്‍ അറിയുന്നത് ആസ്​പത്രിയില്‍ എത്തിയപ്പോഴാണ്.
പ്രസവശുശ്രൂഷയില്‍ കഴിയുന്ന ശ്രീജ ഡോക്ടറുടെ മുന്‍ നിര്‍ദേശമനുസരിച്ചായിരുന്നു ഓട്ടോയില്‍ വെള്ളിയാഴ്ച പിഞ്ചുകുഞ്ഞുമായി ജില്ലാ ആസ്​പത്രിയില്‍ എത്തിയത്. സഹായത്തിന് അച്ഛനെയും അമ്മയെയും ഒപ്പം കൂട്ടിയിരുന്നു. അപ്പോഴാണ് അറിയുന്നത് ഇവര്‍ക്ക് കാണേണ്ട ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന്. കാഷ്വാലിറ്റിയിലെ ഡോക്ടറെ ചെന്നുകണ്ടെങ്കിലും അടുത്തദിവസംവന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടറെതന്നെ കണ്ട് ചികിത്സതേടാനുള്ള നിര്‍ദേശമാണ് കിട്ടിയത്. ഗത്യന്തരമില്ലാതെ അവര്‍ തിരിച്ചുപോയി. ഇങ്ങനെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണാനെത്തിയ ഒട്ടേറെ പേരാണ് ഡോക്ടര്‍മാരുടെ പണിമുടക്കുകാരണം ജില്ലാ ആസ്​പത്രിയില്‍ ചികിത്സ കിട്ടാതെ തിരിച്ചുപോയത്. സമരം കാരണം വെള്ളിയാഴ്ച ആസ്​പത്രിയിലെ ഒറ്റ ഒ.പി.പോലും പ്രവര്‍ത്തിച്ചില്ല. ഇതുകാരണം കാഷ്വാലിറ്റിയില്‍ തിരക്കുകൂടി. വിദഗ്ധചികിത്സ വേണ്ടിവരുന്ന പലരോടും അടുത്തദിവസംവന്ന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണാനുള്ള നിര്‍ദേശമാണ് ലഭിച്ചത്.
ആസ്​പത്രി കാഷ്വാലിറ്റിയില്‍ ഉച്ചയ്ക്ക് ഒരുമണിവരെ 120 രോഗികളെ പരിശോധിച്ചതായി ആസ്​പത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ പറഞ്ഞു. പെട്ടെന്നുള്ള പണിമുടക്കായതിനാല്‍ പകരം സംവിധാനമൊരുക്കാന്‍ സമയം ലഭിച്ചില്ലെന്നും സൂപ്രണ്ട് പറഞ്ഞു. ചികിത്സ കിട്ടാതെ ആര്‍ക്കും മടങ്ങിപ്പോകേണ്ടിവന്നിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.

More Citizen News - Kasargod