'ഉമ്മ, ന്ച്ച് നെലത്ത്രിക്കണ്ടാ', പേടിമാറാതെ മെഹ്‌റൂഫ...

Posted on: 12 Sep 2015നായകള്‍ നാടുവാഴുന്നു


കാസര്‍കോട്: കുഞ്ഞുകാലുകളില്‍ നിറയെ ചോര, നായയുടെ പല്ല് ആഴ്ന്നിടത്ത് മണിക്കൂറൊന്നു കഴിഞ്ഞിട്ടും രക്തം പൊടിഞ്ഞുകൊണ്ടിരിക്കുന്നു. വേദനിച്ചിട്ടും കുഞ്ഞു മെഹ്‌റൂഫ കടികിട്ടിയ കാലിലേക്ക് നോക്കുന്നില്ല. പക്ഷെ, അവളുടെ കണ്ണുകള്‍ ആ പേടി മുഴുവന്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. ചുറ്റും കൂടിയവരെയെല്ലാം പേടിയോടെ നോക്കുന്നു.
ഇതിനിടയില്‍ അമ്മാവനില്‍നിന്ന് അമ്മയുടെ ൈകയിലേക്കെത്തിയപ്പോള്‍ അവളൊന്നു തേങ്ങി 'ഉമ്മ, ന്ച്ച് നെലത്ത്രിക്കണ്ടാ...'
മഞ്ചേശ്വരം പാവൂരിലെ യൂസഫിന്റെയും ഫൗസിയയുടെയും മകളായ നാലുവയസ്സുകാരി മെഹ്‌റൂഫ, വെള്ളിയാഴ്ച രാവിലെ അയല്‍പക്കത്തെ ബന്ധുവിന്റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അലഞ്ഞുനടന്ന തെരുവുനായകളിലൊന്ന് പാഞ്ഞുവന്ന് മെഹ്‌റൂഫയുടെ ഇടതുകാലില്‍ കടിച്ചത്. കുഞ്ഞിന്റെ കരച്ചില്‍കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ നായ കടിച്ചുവലിക്കുന്നതാണ് കണ്ടത്. ബഹളംകേട്ട് നായ കുഞ്ഞിനെവിട്ട് ഓടിയൊളിച്ചു.

വാവിട്ടുനിലവിളിച്ച കുഞ്ഞിനെയുമെടുത്ത് ഫൗസിയയും സഹോദരന്‍ അസീസ് സഖാഫിയും മഞ്ചേശ്വരം പ്രാഥമികകേന്ദ്രത്തിലേക്കാണ് പോയത്. മെഹ്‌റൂഫയുടെ ഉപ്പ യൂസഫ് ഈസമയം െബംഗളൂരുവിലായിരുന്നു. പ്രാഥമികകേന്ദ്രത്തില്‍നിന്ന് ഇന്‍ജക്ഷന്‍ എടുത്തശേഷം കാസര്‍കോട് ജനറല്‍ ആസ്​പത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ആസ്​പത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാരെല്ലാം സമരത്തില്‍, അത്യാഹിതവിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീണ്ടും ഇന്‍ജക്ഷനെടുത്ത് ആസ്​പത്രിയില്‍ അഡ്മിറ്റുചെയ്തു.

മെഹ്‌റൂഫയെ കൂടാതെ വെള്ളിയാഴ്ച രാവിലെ മഞ്ചേശ്വരം മച്ചംപാടിയിലെ ഇബ്രാഹിമന്റെ മൂന്നരവയസ്സായ മകള്‍ നബീസത്ത് തസ്രിയയ്ക്ക് പരിക്കേറ്റു. കുട്ടിയുടെ പിന്‍ഭാഗത്താണ് നായ കടിച്ചത്. മംഗലാപുരം കങ്കനാടി ആസ്​പത്രിയിലാണ് തസ്രിയയെ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് കല്യാണ്‍നഗറിലെ ജയപ്രദ-ഗംഗാധരന്‍ ദമ്പതിമാരുടെ മകള്‍ രണ്ടരവയസ്സുകാരി ദിയ, ദിനേശ്കുമാര്‍, അഞ്ജന (18) എന്നിവര്‍ക്കും വെള്ളിയാഴ്ച തെരുവുനായ്ക്കളുടെ കടിയേറ്റു.

More Citizen News - Kasargod