വെസ്റ്റ് എളേരിയില്‍ 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു

Posted on: 12 Sep 2015


7

കാസര്‍കോട്:
വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണുന്നതിന് 200 മഴവെള്ള സംഭരണികള്‍ ഒരുങ്ങുന്നു. ജലവിഭവവകുപ്പിന്റെ കീഴിലുള്ള മഴകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സംഭരണികള്‍ ഒരുങ്ങുന്നത്. സപ്തംബര്‍ 30-ഓടെ മുഴുവന്‍ മഴവെള്ള സംഭരണികളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ഓരോവീട്ടിലും 10,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത്. വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് ഊര്‍ന്നുപോകുന്ന വെള്ളം ശുദ്ധീകരിച്ച് ടാങ്കിലേക്ക് എത്തിക്കും. ടാങ്കില്‍നിന്ന് നേരിട്ട് വീട്ടിലെ ടാപ്പുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് മഴവെള്ളസംഭരണിയുടെ പ്രവര്‍ത്തനം. ഒരു വീട്ടില്‍ മഴവെള്ളസംഭരണി സ്ഥാപിക്കുന്നതിന് 39,500 രൂപയാണ് ചെലവ്. ഇതില്‍ 90 ശതമാനം വകുപ്പ് വഹിക്കും. അവശേഷിക്കുന്ന 10 ശതമാനം തുകയാണ് ഗുണഭോക്താവ് വഹിക്കേണ്ടത്. ഗുണഭോക്താവ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെങ്കില്‍ അഞ്ചുശതമാനം തുക മാത്രം വഹിച്ചാല്‍ മതി. ഗ്രാമസഭകള്‍ വഴിയാണ് ഇതിന്റെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ജില്ലയില്‍ മംഗല്‍പ്പാടി ഗ്രാമപ്പഞ്ചായത്തിലും ഇവിടെയുമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് മുന്‍ഗണനനല്കിക്കൊണ്ടാണ് മഴകേന്ദ്രംപദ്ധതി നടപ്പാക്കുന്നത്.

More Citizen News - Kasargod